*കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : നറുക്കെടുപ്പ് നടത്തി*

Keralanewsmedia

*കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : നറുക്കെടുപ്പ് നടത്തി*

PRESS RELEASE 17/10/2025

*കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : നറുക്കെടുപ്പ് നടത്തി*

 

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തി. വിവരങ്ങള്‍ ചുവടെ:  

*സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും*

പട്ടികജാതി സ്ത്രീ സംവരണം 46-ഉദയമാര്‍ത്താണ്ഡപുരം

പട്ടികജാതി സ്ത്രീ സംവരണം 52-തിരുമുല്ലവാരം

പട്ടികജാതി സംവരണം 15-ആശ്രാമം

പട്ടികജാതി സംവരണം 26-പാല്‍കുളങ്ങര

സ്ത്രീ സംവരണം 2-ശക്തികുളങ്ങര

സ്ത്രീ സംവരണം 4-കാവനാട്

സ്ത്രീ സംവരണം 5-വള്ളികീഴ്

സ്ത്രീ സംവരണം 9-അഞ്ചാലുംമൂട് വെസ്റ്റ്

സ്ത്രീ സംവരണം 11-കടവൂര്‍

സ്ത്രീ സംവരണം 13-തേവള്ളി

സ്ത്രീ സംവരണം 16-ഉളിയക്കോവില്‍

സ്ത്രീ സംവരണം 20-കല്ലുംതാഴം

സ്ത്രീ സംവരണം 21-മങ്ങാട്

സ്ത്രീ സംവരണം 27-അമ്മന്‍നട

സ്ത്രീ സംവരണം 29-പള്ളിമുക്ക്

സ്ത്രീ സംവരണം 30-അയത്തില്‍

സ്ത്രീ സംവരണം 31-കിളികൊല്ലൂര്‍

സ്ത്രീ സംവരണം 33-പാലത്തറ

സ്ത്രീ സംവരണം 37-വാളത്തുങ്കല്‍

സ്ത്രീ സംവരണം 39-തെക്കുംഭാഗം

സ്ത്രീ സംവരണം 40-ഇരവിപുരം

സ്ത്രീ സംവരണം 41-ഭരണിക്കാവ്

സ്ത്രീ സംവരണം 42-തെക്കേവിള

സ്ത്രീ സംവരണം 43-മുണ്ടക്കല്‍

സ്ത്രീ സംവരണം 45-കന്റോണ്‍മെന്റ്

സ്ത്രീ സംവരണം 48-പോര്‍ട്ട്

സ്ത്രീ സംവരണം 49-കൈക്കുളങ്ങര

സ്ത്രീ സംവരണം 50-കച്ചേരി

സ്ത്രീ സംവരണം 51-തങ്കശ്ശേരി

സ്ത്രീ സംവരണം 54-ആലാട്ടുകാവ്

(പി.ആര്‍.കെ നമ്പര്‍ 3059/2025)

*പട്ടാഴി പഞ്ചായത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍*

പട്ടാഴി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മികച്ചനിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. സുജിന്‍ ഓഡിറ്റോറിയത്തില്‍ പട്ടാഴി ഗ്രാമപഞ്ചായത്ത് വികസനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് അംഗനവാടികള്‍, റോഡുകള്‍, കുടിവെള്ളം തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വികസന പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ ആദരിച്ചു.

ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി 8.35 കോടി രൂപയും അല്ലാത്തവയ്ക്ക് നിര്‍മ്മാണത്തിനായി 3.75 കോടി രൂപയും നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 117 വീടുകള്‍ നല്‍കി. കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സോളാര്‍ വേലി സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പിലാക്കി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 41 പദ്ധതികള്‍ക്കായി 36 ലക്ഷം രൂപ ലഭ്യമാക്കി.

കിഫ്ബി സഹായത്തോടെ ഗ്രാമപഞ്ചായത്തില്‍ ഒരുകോടി രൂപയുടെ വാതക ശ്മശാനം ലഭ്യമാക്കി. പട്ടാഴി പി എച്ച് സി ക്ക് ആവശ്യമായ ലാബ് സൗകര്യങ്ങള്‍, മരുന്നുകള്‍, 12 ലക്ഷം രൂപയുടെ ജനറേറ്റര്‍ ലഭ്യമാക്കി. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി 4.25 കോടി രൂപ ചെലവഴിച്ചു. പദ്ധതി വഴി സ്മാര്‍ട്ട് സ്‌കൂള്‍, സ്മാര്‍ട്ട് അംഗനവാടികള്‍ക്ക് വേണ്ടി ആറു കോടി രൂപ നല്‍കി. സമ്പൂര്‍ണ്ണ വെളിച്ചം പദ്ധതി വഴി 4000 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി സി.കെ.അജയകുമാര്‍ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ഐ.അനിതകുമാരി അവതരിപ്പിച്ചു.

ഹരിതകര്‍മ്മ സേനാംഗങ്ങളെ അധ്യക്ഷനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അശോകന്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനന്ദുപിള്ള, സ്ഥിരം സമിതി അംഗങ്ങളായ സജീവ് കല്ലൂര്‍, ജെയിന്‍ ജോയ്, പഞ്ചായത്ത് അംഗങ്ങളായ അനി മാത്യു, രമ്യ ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3060/2025)

*പട്ടാഴി വടക്കേക്കര വികസന സദസ്*

*ഗ്രാമീണ റോഡുകളില്‍ മിനി ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍*

പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ നിര്‍മിച്ച 504 പുതിയ ഗ്രാമീണ റോഡുകളില്‍ മിനി ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ വികസനസദസ് കടുവത്തോട് പട്ടാഴി വടക്കേക്കര മുസ്ലിം ജമാഅത്ത് മദ്രസ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എ. ശിഹാബുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് വിവിധ മേഖലകളിലായി 200,712,799 രൂപ വികസനപദ്ധതികള്‍ക്കും സബ്‌സിഡി ആനുകൂല്യങ്ങള്‍ക്കുമായി ചിലവഴിച്ചു. ദേശീയ ഗ്രാമീണതൊഴിലുറപ്പ്പദ്ധതി പ്രകാരം 20.28 കോടി രൂപ ചിലവഴിച്ചു. ഭവനനിര്‍മ്മാണ പദ്ധതികള്‍, വയോജനങ്ങള്‍, ഭിന്നശേഷിവിഭാഗങ്ങള്‍ എന്നിവരുടെ സാമൂഹ്യസുരക്ഷയ്ക്ക് ഊന്നല്‍നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കി.

വികസന സദസിനോടനുബന്ധിച്ച് തൊഴില്‍മേളയും വിപണനമേളയും നടത്തി. കോവിഡ് സമയത്ത് മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ച പ്രാഥമിക ആരോഗ്യകേന്ദ്രം, മികച്ച അംഗന്‍വാടിക്കുള്ള അവാര്‍ഡ് നേടിയ ഏറനാട് അംഗന്‍വാടി, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയവര്‍ എന്നിവരെ ആദരിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. രമാദേവി അധ്യക്ഷയായി, വൈസ് പ്രസിഡന്റ് എസ്. മസൂദ്ഖാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുനിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രതി ബി, സ്ഥിരംസമിതി അധ്യക്ഷരായ അശ്വതി എം.ജി, ശോഭന ശശിധരന്‍, പട്ടാഴി വടക്കേക്കര എസ്.സി.ബി. പ്രസിഡന്റ് ബി. സുനില്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഒ ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3061/2025)

*വിളക്കുടി വികസന സദസ്*

 

*പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും- മന്ത്രി കെ.ബി ഗണേഷ് കുമാര്‍*

  പത്തനാപുരം താലൂക്ക് ആശുപത്രിയുടെനിര്‍മ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വിളക്കുടി ഗ്രാമപഞ്ചായത്തിലെ വികസന സദസ് കുന്നിക്കോട് സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നിക്കോട്, ഇളമ്പല്‍, വിളക്കുടി തുടങ്ങി പത്തനാപുരം മണ്ഡലത്തിലെ നൂറിലധികം കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കെട്ടിടമായി. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഓടും ഷീറ്റും ഇട്ടിരുന്ന എല്ലാ അങ്കണവാടികളും സ്മാര്‍ട്ട് ആയതോടെ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമായി. അത്യാധുനിക സൗകര്യങ്ങളോടുള്ള നെടുവന്നൂര്‍ ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനം ഉടന്‍ നടക്കും.

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളം അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടടുക്കുകയാണ്. സര്‍ക്കാരും വിവിധ ജനപ്രതിനിധികളുംചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ച് ജനങ്ങളുമായി സംവദിക്കാനാണ് വികസന സദസ് എന്നും മന്ത്രി പറഞ്ഞു.

വികസനരേഖ മന്ത്രി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവന് നല്‍കി പ്രകാശനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജീന തോമസ് അധ്യക്ഷയായി. തദ്ദേശസ്ഥാപനതല റിപ്പോര്‍ട്ട് വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍.ജയകുമാര്‍ അവതരിപ്പിച്ചു.

അതിദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി 23 ഗുണഭോക്താക്കള്‍ക്ക് ഭക്ഷണം ലഭ്യമാക്കി വരുന്നു. അതിദരിദ്രരില്‍ രണ്ട് പേര്‍ക്ക് വീട് നല്‍കി രണ്ടുപേര്‍ക്ക് വീടും വസ്തുവും നല്‍കാന്‍ എഗ്രിമെന്റ് വച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 386 ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുകയും 32 ഗുണഭോക്താക്കള്‍ക്ക് ഭൂമി വാങ്ങി നല്‍കുകയും ചെയ്തു. 2009 ല്‍ വിളക്കുടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ 1720 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 165 പേര്‍ക്കാണ് പദ്ധതി വഴി തുടര്‍ പരിചരണം നല്‍കി വരുന്നത്. ഗ്രാമപഞ്ചായത്തിലെ 6 എല്‍ പി സ്‌കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി വിജയകരമായി നടത്തിവരുന്നു. വൃത്തിയോടെ വിളങ്ങാന്‍ വിളക്കുടി എന്ന ക്യാമ്പയിനിലൂടെ കുന്നിക്കോട് വലിയതോട് ശുദ്ധീകരിച്ചു.  

മാലിന്യനിക്ഷേപം രൂക്ഷമായപ്രദേശങ്ങള്‍ ഹോട്ട്‌സ്പോട്ടാക്കി 4.5 ലക്ഷം രൂപ ചിലവഴിച്ച് ക്യാമറകള്‍ സ്ഥാപിച്ചു. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ആറ് കുടുംബക്ഷേമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. നിര്‍ധനരായ രോഗികള്‍ക്കും 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലാബ് സേവനങ്ങള്‍ സൗജന്യമായി നല്‍കിവരുന്നു. വാഴകൃഷി വികസനം, തേനീച്ച കൃഷി, മട്ടുപ്പാവ് കൃഷി, നെല്‍കൃഷി തുടങ്ങി കാര്‍ഷിക മേഖലയുടെ വികസനത്തിനായി 5654403 രൂപ ചിലവഴിച്ചിട്ടുണ്ടെന്നും തുടങ്ങി നിരവധി പദ്ധതികള്‍ വികസന സദസില്‍ ജനസമക്ഷം അവതരിപ്പിച്ചു.

  ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ബി ഷംനാദ്, പൊതുചര്‍ച്ചയ്ക്കും ക്രോഡീകരണത്തിനും നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം അനന്തുപിള്ള, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വിജയന്‍, വിളക്കുടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആര്‍ ശ്രീകല, എ.ഷിബുദ്ദീന്‍, സൗമ്യ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.അനില്‍കുമാര്‍, ധന്യ പ്രദീപ്, ആര്‍.ബിജുമോന്‍, രേഖാ വിനു, ബി.വിഷ്ണു, സുനി സുരേഷ്, ലീന സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3062/2025)

*തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ്*

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിന് ജില്ലയിലെ പ്രശ്‌നബാധിത (സെന്‍സിറ്റീവ്) പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍പ്രകാരം കണ്ടെത്തുന്ന ബൂത്തുകളിലാണ് ക്രമീകരിക്കുക. പോളിംഗ് സ്‌റ്റേഷനുകളുടെ പട്ടിക ഒക്ടോബര്‍ 21നകം സമര്‍പിക്കാന്‍ എല്ലാ ആര്‍.ഒ.മാര്‍ക്കും എ.ആര്‍.ഒ.മാര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കി.

മുന്‍തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പ്രവണത/പാറ്റേണുകള്‍ പരിശോധിച്ച് വളരെകൂടുതലായ വോട്ടിങ് ശതമാനവും (90% മുകളില്‍) അല്ലെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്ക്മാത്രം വളരെഉയര്‍ന്ന വോട്ടുശതമാനവും (75% കൂടുതല്‍) ഉണ്ടാകുക, 10 ശതമാനത്തില്‍ കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ സ്റ്റേഷനുകള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, ക്രമക്കേടുകള്‍, റീ-പോളുകള്‍ ഉണ്ടായ ബൂത്തുകള്‍ തുടങ്ങിയവ പരിശോധിക്കണം. ബൂത്ത് പിടിച്ചെടുപ്പ്, അല്ലെങ്കില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍, വോട്ടര്‍മാരെ തടസപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉണ്ടായ ബൂത്തുകള്‍, സ്ഥിരമായി രാഷ്ട്രീയഅസ്ഥിരതയുള്ള പ്രദേശങ്ങള്‍, വോട്ടെടുപ്പിന്റെ ദിവസങ്ങളില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കിയ സംഭവങ്ങള്‍ എന്നിവ കണ്ടെത്തണം.

ന്യൂനപക്ഷങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗം,മതപരം/ഭാഷാപരമായ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങള്‍, സാമൂഹ്യ-സാമ്പത്തിക പിന്നാക്കമായ മേഖലകള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധചെലുത്തണം. പ്രാദേശികമായി ശക്തിപ്രാപിച്ച വ്യക്തികള്‍, പണവും ആള്‍ക്കരുത്തും കൊണ്ട് സ്വാധീനംചെലുത്താന്‍ കഴിയുന്നസംഘങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണം. ഭൗമശാസ്ത്രപരമായ/എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങള്‍, വനമേഖലകള്‍, ഗതാഗത/സംവേദനസൗകര്യങ്ങള്‍ കുറവുള്ള പ്രദേശങ്ങള്‍, മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകള്‍ തുടങ്ങിയവ പരിശോധിക്കണം.

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, ശല്യംചെയ്യല്‍ തുടങ്ങിയ പരാതികള്‍, തിരഞ്ഞെടുപ്പ്പ്രചാരണവുമായി ബന്ധപ്പെട്ട് സ്വകാര്യസ്വത്തുവകകള്‍ നശിപ്പിച്ച സംഭവങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകരെയും വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ളശല്യങ്ങള്‍ എന്നിങ്ങനെ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. മാതൃകപെരുമാറ്റച്ചട്ടം നിരന്തരംലംഘിക്കുന്ന പ്രദേശങ്ങളിലും പ്രശ്‌നസാധ്യത ബൂത്തുകളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. വോട്ടെടുപ്പിന് മുന്‍പോ ശേഷമോ ഉണ്ടായ കുറ്റകരമായ പെരുമാറ്റം, ഭീഷണി, വോട്ടിനായി പണം നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച പ്രദേശങ്ങള്‍ സംബന്ധിച്ചും കൃത്യമായ പരിശോധനനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, റിട്ടേണിംഗ് ഓഫീസര്‍മാര്‍, എ.ആര്‍.ഒമാര്‍, സൂപ്രണ്ട് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3063/2025)

*യങ്ങ് ഇന്നോവേറ്റീവ്‌സ് പ്രോഗ്രാം-മേരിറ്റ് ഡേ ഒക്ടോബര്‍ 18ന്; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും*

യങ്ങ് ഇന്നോവേറ്റീവ്‌സ് പ്രോഗ്രാം-മേരിറ്റ് ഡേ ഒക്ടോബര്‍ 18 രാവിലെ 10ന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനാകും.

യങ്ങ് ഇന്നോവേറ്റീവ്‌സ് പ്രോഗ്രാം ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ നിര്‍വഹിക്കും. ജില്ല കലക്ടര്‍ എന്‍ ദേവിദാസ്, കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ഷാജി, നഗരസഭ അംഗങ്ങള്‍, കെ ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധീപ് നായര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എസ് ആര്‍ രമേഷ്, എ ഷാജു തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 3064/2025)

*വികസനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് കുമ്മിള്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്*

  നാടിന്റെ ഭാവിപ്രവര്‍ത്തനങ്ങളും വികസനപുരോഗതിയും അവതരിപ്പിച്ച് കുമ്മിള്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കുമ്മിള്‍ ബിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം റിസോഴ്‌സ് പേഴ്‌സണായ സജി തോമസ് നിര്‍വഹിച്ചു. കുമ്മിള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ മുഹമ്മദ് റിസ പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തിനെ അതിദാരിദ്ര്യരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.

ലൈഫ് ഭവനപദ്ധതിപ്രകാരം പഞ്ചായത്തിലെ 100 ശതമാനം അപേക്ഷകര്‍ക്കും ഭവനംപൂര്‍ത്തീകരിച്ച് താക്കോല്‍ദാനം നടത്തി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 17 പേര്‍ക്ക് ഭൂമി വാങ്ങിനല്‍കി. നെല്‍കൃഷിക്ക് വേണ്ടി 89154 രൂപ ചെലവഴിച്ചു. മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക് പശു വളര്‍ത്തല്‍ പദ്ധതി വായ്പ്പ ഇനത്തില്‍ 126000 രൂപ ചെലവഴിച്ചു. കുമ്മിള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും മൃഗാശുപത്രിക്കും പുതിയ കെട്ടിടം നിര്‍മ്മിച്ചുനല്‍കി. മാലിന്യസംസ്‌കരണത്തിനായി പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ എം സി എഫുകള്‍ സ്ഥാപിച്ചു. കുടിവെള്ള വിതരണം ത്വരിതപ്പെടുത്താന്‍ മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിസ്ഥാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ള എല്‍പി-യുപി സ്‌കൂളുകളില്‍ വിവിധഘട്ടങ്ങളിലായി 60 ലക്ഷം രൂപയോളം ചിലവഴിച്ചു അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. മീന്‍മുട്ടി ടൂറിസം പദ്ധതി, ചിങ്ങേലി നീന്തല്‍കുളം നവീകരണം, പകല്‍വീട്, പൊതുശ്മശാന നിര്‍മ്മാണം എന്നിവ ഉടനെ പൂര്‍ത്തിയാക്കും.

  കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണപിള്ള അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍ ബീന, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ കെ മധു, കെ കെ വത്സ, കെ റസീന, ബ്ലോക്ക്-പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3065/2025)

*വെട്ടിക്കവല പഞ്ചായത്ത് വികസന സദസ്*

*എല്ലാവിഭാഗം ജനങ്ങള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍*

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വെട്ടിക്കവല എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ വിവിധ ഗ്രാമീണറോഡുകള്‍ നവീകരിച്ചു. രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന തലച്ചിറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പഞ്ചായത്ത്പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയതോടെ വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിച്ചു. എട്ട് പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ നവീകരിച്ചു.പുതിയ സബ്‌സെന്ററുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതിദാരിദ്ര്യമുക്തമായി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വികസനരേഖയും പ്രകാശനംചെയ്തു.

അതിദാരിദ്ര്യപട്ടികയില്‍ഉള്‍പ്പെട്ട 62 ഗുണഭോക്താക്കള്‍ക്ക് ഭക്ഷണം,മരുന്ന്, ഭവനം എന്നിവ ഉറപ്പാക്കി. ലൈഫ് പദ്ധതി വഴി 156 പേര്‍ക്ക് വീട് നല്‍കി. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷീരോല്‍പാദന സംഘങ്ങളില്‍ പാലളക്കുന്ന എല്ലാക്ഷീരകര്‍ഷകര്‍ക്കും സബ്‌സിഡി നല്‍കുന്നു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മികച്ച നിലയില്‍ തലച്ചിറ കേന്ദ്രമാക്കി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ 460963 രൂപ ചെലവഴിച്ച് വെട്ടിക്കവല സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഭിന്നശേഷിസൗഹൃദകേന്ദ്രം സജ്ജമാക്കിയെന്നും വ്യക്തമാക്കി.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ് അധ്യക്ഷനായി. ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ കില റിസോഴ്‌സ് പേഴ്‌സണ്‍ പി.അനില്‍കുമാര്‍ അവതരിപ്പിച്ചു. വെട്ടിക്കവല തണല്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

ഗ്രാമപഞ്ചായത്ത് അംഗം എസ് ഷാനവാസ് ഖാന്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാര്‍, വാര്‍ഡ് അംഗങ്ങളായ ആശാ ബാബു, അനോജ് കുമാര്‍, തങ്കമ്മ എബ്രഹാം, ഗീതാ മോഹന്‍ കുമാര്‍, കുഞ്ഞുമോള്‍ രാജന്‍, ഉഷ പ്രസാദ്, അനിമോന്‍ കോശി, കെ.രാമചന്ദ്രന്‍ പിള്ള, എം.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3066/2025)

*വോക്ക് -ഇന്‍ ഇന്റര്‍വ്യൂ*

   ജില്ലാ ആയുര്‍വേദആശുപത്രിയില്‍ കരാര്‍വേതനാടിസ്ഥാനത്തില്‍ തെറാപിസ്റ്റിനെ നിയമിക്കും. യോഗ്യത: ഡി.എ.എം.ഇ അംഗീകൃത തെറാപിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. രേഖകളുമായി ഒക്‌ടോബര്‍ 21 രാവിലെ 10 ന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474-2745918, 9447992845.

(പി.ആര്‍.കെ നമ്പര്‍ 3067/2025)

 

*താല്‍പര്യപത്രം*

  ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തികവര്‍ഷം പട്ടികജാതി വിഭാഗക്കാര്‍ക്ക് പ്രീ റിക്രൂട്ട്‌മെന്റ്/സെക്യൂരിറ്റിഗാര്‍ഡ് പരിശീലനം നല്‍കുന്നതിന് പ്രവൃത്തിപരിചയമുള്ളതും, മുന്‍വര്‍ഷങ്ങളില്‍ മികച്ചനേട്ടം കൈവരിച്ചതുമായ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സ്ഥാപനംനല്‍കുന്ന പരിശീലനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ താല്‍പര്യപത്രം ഒക്‌ടോബര്‍ 25 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2794996, 8547630022.

(പി.ആര്‍.കെ നമ്പര്‍ 3068/2025)

*താല്‍പര്യപത്രം*

ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷം പട്ടികജാതിവിഭാഗം വനിതകള്‍ക്ക് ഓട്ടോമേറ്റീവ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ കോഴ്‌സ് പരിശീലനവും തൊഴില്‍ലഭ്യമാക്കലും പദ്ധതി നടപ്പിലാക്കുന്നു. മേഖലയില്‍ പരിശീലനം നല്‍കുന്നതിന് പ്രവൃത്തിപരിചയമുളളതും മുന്‍വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുള്ളതുമായ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാരിതര (റസിഡന്‍ഷ്യല്‍/നോണ്‍റസിഡന്‍ഷ്യല്‍) സ്ഥാപനങ്ങളില്‍നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. സ്ഥാപനംനല്‍കുന്ന പരിശീലനങ്ങള്‍ സംബന്ധിച്ച വിശദമായവിവരങ്ങള്‍ (സാമ്പത്തികവിശകലനം ഉള്‍പ്പെടെ) അടങ്ങിയ താല്‍പ്പര്യപത്രം ഒക്‌ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 8547630022.

(പി.ആര്‍.കെ നമ്പര്‍ 3069/2025)

*അപേക്ഷ ക്ഷണിച്ചു*

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍സ്ട്രമെന്റേഷന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്‌നസ് ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8590620536.

(പി.ആര്‍.കെ നമ്പര്‍ 3070/2025)

*അഭിമുഖം*

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍ട്രമെന്റ് മെക്കാനിക്ക് (കെമിക്കല്‍ പ്ലാന്റ്) ട്രേഡിലേക്ക് ഒ.സി കാറ്റഗറിയിലുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ടേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന്‌വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ / പ്രോസസ്സ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ / എഞ്ചിനീയറിംഗ് / ടെക്‌നോളജിയും രണ്ട് വര്‍ഷ പ്രവര്‍ത്തിപരിചയമോ അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ /പ്രോസസ്സ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ / എഞ്ചിനീയറിംഗ് / ടെക്‌നോളജിയും ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 24 രാവിലെ 11ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2713099.

(പി.ആര്‍.കെ നമ്പര്‍ 3071/2025)

*വനിതാ കമ്മീഷന്‍ സിറ്റിംഗ് 18 ന്*

കേരള വനിതാ കമ്മീഷന്റെ കൊല്ലം ജില്ലാതല സിറ്റിംഗ് ഒക്ടോബര്‍ 18 ന് ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.

(പി.ആര്‍.കെ നമ്പര്‍ 3072/2025)

*നെറ്റ് കോച്ചിങ് ക്ലാസ്*

കുണ്ടറ ഐ.എച്ച്.ആര്‍.ഡി എക്‌സ്റ്റെന്‍ഷന്‍ സെന്ററില്‍ നെറ്റ് കോച്ചിങ് ക്ലാസുകളിലക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 8547005090.

(പി.ആര്‍.കെ നമ്പര്‍ 3073/2025)

 *കേരളോത്സവം ഒക്ടോബര്‍ 18ന്*

മുഖത്തല ബ്ലോക്ക്പഞ്ചായത്തും യുവജനക്ഷേമബോര്‍ഡും സംയുക്തമായിസംഘടിപ്പിക്കുന്ന കേരളോത്സവം ഒക്ടോബര്‍ 18,19,21 തീയതികളില്‍ വിവിധകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. 18ന് രാവിലെ ഒന്‍പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ കൊട്ടിയം ഡോണ്‍ ബോസ്‌കോ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ അനില്‍ അധ്യക്ഷയാകും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ വിവിധ കായിക മത്സരങ്ങള്‍. 19ന് രാവിലെ 9.30 മുതല്‍ നാലുവരെകായിക മത്സരങ്ങളും 8.30 മുതല്‍ ചെസ്, ക്വിസ് മത്‌സരങ്ങളും കലാമത്സരങ്ങളും നടക്കും.

21ന് നടക്കുന്ന സമാപനസമ്മേളനവും സമ്മാനദാനവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയാകും. വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ബ്ലോക്ക്-ഗ്രാമ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 3074/2025)