വിഴിഞ്ഞത്തിന്റെ വളർച്ചയും തിരുവനന്തപുരം നഗരത്തിന്റെ സുരക്ഷാ തയ്യാറെടുപ്പും

റിപ്പോർട്ട്‌ :കിരൺ എസ്. പിള്ളൈ

വിഴിഞ്ഞത്തിന്റെ വളർച്ചയും തിരുവനന്തപുരം നഗരത്തിന്റെ സുരക്ഷാ തയ്യാറെടുപ്പും

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :കിരൺ എസ്. പിള്ളൈ

വിഴിഞ്ഞത്തിന്റെ വളർച്ചയും തിരുവനന്തപുരം നഗരത്തിന്റെ സുരക്ഷാ തയ്യാറെടുപ്പും

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ വലിയ മാറ്റം സൃഷ്ടിക്കാൻ പോകുന്ന പദ്ധതിയാണ്. കണ്ടെയ്നറുകൾ, കപ്പൽ ഗതാഗതം, തൊഴിൽ അവസരങ്ങൾ, നിക്ഷേപം എന്നിവയെക്കുറിച്ചാണ് കൂടുതലായി സംസാരിക്കുന്നത്. എന്നാൽ വലിയ അടിസ്ഥാനസൗകര്യ വികസനങ്ങൾ പണം മാത്രമല്ല, നഗരങ്ങളുടെ സുരക്ഷ കൂടിയാണ്. അതിനാൽ വിഴിഞ്ഞം വളരുമ്പോൾ തിരുവനന്തപുരം കുറ്റകൃത്യങ്ങൾ തടയാൻ എത്രത്തോളം തയ്യാറാണ് എന്ന ചോദ്യം ഇപ്പോൾ തന്നെ ഉയർത്തേണ്ടതാണ്.

ഒരു വലിയ തുറമുഖം പ്രവർത്തനം ആരംഭിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ സ്വഭാവം പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമാകുന്നു. സാധാരണ മോഷണം, ചെറിയ സംഘർഷങ്ങൾ എന്നതിലുപരി സിസ്റ്റം അധിഷ്ഠിത കുറ്റകൃത്യങ്ങൾ ഉയരും. ചരക്കുകളുടെ മൂല്യം, കസ്റ്റംസ് പ്രക്രിയകൾ, ട്രാൻസ്പോർട്ട് ചെയിൻ എന്നിവ ഉൾപ്പെടുന്ന ഇടങ്ങളിൽ രേഖാപരമായ തട്ടിപ്പുകൾ, ഇൻവോയ്സ് വ്യത്യാസങ്ങൾ, അനധികൃത ചരക്ക് മാറ്റം തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംഭവിക്കാം. ഇത് നേരിട്ട് കാണാൻ കഴിയാത്ത കുറ്റകൃത്യങ്ങളാണ്. ഡാറ്റയും രേഖകളും വഴിയാണ് ഇവ പ്രവർത്തിക്കുന്നത്.

ട്രക്ക് ഗതാഗതം കൂടുന്നത് മറ്റൊരു വെല്ലുവിളിയാണ്. വിഴിഞ്ഞത്തിൽ നിന്ന് സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും നിരന്തരമായി ചരക്കുകൾ നീങ്ങുമ്പോൾ ഹൈവേകളിലും നഗരപരിധികളിലും ട്രക്ക് പാർക്കിംഗ് പ്രശ്നങ്ങൾ ഉയരും. ഇന്ധന മോഷണം, അനധികൃത പിരിവ്, ലോഡ് ഡൈവർഷൻ, വ്യാജ ഡോക്യുമെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ തടയാൻ ഗതാഗത നിരീക്ഷണവും പ്രത്യേക പട്രോളിംഗും ശക്തമാക്കണം.

തൊഴിലാളി വരവ് കൂടുമ്പോൾ സാമൂഹിക സുരക്ഷാ പ്രശ്നങ്ങളും ഉയരാം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ, 24 മണിക്കൂർ പ്രവർത്തനം, രാത്രി വ്യാപാര വളർച്ച എന്നിവയോടെ പുതിയ സാമൂഹിക ഇടപെടലുകൾ രൂപപ്പെടും. ചെറിയ തർക്കങ്ങൾ, മദ്യവു മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ലൊക്കൽ-ഔട്ട്‌സൈഡർ സംഘർഷങ്ങൾ എന്നിവ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ഇത് നിയമപരമായ പ്രശ്നo മാത്രമല്ല, സാമൂഹിക മാനേജ്മെന്റിന്റെ വിഷയവുമാണ്.

തിരുവനന്തപുരം ഒരു ഐടി നഗരം എന്ന നിലയിൽ ചില സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ലോജിസ്റ്റിക് കേന്ദ്രമായി മാറുമ്പോൾ വേറൊരു രീതിയിലുള്ള തയ്യാറെടുപ്പ് വേണം. തുറമുഖം, പോലീസ്, നഗരസഭ, ഗതാഗത വകുപ്പ്, കസ്റ്റംസ് എന്നിവ തമ്മിൽ ഏകോപനം നിർണായകമാണ്. വകുപ്പുകൾ തമ്മിലുള്ള വിവരo പങ്കിടൽ ദ്രുതഗതിയിലായിരിക്കണം.

സിസിടിവി നെറ്റ് വർക്കുകൾ നഗരമധ്യത്തിലേയ്ക്ക് മാത്രമല്ല, ലോജിസ്റ്റിക് കോറിഡോറുകളിലേക്കും വ്യാപിപ്പിക്കണം. ട്രക്ക് പാർക്കിംഗ് സോണുകൾ നിർദ്ദിഷ്ട മേഖലകളിൽ ക്രമീകരിക്കണം. തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനം ഡിജിറ്റൽ ആക്കണം. നിയമ വിരുദ്ധ പ്രവർത്തന പാറ്റേണുകൾ കണ്ടെത്താൻ ഡാറ്റ അനലിറ്റിക്സ് ഉപയോഗിക്കണം.

കുറ്റകൃത്യങ്ങളെ തടയാനുള്ള ഏറ്റവും പ്രധാന ഘടകം മുൻകരുതലാണ്. കുറ്റം സംഭവിച്ചതിന് ശേഷം പ്രതികരിക്കുന്നത് മാത്രം പോരാ. അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയണം. ഉദാഹരണത്തിന്, രാത്രിയിൽ ചരക്ക് ഗതാഗതം കൂടുതലുള്ള മേഖലകൾ പ്രത്യേക നിരീക്ഷണത്തിലാക്കാം. വലിയ കാഷ് ഇടപാടുകൾ നടക്കുന്ന മേഖലകളിൽ സാമ്പത്തിക നിരീക്ഷണം ശക്തമാക്കാം.

സുരക്ഷയെ ഭയത്തിന്റെ ഭാഷയിൽ മാത്രം കാണേണ്ടതില്ല. ശരിയായ തയ്യാറെടുപ്പ് ഉണ്ടെങ്കിൽ വളർച്ചയും സുരക്ഷയും ഒരുമിച്ച് മുന്നേറാം. വിഴിഞ്ഞം തിരുവനന്തപുരം സാമ്പത്തികമായി ശക്തമാക്കുമെങ്കിൽ, അതിനൊപ്പം സുരക്ഷാ ഘടനയും സാങ്കേതികമായി മെച്ചപ്പെടുത്തേണ്ടതാണ്.

ഒരു തുറമുഖം വളരുന്നത് ഒരു നഗരത്തിന്റെ ചരിത്രത്തിൽ ഒരു തിരുമാനഘട്ടമാണ്. എന്നാൽ ആ വളർച്ച സ്ഥിരതയുള്ളതാകാൻ നഗരത്തിന്റെ സുരക്ഷാ ബോധവും അത്രമേൽ വളരേണ്ടതുണ്ട്.

വിഴിഞ്ഞം കേരളത്തിന് അവസരമാണ്. എന്നാൽ ആ അവസരം ഉറപ്പുള്ളതാകാൻ തിരുവനന്തപുരം സുരക്ഷാ സംവിധാനങ്ങളെ പുതുക്കിപ്പണിയേണ്ട സമയമാണിത്.