റോഡുകള്‍ ഉയര്‍ന്നനിലവാരം ഉറപ്പാക്കിയുള്ളവ : മന്ത്രി കെ എന്‍ ബാലഗോപാല്‍*

Keralanewsmedia

റോഡുകള്‍ ഉയര്‍ന്നനിലവാരം ഉറപ്പാക്കിയുള്ളവ : മന്ത്രി കെ എന്‍ ബാലഗോപാല്‍*

PRESS RELEASE 06/11/2025

*റോഡുകള്‍ ഉയര്‍ന്നനിലവാരം ഉറപ്പാക്കിയുള്ളവ : മന്ത്രി കെ എന്‍ ബാലഗോപാല്‍*

സംസ്ഥാനത്തെ റോഡുകളെല്ലാം ഉയര്‍ന്നനിലവാരത്തിലെന്ന് ഉറപ്പാക്കിയാണ് നിര്‍മിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉടയന്‍കാവ്-ചെമ്പന്‍പൊയ്ക റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ എല്ലാ റോഡുകളും മികവുറ്റതാക്കുയാണ്. ഓടയുടെ വശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. പറയന്‍മുക്ക് റോഡ് 85 ലക്ഷം രൂപ ചെലവിലാണ് സജ്ജമാക്കുന്നത്. ജനങ്ങള്‍ക്കായി മികച്ച പൊതുസ്ഥലങ്ങളും റോഡുകളും നിര്‍മിക്കുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പണയില്‍-പള്ളിക്കല്‍ റോഡ് നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3307/2025)

*പാലുല്പാദനം ഇരട്ടിയാക്കാന്‍ പ്രത്യേക പദ്ധതി: മന്ത്രി ജെ ചിഞ്ചുറാണി*

*വെളിനല്ലൂരില്‍ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു*

സംസ്ഥാനത്തെ പാലുല്പാദനം ഇരട്ടിയാക്കാന്‍ വര്‍ഷംതോറും ഒരു ലക്ഷം പശുക്കിടാങ്ങളെ ദത്തെടുക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍പുതിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പശുക്കിടാങ്ങളെ ദത്തെടുത്ത് സൗജന്യനിരക്കില്‍ തീറ്റയും ധാതുലവണമിശ്രിതങ്ങളും നല്‍കും. കാളക്കുട്ടികളെയും സംരക്ഷിച്ച്‌വളര്‍ത്തി മാംസോത്പാദനവും വര്‍ദ്ധിപ്പിക്കും. പൊതുമേഖലസ്ഥാപനമായ കേരളഫീഡ്‌സ് തീറ്റയുണ്ടാക്കും. മില്‍മ ക്ഷീരസംഘങ്ങള്‍ - മൃഗാശുപത്രികള്‍ വഴി കര്‍ഷകര്‍ക്ക് ഉരുക്കളെ രജിസ്റ്റര്‍ ചെയ്യാം. ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, പഞ്ചായത്തംഗങ്ങളായ ജെ.റീന, ബി.ബിജു, എച്ച് സഹീദ്, കരിങ്ങന്നൂര്‍ സുഷമ, ജെസീന ജെമില്‍, കെ. വിശാഖ്, കെ. ലിജി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.രമ.ജി. ഉണ്ണിത്താന്‍, ഡോ. എസ്. ദീപ്തി, ഡോ കെ. മാലിനി, ഡോ.റ്റി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3308/2025)

*കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍*

*വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു*

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍പൂര്‍ത്തീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ 202 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലും അന്‍പതോളം തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യരംഗത്ത് മികച്ചസംവിധാനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ തുടരും. വെളിയത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ഓണറേറിയം വര്‍ധിപ്പിച്ചതിന് വെളിയം ഗ്രാമപഞ്ചായത്തിലെ ആശാപ്രവര്‍ത്തകര്‍ മന്ത്രിയെ ആദരിച്ചു. പ്രാദേശിക വികസനഫണ്ടില്‍നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഓഫീസ് ബ്ലോക്ക് ഒരുക്കിയത്.  

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രശാന്ത് അധ്യക്ഷനായി. മുന്‍ എംഎല്‍എ അയിഷ പോറ്റി മുഖ്യാതിഥിയായി. വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍പിള്ള, വെളിയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സോമശേഖരന്‍, എം.ബി.പ്രകാശ്, ജാന്‍സി സിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യാ സജിത്ത്, വെളിയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എസ്. മീനാക്ഷി, സുന്ദരന്‍, ഷീബ സന്തോഷ്, റ്റി.ശ്രീലേഖ, ശിസ സുരേഷ്, അനില്‍ മാലയില്‍, സി.എസ്.സുരേഷ് കുമാര്‍,സി. ഗീതാകുമാരി, ആര്‍.ബിനോജ്, ബി.ജി.അജിത്ത്, എം.വിഷ്ണു, വിനീത വിജയപ്രകാശ്, കെ.രമണി, പി.ജയകുമാരി, വാപ്പാല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കോളിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3309/2025)

*ആട്ടിന്‍കുട്ടികള്‍ വിതരണംചെയ്ത് മന്ത്രി ജെ ചിഞ്ചുറാണി*

വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രീ. പ്രൈമറി വിദ്യാര്‍ഥികള്‍ക്കും ആട്ടിന്‍കുട്ടികളെ വളര്‍ത്താനും പഠിക്കാനും പങ്കിടാനും അവസരമൊരുക്കി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ന•യും സഹജീവിസ്‌നേഹവും വളര്‍ത്താനും പഠനത്തോടൊപ്പം ചെറുവരുമാനം നേടാനും പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരും രക്ഷകര്‍ത്താക്കളും വാങ്ങിനല്‍കിയ ആട്ടിന്‍കുട്ടികളെയാണ് വിതരണംചെയ്തത്. ആട്ടിന്‍കുട്ടികള്‍ വളര്‍ന്നു പ്രസവിക്കുമ്പോള്‍ കുട്ടിയെ സഹപാഠിക്കു ദാനമായിനല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.

വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അന്‍സര്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി റാണി തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3310/2025)

 

*വനിതാരത്‌ന പുരസ്‌കാരം; നോമിനേഷനുകള്‍ ക്ഷണിച്ചു*  

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി നല്‍കുന്ന വനിതാരത്‌ന പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. സാമൂഹിക സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചിരിക്കണം. വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ മുഖേന നോമിനേഷനും വിവരങ്ങളും (മേഖല വിശദീകരിക്കുന്ന രേഖകള്‍, പുസ്തകങ്ങള്‍, സി.ഡികള്‍ ചിത്രങ്ങള്‍, പത്രക്കുറിപ്പുകള്‍) ഡിസംബര്‍ 15 നകം ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0474 2992809.

(പി.ആര്‍.കെ നമ്പര്‍ 3311/2025)

 *നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണ മേഖല സംഗമം*

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെട്ട ദക്ഷിണ മേഖല പ്രോഗ്രാം ഓഫീസര്‍മാരുടെ സംഗമം കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ വി എച്ച് എസ് ഇ മേഖല അസി. ഡയറക്ടര്‍ എസ് സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രഞ്ജിത്ത് മുഖ്യസന്ദേശം നല്‍കി. ചെങ്ങന്നൂര്‍ റീജിയണല്‍ കോഡിനേറ്റര്‍ ആര്‍ അനില്‍ അധ്യക്ഷനായി.

സംസ്ഥാന പ്രോജക്ട് ഓഫീസര്‍ മാത്തന്‍ ജോര്‍ജ്, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ പി.എ. സജിമോന്‍ (കൊല്ലം), ബേബി ചന്ദ്ര (പത്തനംതിട്ട), അലക്‌സ്(തിരുവനന്തപുരം), ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ പ്രേംരാജ്, ലത പി, ജേക്കബ് ജോണ്‍, ജയ്‌സണ്‍ ജോര്‍ജ്, ആര്‍ ആര്‍ സജി തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3312/2025)

*ചുരുക്ക പട്ടിക*  

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ മലയാളം (തസ്തികമാറ്റം മുഖേന) കാറ്റഗറി നമ്പര്‍ 476/2024 തസ്തികയിലേക്കും ഹൈസ്‌കൂള്‍ ടീച്ചര്‍ കണക്ക് (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 599/2024 തസ്തികകളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3313/2025)

*പശു വളര്‍ത്തല്‍ പരിശീലനം*

കൊട്ടാരക്കര കില സി.എസ്.ഇ.ഡി. (ഇ.റ്റി.സി) യില്‍ നവംബര്‍ 20 മുതല്‍ 22 വരെ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ പരിശീലനം നടത്തും. കുടുംബശ്രീ യൂണിറ്റുകള്‍ക്കും സ്വയം സഹായ സംഘാംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് പരിശീലനം. ഭക്ഷണം, താമസം ഉള്‍പ്പെടെ സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷനായി പേര്, വിലാസം എന്നിവ 8921819967 നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്യണം. ഫോണ്‍: 0474 2454621, 9746914328.

(പി.ആര്‍.കെ നമ്പര്‍ 3314/2025)

*അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം*

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികമായി ഈഴവ/തീയ/ബില്ലവ വിഭാഗക്കാരില്‍ നിന്നും അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത: അക്കൗണ്ട്‌സില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ അക്കൗണ്ട് ഒരു വിഷയമായി പഠിച്ച മറ്റ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 - 40 വയസ്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ശമ്പളം : 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2746789.

(പി.ആര്‍.കെ നമ്പര്‍ 3315/2025)

*പിച്ച് കേരള മത്സരം*

യുവജനങ്ങള്‍ക്ക് ഇടയില്‍ സംരംഭകത്വപരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്റ്റാര്‍ട്ടപ്പ് പിച്ചിങ് മത്സരം സംഘടിപ്പിക്കും. പീച്ച് കേരള മത്സരത്തില്‍ 15 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഏറോസ്‌പേസ്, പ്രതിരോധം, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സസ്, സാമ്പത്തിക സേവനം, കാലാവസ്ഥ, നിര്‍മാണം, വിദ്യാഭ്യാസം, ഫുഡ് പ്രോസസ്സിങ്, ആരോഗ്യസംരക്ഷണം, ഐടി/ഐടിഇഎസ്, മൊബിലിറ്റി, ഊര്‍ജം തുടങ്ങിയ മേഖലകളിലെ പുതു സംരംഭക ആശയങ്ങള്‍ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തില്‍ നവംബര്‍ 30 നകം pitchkerala@gmail.com ലേക്ക് അയക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്കായി മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും, വിദഗ്ധരില്‍ നിന്നുള്ള മെന്റര്‍ഷിപ്പ്, ഇന്‍കുബേഷന്‍ പിന്തുണ, ഫണ്ടിംഗ് സഹായങ്ങള്‍ എന്നിവയും ലഭിക്കും. ഫോണ്‍: 8606008765.

(പി.ആര്‍.കെ നമ്പര്‍ 3316/2025)

*ഗതാഗത നിയന്ത്രണം*

 പത്തനാപുരം ഏനാത്ത് റോഡില്‍ കലുങ്ക് അപ്പ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഏഴ് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പത്തനാപുരത്ത് നിന്നും ഏനാത്ത് പോകുന്ന വാഹനങ്ങള്‍ മഞ്ചള്ളൂര്‍, പട്ടാഴി വഴിയും ഏനാത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കടുവാത്തോട് തിരിഞ്ഞും പോകണം.  

(പി.ആര്‍.കെ നമ്പര്‍ 3317/2025)

*കൗണ്‍സിലര്‍ നിയമനം*

കൊല്ലം റൂറല്‍ ജില്ലാ പോലീസ് ഓഫീസിന് കീഴിലുള്ള വനിതാ സെല്ലിലെ ഡൊമസ്റ്റിക് കോണ്‍ഫിളിക്റ്റ് കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലറുടെ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷം പ്രവര്‍ത്തിപരിചയവും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതമുളള അപേക്ഷ ജില്ലാപോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കൊല്ലം റൂറല്‍, കൊട്ടാരക്കര, പിന്‍ - 691506 വിലാസത്തില്‍ നവംബര്‍ 13നകം ലഭ്യമാക്കണം. അപേക്ഷയുടെ കവറിന് പുറത്ത് കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0474 2450858.

(പി.ആര്‍.കെ നമ്പര്‍ 3318/2025)