വർക്കല–നടയറ മേഖലയിൽ കൊള്ളപ്പലിശക്കെതിരെ കടുത്ത മുന്നറിയിപ്പ്: നടയറ സ്വദേശി നജീബിനെതിരെ കേസ്
വർക്കല–നടയറ മേഖലയിൽ കൊള്ളപ്പലിശക്കെതിരെ കടുത്ത മുന്നറിയിപ്പ്: നടയറ സ്വദേശി നജീബിനെതിരെ കേസ്
വർക്കല–നടയറ മേഖലകൾ കേന്ദ്രീകരിച്ച് മണിലൻഡർ ലൈസൻസ് ഇല്ലാതെ കൊള്ളപ്പലിശയ്ക്ക് പണം നൽകിയതായുള്ള ഗുരുതര പരാതിയിൽ നടയറ സ്വദേശി നജീബ് എന്ന വ്യക്തിക്കെതിരെ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എഫ്.ഐ.ആർ. നമ്പർ 10/2025 (വർക്കല പോലീസ് സ്റ്റേഷൻ) പ്രകാരം, 100 രൂപയ്ക്ക് 15 രൂപ വരെ മാസപ്പലിശ ഈടാക്കി, സാധാരണക്കാരെ ഭീഷണിപ്പെടുത്തിയും ബലപ്രയോഗം നടത്തിയും വീടുകളുടെ പ്രമാണങ്ങൾ, വാഹനങ്ങൾ, ബ്ലാങ്ക് ചെക്കുകൾ, ബ്ലാങ്ക് മുദ്രപത്രങ്ങൾ എന്നിവ കൈപ്പറ്റി അനധികൃതമായി പണം നൽകിയെന്നതാണ് കേസ്.
മണിലൻഡർ ലൈസൻസ് ഇല്ലാതെ നടത്തുന്ന ഇത്തരം കൊള്ളപ്പലിശ ഇടപാടുകൾ ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും, ഇതിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരു ഇളവുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ബി.എൻ.എസ്. സെക്ഷൻ 316(2), 318(4) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
ഇത് വർക്കല–നടയറ മേഖലയിലെ പൊതുജനങ്ങൾക്ക് കടുത്ത മുന്നറിയിപ്പാണ്.
ലൈസൻസ് ഇല്ലാത്ത മണിലൻഡർമാരിൽ നിന്ന് പണം വാങ്ങുന്നതും, പ്രമാണങ്ങൾ, വാഹനങ്ങൾ, ചെക്കുകൾ എന്നിവ കൈമാറുന്നതും സ്വന്തം ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിക്കും. ഇത്തരത്തിലുള്ള നിയമവിരുദ്ധ പലിശ ഇടപാടുകളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഭയപ്പെടാതെ ഉടൻ പോലീസിൽ അറിയിക്കണം.
കൊള്ളപ്പലിശക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വർക്കല പോലീസ് മുന്നറിയിപ്പ് നൽകി













