*പാറശാല ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു*
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
17 ഒക്ടോബർ 2025
*പാറശാല ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു*
#സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു#
പഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചും ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചുകൊണ്ടും പാറശാല ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. റിസോർസ് പേഴ്സൺ ഷിബു തോമസ് ആമുഖം അവതരിപ്പിച്ചു.
സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഉറക്കത്തിലല്ല, ജനങ്ങൾ ഉണർന്നിരുന്ന് നാടിന്റെ വികസനത്തെ കുറിച്ച് സ്വപ്നം കാണണം. ആ സ്വപ്നം നടപ്പിലാക്കാൻ വേണ്ടി ഓരോരുത്തരും പ്രവർത്തിക്കണം. ജനപ്രതിനിധികളോട് ആവശ്യങ്ങൾ ഉന്നയിക്കണം. അവ യഥാർഥ്യമാകുന്നുണ്ടോയെന്ന് വിലയിരുത്തണം. അപ്പോഴേ വികസനം പൂർണമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെ വിവിധ പദ്ധതിയുടെ ഗുണഭോക്താക്കളും സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുമടക്കം വലിയ ജനപങ്കാളിത്തത്തോടെയാണ് വികസന സദസ്സ് നടന്നത്. പഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പ്രസിഡന്റ് എൽ.മഞ്ചുസ്മിത അവതരിപ്പിച്ചു.
പുത്തൻകട ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത അധ്യക്ഷയായി. പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, ജനപ്രതിനിധികളായ വിനിതകുമാരി, എ.റ്റി.അനിതറാണി, ജി.ശ്രീധരൻ, വീണ.എസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് വികസനത്തിനായുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും ചർച്ചകളും നടന്നു.
#വികസന വഴിയിൽ #
പഞ്ചായത്ത് തലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 5 വർഷ കാലയളവിൽ സംഘടിപ്പിച്ചത്. 413 വീടുകൾ ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി. പുതിയ ഹോമിയോ ആശുപത്രി കെട്ടിടം, സിദ്ധ ആശുപത്രി, പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാനായി സ്ഥലം ഏറ്റെടുത്തു നൽകി.
പെണ്ണിടം, വയോജനങ്ങൾക്കായി 23 വാർഡുകളിലും വയോജന ക്ലബ്, വയോജനങ്ങൾക്കായി വിനോദയാത്ര, വനിതാ ജംഗ്ഷൻ പരിപാടി, ജാഗ്രതാ സമിതി ഓഫീസ്, ശാസ്ത്ര പാർക്ക്, പാറശാല ബസ് ടെർമിനലിനായി വസ്തു ഏറ്റെടുക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. അതിനുപുറമേ അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം ഉടൻ നടത്തും.
#ഒന്നാംക്ലാസ് ഒന്നാംതരം #
ഒന്നാം ക്ളാസുകൾ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തുന്ന ഒന്നാംക്ലാസ് ഒന്നാംതരമാക്കൽ പദ്ധതി പഞ്ചായത്ത് തലത്തിൽ നാല് സ്കൂളുകളിൽ നടപ്പിലാക്കി. ഓരോ സ്കൂളുകളും പദ്ധതിക്കായി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. അടുത്ത വർഷം രണ്ടാം ക്ലാസ്സും തുടർന്ന് എല്ലാ ക്ലാസ്സ് റൂമുകളും സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ക്ലാസ്സുകളിൽ ആകർഷകമായ ചിത്രങ്ങൾ, ഇന്ററാക്ടീവ് പാനൽ ബോർഡുകൾ, കുട്ടികൾക്കു അനുയോജ്യമായ വൈറ്റ് ബോർഡുകൾ, ശിശു സൗഹൃദ ഫർണിച്ചറുകൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ക്ലാസ്സ്‌റൂമുകളിൽ നടപ്പിലാക്കിയത്.













