*ആലപ്പി റിപ്പിൾസിനെതിരെ മികച്ച സ്കോറുയർത്തി ട്രിവാൺഡ്രം റോയൽസ്*

Keralanewsmedia

*ആലപ്പി റിപ്പിൾസിനെതിരെ മികച്ച സ്കോറുയർത്തി ട്രിവാൺഡ്രം റോയൽസ്*

*ആലപ്പി റിപ്പിൾസിനെതിരെ മികച്ച സ്കോറുയർത്തി ട്രിവാൺഡ്രം റോയൽസ്*

കെസിഎല്ലിൽ അദാനി ട്രിവാൺഡ്രം റോയൽസിനെതിരെ ആലപ്പി റിപ്പിൾസിന് 179 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസെടുത്തത്. 

വലിയൊരു തകർച്ചയോടെ തുടങ്ങിയ ട്രിവാൺഡ്രം റോയൽസിന് ക്യാപ്റ്റൻ കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സാണ് കരുത്തായത്. എം നിഖിലിൻ്റെയും അബ്ദുൾ ബാസിദിൻ്റെയും നിർണ്ണായക സംഭാവനകൾ കൂടി ചേർന്നതോടെയാണ് റോയൽസ് മികച്ച സ്കോർ സ്വന്തമാക്കിയത്. തൻ്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുമായി ആഞ്ഞടിച്ച കൌമാര താരം ആദിത്യ ബൈജു ആലപ്പിയ്ക്ക് മികച്ച തുടക്കമാണ് നല്കിയത്. ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തുകളിൽ എസ് സുബിനെയും റിയ ബഷീറിനെയും പുറത്താക്കിയതോടെ രണ്ട് വിക്കറ്റിന് എട്ട് റൺസെന്ന നിലയിലായിരുന്നു റോയൽസ്. ഒരു സിക്സറോടെ അക്കൌണ്ട് തുറന്നെങ്കിലും ഇല്ലാത്ത റണ്ണിനായോടി ഗോവിന്ദ് ദേവ് പൈയും നാലാം ഓവറിൽ പുറത്തായി.

തകർച്ച മുന്നിൽക്കണ്ട റോയൽസിനെ കൃഷ്ണപ്രസാദും അബ്ദുൾ ബാസിദും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. പത്താം ഓവറിലെ അവസാന പന്തിലാണ് 30 റൺസെടുത്ത അബ്ദുൾ ബാസിദ് പുറത്തായത്. അപ്പോൾ നാല് വിക്കറ്റിന് 66 റൺസെന്ന നിലയിലായിരുന്നു റോയൽസ്. 15ആം ഓവറിലായിരുന്നു റോയൽസിൻ്റെ സ്കോർ 100 കടന്നത്. എന്നാൽ തുടർന്നുള്ള അഞ്ച് ഓവറുകളിൽ കൃഷ്ണപ്രസാദും നിഖിലും ചേർന്ന് കൂറ്റനടികളിലൂടെ കളിയുടെ ഗതി മാറ്റി. അഞ്ചാം വിക്കറ്റിൽ 98 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഓപ്പണറായി ഇറങ്ങിയ കൃഷ്ണപ്രസാദ് 53 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 67 റൺസുമായി പുറത്താകാതെ നിന്നു. നിഖിൽ 31 പന്തുകളിൽ നിന്ന് 42 റൺസെടുത്തു. നിഖിൽ പുറത്തായപ്പോൾ എത്തിയ അഭിജിത് പ്രവീൺ വെറും നാല് പന്തുകളിൽ രണ്ട് സിക്സടക്കം 12 റൺസുമായി പുറത്താകാതെ നിന്നു.