*ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ നിർമല സീതാരാമൻ പരാമർശിച്ച പേര്; മണിക്കൂറുകൾക്കുള്ളിൽ ആ ഗ്രാമത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ബല്ലൻ ഗ്രാമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ത്?*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ നിർമല സീതാരാമൻ പരാമർശിച്ച പേര്; മണിക്കൂറുകൾക്കുള്ളിൽ ആ ഗ്രാമത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ബല്ലൻ ഗ്രാമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ത്?*
*ന്യൂഡൽഹി* : കേന്ദ്രബജറ്റ് അവതരണത്തിന്റെയും അതിനുശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിന്റെയും ഇടയിൽ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. 2026–27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, “മാഘപൗർണമിയുടെയും ഗുരു രവിദാസിന്റെ ജന്മവാർഷികത്തിന്റെയും പുണ്യദിനത്തിൽ ബജറ്റ് അവതരിപ്പിക്കുന്നു” എന്ന പരാമർശത്തോടെയാണ് പ്രസംഗം ആരംഭിച്ചത്.ബജറ്റ് അവതരണം കഴിഞ്ഞ് നാല് മണിക്കൂറിനുള്ളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി രവിദാസിയ സമുദായത്തിന്റെ ആത്മീയ ആചാര്യനായ ഗുരു രവിദാസിന്റെ ജന്മസ്ഥലം സന്ദർശിക്കുകയും ചെയ്തു.
ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പഞ്ചാബിലെ ജലന്തറിലെ ആദംപുർ വിമാനത്താവളത്തിലെത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി, ആദംപുർ വിമാനത്താവളത്തിന് രവിദാസിയ സമുദായത്തിന്റെ ആത്മീയ ആചാര്യനായ ഗുരു രവിദാസിന്റെ പേര് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ പ്രധാനമന്ത്രി പഞ്ചാബിലെ ബല്ലൻ ഗ്രാമത്തിലേക്ക് പുറപ്പെട്ടു.
പഞ്ചാബിലെ ദലിത് വിഭാഗത്തിൽപ്പെടുന്ന രവിദാസിയ സമൂഹത്തിന്റെ ആചാര്യനാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും തത്വചിന്തകനുമായ ഗുരു രവിദാസ്. ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി 1-നായിരുന്നു അദ്ദേഹത്തിന്റെ ജന്മവാർഷികം എന്നതും ശ്രദ്ധേയമാണ്.
ജലന്തറിന് സമീപമുള്ള ബല്ലൻ ഗ്രാമത്തിലെ ദേര സച്ച്ഖണ്ഡ് സന്ദർശിച്ച പ്രധാനമന്ത്രി, ഗുരു രവിദാസിന്റെ ആശയങ്ങളിൽ നിന്നുള്ള പ്രചോദനമാണ് “2047ഓടെ വികസിത ഇന്ത്യ” എന്ന കാഴ്ചപ്പാടിന് അടിത്തറയായതെന്ന് പ്രസംഗത്തിൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പത്മ അവാർഡുകളിൽ ദേര സച്ച്ഖണ്ഡ് മേധാവി സന്ത് നിരഞ്ജൻ ദാസിന് പത്മശ്രീ നൽകിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനമെന്നതും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഗുരു രവിദാസിന്റെ പേരിൽ ആരംഭിച്ച ബജറ്റ് പ്രസംഗവും അതിനു പിന്നാലെ പ്രധാനമന്ത്രി നേരിട്ട് പഞ്ചാബിലെത്തി രവിദാസിയ സമൂഹവുമായി ബന്ധം ശക്തിപ്പെടുത്തിയതും യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തൽ. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങളെന്ന അഭിപ്രായവും ശക്തമാകുന്നു.













