*ഭരണഭാഷാവാരാചരണം: പ്രഭാഷണ പരിപാടി അഞ്ചിന്*
Keralanewsmedia
PRESS RELEASE 04/11/2025
*ഭരണഭാഷാവാരാചരണം: പ്രഭാഷണ പരിപാടി അഞ്ചിന്*
ഭരണഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും കൊല്ലം ബാര്‍ അസോസിയേഷനും സംയുക്തമായി നവംബര്‍ അഞ്ചിന് മലയാളം ഭരണഭാഷയായി പ്രയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പ്രഭാഷണ പരിപാടി നടത്തും. ഭരണനിര്‍വഹണം മാതൃഭാഷയില്‍ നിലനിര്‍ത്തുന്നതിനായി കലക്ടറേറ്റ്- കോടതി ജീവനക്കാര്‍ക്കായാണ് പരിപാടി. ഉച്ചയ്ക്ക് 2.30ന് ബാര്‍ അസോസിയേഷന്‍ ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ബി ശിവന്‍ അധ്യക്ഷനാവും. സെക്രട്ടറി കെ.ബി മഹേന്ദ്ര മുഖ്യാതിഥിയാകും. യൂണിവേഴ്‌സിറ്റി കോളജ് റിട്ട. പ്രഫസര്‍ ഡൊമിനിക് ജെ കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഐ-പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശൈലേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
(പി.ആര്‍.കെ നമ്പര്‍ 3280/2025)
*ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു*
*കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍*
കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം, കാവ്യമണ്ഡപം എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഒഎന്‍വി പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബഹുമുഖ വികസന നേട്ടങ്ങള്‍ കൈവരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ മൂവായിരത്തോളം ജനക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കി. ജില്ലാ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ജില്ലയിലെ 160 ഓളം സ്‌കൂളുകളില്‍ ആധുനിക ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. കുരിയോട്ടുമല ഫാമില്‍ നിന്ന് പാല്‍ ഉല്‍പനങ്ങള്‍ വിപണിയിലെത്തിച്ചു. കാര്‍ഷിക മേഖലയില്‍ 'കതിര്‍മണി' ബ്രാന്‍ഡഡ് അരി അവതരിപ്പിച്ചു. ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. നിര്‍മിതബുദ്ധിയെ പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. കാലാവസ്ഥ വ്യതിയാനം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി വഴി പഠന-ഗവേഷണങ്ങള്‍ ത്രിതല പഞ്ചായത്ത് തലങ്ങളില്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമഗ്ര വികസനരേഖയുടെ പ്രകാശനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്താ രമേശ്, കെ അനില്‍കുമാര്‍, അനില്‍ എസ് കല്ലേലിഭാഗം, സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3282/2025)
*തൃക്കോവില്‍വട്ടം പുതിയ മൈതാനം നാടിന് സമര്‍പ്പിച്ചു*
*പഠനത്തോടൊപ്പം കായികാഭിരുചികള്‍ക്കും പ്രാധാന്യം നല്‍കണം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍*
പഠനത്തോടൊപ്പം കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തിയെടുക്കുന്നതിനും പ്രാധാന്യം നല്‍കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെ കുരീപ്പള്ളിയിലുള്ള പുതിയ മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക സംസ്‌കാരത്തിന് പ്രോത്സാഹനം നല്‍കുന്നതിലൂടെ ലഹരിമുക്തവും ആരോഗ്യവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൈതാനത്തിന്റെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച് പ്രദേശത്തെ കായിക അധ്യാപകരുടെ സഹായത്തോടെ പഞ്ചായത്ത് രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് കുരീപള്ളിയിലുള്ള 50 സെന്റ് സ്ഥലത്ത് കളിക്കളം നിര്‍മിച്ചത്. പഞ്ചായത്തിനാണ് മേല്‍നോട്ട ചുമതല.
പി.സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് സിന്ധു, വൈസ് പ്രസിഡന്റ് ശിവകുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ ഷീബ, എ.ഷാനിബ, സതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ബിനുജോണ്‍, സജാദ് സലിം, എസ്.സിന്ധു, സെക്രട്ടറി ജോണ്‍ ഡെസ്മണ്‍, സെന്റ് ജൂഡ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3283/2025)
*റോഡുവിള വെറ്ററിനറി ഡിസ്പെന്‍സറി പുതിയ കെട്ടിടം ഉദ്ഘാടനം ആറിന്*
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ ആറ് രാവിലെ 10ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം അന്‍സര്‍ അധ്യക്ഷനാകും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ വിശിഷ്ടാതിഥിയാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എം സി റെജില്‍ പദ്ധതി വിശദീകരിക്കും. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ് ശ്രീജ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 'കാലി വളര്‍ത്തല്‍ പ്രജനനവും പരിരക്ഷയും' വിഷയത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വെറ്ററിനറി സര്‍ജന്‍ ഡോ. ടി അഭിലാഷ് ക്ലാസെടുക്കും. റവന്യൂ വകുപ്പിന്റെ 15 സെന്റ് വസ്തുവില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ് ഷൈന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആര്‍ ജയന്തീദേവി, ബി ബിജു, ജി ജയശ്രീ, എച്ച് സഹീദ്, ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂര്‍ സുഷമ, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ റീന, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി ആനന്ദന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി കെ ജി ലീനാകുമാരി, മൃഗസംരക്ഷണ ഓഫീസര്‍ ഡി ഷൈന്‍കുമാര്‍, എ എച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഷീബ ബേബി, പ്രോജക്ട് ഓഫീസര്‍ എസ് ദീപ്തി, റോഡുവിള വെറ്ററിനറി ഡിസ്പെന്‍സറി സര്‍ജന്‍ ഡോ. കെ മാലിനി തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 3284/2025)
*കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് പരിശീലന ക്യാമ്പ് സമാപിച്ചു*
പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍, ജില്ലാതല ദ്വിദിന നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് കൊട്ടിയം അനിമേഷന്‍ സെന്ററില്‍ സമാപിച്ചു. സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലയിലെ 52 വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാര്‍ഥികള്‍ വീതമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലയിലെ കരിയര്‍ മാസ്റ്റര്‍മാരും ഭാഗമായി. വിദ്യാര്‍ഥികളില്‍ നേതൃത്വ ഗുണം, സഹകരണ മനോഭാവം, ഉപരിപഠന-തൊഴില്‍ സാധ്യതകള്‍, മാനസിക ആരോഗ്യം മെച്ചപ്പെടുത്തല്‍, മെഡിറ്റേഷന്‍ തുടങ്ങിയ വിവിധ സെഷനുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ജില്ലാ കോഡിനേറ്റര്‍ മാത്യു എബ്രഹാം അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജി ആര്‍ അഭിലാഷ്, ക്രിസ്തു ജ്യോതി ആനിമേഷന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ പട്രീഷാ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3285/2025)
*വെളിയം ആയുര്‍വേദ ഡിസ്പെന്‍സറിയിലെ യോഗ ഹാള്‍ ഉദ്ഘാടനം ചെയ്തു*
വെളിയം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലെ യോഗ ഹാളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയാ രഘുനാഥ് അധ്യക്ഷയായി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ബിന്ദു മുഖ്യാതിഥിയായി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. പൂജ പദ്ധതി വിശദീകരിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.ബി പ്രകാശ്, കെ. സോമശേഖരന്‍, ജാന്‍സി സിജു, ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എ രേഷ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3286/2025)
*എസ്.ഐ.ആര്‍: എന്യൂമറേഷന്‍ ഫോം ജില്ലാതല വിതരണത്തിന് തുടക്കമായി*
വോട്ടര്‍പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ( എസ്.ഐ.ആര്‍) ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമിന്റെ ജില്ലാതല വിതരണത്തിന് തുടക്കമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് കേരളശ്രീ അവാര്‍ഡ് ജേതാവും ടി കെ എം ഗ്രൂപ്പ് ഓഫ് ചെയര്‍മാനുമായ ഷഹാല്‍ ഹസന്‍ മുസല്യാര്‍, സിനിമ- സീരിയല്‍ താരം അമ്പിളി ദേവി എന്നിവര്‍ക്ക് ഫോമുകള്‍ നല്‍കി. 2025 ഒക്ടോബര്‍ 27 വരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യും. സമയബന്ധിതമായി വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ സ്ഥിരീകരിക്കാനും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ പേര് ചേര്‍ത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3287/2025)
*പരിശീലനം*
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്പ്‌മെന്റ് ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളം സെന്റ് തെരേസ കോളേജിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി എസ് ടി ഉള്‍പ്പെടെ 4,500 രൂപയാണ് ഫീസ്. www.kied.info ല്‍ നവംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922800.
(പി.ആര്‍.കെ നമ്പര്‍ 3288/2025)
*സാക്ഷരതാമിഷന്‍; അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം*
സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ഹയര്‍ സെക്കന്‍ഡറി, പത്താംക്ലാസ് തുല്യതാ കോഴ്‌സുകളുടെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലേക്ക് അധ്യാപകരുടെ പാനല്‍ രൂപീകരിക്കും. യോഗ്യത: ഹയര്‍ സെക്കന്‍ഡറി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കോണമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അക്കൗണ്ടന്‍സി, ഹിസ്റ്ററി, സോഷ്യോളജി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സെറ്റും. പത്താം ക്ലാസ് - മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി വിഷയങ്ങളില്‍ ബിരുദവും ബി.എഡും (ഐ.ടി ഒഴികെ). വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പാനല്‍ രൂപീകരണം. നിയമനകാലാവധി: മൂന്ന് വര്‍ഷം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, തേവള്ളി, കൊല്ലം വിലാസത്തില്‍ നവംബര്‍ 12 ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 04742798020, 9447561920, 9846155731.
(പി.ആര്‍.കെ നമ്പര്‍ 3289/2025)
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് കരാര്‍ നിയമനത്തിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. തസ്തിക: വെറ്ററിനറി സര്‍ജന്‍ പി.ജി വെറ്റ് യോഗ്യത : എം.വി.എസ്.സി (സര്‍ജറി), കെ എസ് വി സി രജിസ്‌ട്രേഷന്‍, എല്‍ എം വി ലൈസന്‍സ്. വെറ്ററിനറി സര്‍ജന്‍ യു.ജി വെറ്റ് യോഗ്യത : വേള്‍ഡ് വെറ്ററിനറി സര്‍വീസില്‍ നിന്നും സര്‍ജറി പരിശീലനത്തോടുകൂടി ബി.വി.എസ്.സി - എ.എച്ച് സര്‍ട്ടിഫിക്കറ്റ്, കെ എസ് വി സി രജിസ്‌ട്രേഷന്‍, എല്‍ എം വി ലൈസന്‍സ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 10 ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2793464.
(പി.ആര്‍.കെ നമ്പര്‍ 3290/2025)
*തൊഴില്‍മേള*
കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നവംബര്‍ 29ന് തൊഴില്‍മേള നടത്തും. ഫോണ്‍: 9495999688.
(പി.ആര്‍.കെ നമ്പര്‍ 3291/2025)
*ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സ്*
ഒറ്റപ്പാലം അസാപ്പ് കേരളയില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. https://forms.gle/THbV5Su474kNiTpCA മുഖേന അപേക്ഷിക്കണം. അവസാന തീയതി: നവംബര്‍ അഞ്ച്. ഫോണ്‍: 9495999667, 9895967998.
(പി.ആര്‍.കെ നമ്പര്‍ 3292/2025)
*ആലോചന യോഗം അഞ്ചിന്*
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട ആലോചന യോഗം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 3293/2025)
*തൊഴില്‍മേള; രജിസ്‌ട്രേഷന്‍ ഏഴ് വരെ*
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായുള്ള തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ ഏഴ് വരെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. വിവിധ ഡിപ്ലോമ കോഴ്സുകള്‍ വിജയിച്ചവര്‍ക്കും രജിസ്‌ട്രേഷന് സൗകര്യമുണ്ട്. ഫോണ്‍ - 9633449667.
(പി.ആര്‍.കെ നമ്പര്‍ 3294/2025)













