അഡ്വ ഹരീഷ് വാസുദേവന്റ ഫേസ്ബുക് പോസ്റ്റ്‌

Keralanewsmedia

അഡ്വ ഹരീഷ് വാസുദേവന്റ ഫേസ്ബുക് പോസ്റ്റ്‌

അഡ്വ ഹരീഷ് വാസുദേവന്റ ഫേസ്ബുക് പോസ്റ്റ്‌

 പ്രിയ BLO മാരെ, 

2025 ലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി (SIR) അല്ല നിങ്ങൾ സർക്കാർ ജോലിയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ ഒന്നുമല്ല. നിങ്ങളുടെ ഭാവി വരുമാനത്തെ ബാധിക്കുന്ന ഒരു കാര്യം പോലുമല്ല. ഭാര്യയും ഭർത്താവും മക്കളും അച്ഛനും അമ്മയും സഹോദരങ്ങളും ചുറ്റുമുള്ള സുഹൃത്തുക്കളും നിങ്ങളെ വിലയിരുത്തുന്നത് നിങ്ങൾക്ക് SIR duty യിൽ സമ്മാനം വാങ്ങാൻ പറ്റിയ ആളാണോ എന്ന് നോക്കിയിട്ടല്ല. 

സർക്കാർ ജോലിയ്ക്കിടെ നിങ്ങളെ തേടിയെത്തുന്ന പല അധികജോലികളിൽ ഒരു ജോലി മാത്രമാണിത്. 2022 മുതൽ 2025 നവംബർ വരെ ഉണ്ടായിരുന്ന 3 വർഷം വോട്ടർ പട്ടിക പുതുക്കാനോ തെറ്റ് തിരുത്താനോ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാത്ത Election Commission പതിമൂന്നാം മണിക്കൂറിൽ വന്നു ഈ സർക്കസ് നടത്തുന്നതിൽ ഒരു ന്യായവുമില്ല.

അവരുടെ വീഴ്ച മറയ്ക്കാനാണു ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീർക്കാനുള്ള നിയമവിരുദ്ധമായ പ്രഷർ താഴോട്ട് കൈമാറുന്നത് !! 2026 ൽ ഇലക്ഷൻ നടത്തണം എന്നറിയാത്ത കമ്മീഷനാണോ ഈ 13 ആം മണിക്കൂർ അഭ്യാസം നടത്തുന്നത്?

Enumeration Form എല്ലാ വോട്ടർമാർക്കും /വീട്ടിലും വിതരണം ചെയ്യുക, അത് പൂരിപ്പിക്കാൻ വോട്ടറെ സഹായിക്കുക, പൂരിപ്പിച്ച ഫോം അപ്ലോഡ് ചെയ്യുക എന്നതൊക്കെ ആണല്ലോ നിങ്ങളെ ഏൽപ്പിച്ച കർത്തവ്യം. ഇതിനെല്ലാം

തീർത്തും അപ്രായോഗികമായ, മനുഷ്യത്വരഹിതമായ ടാർഗറ്റ് ആണ് BLO മാർക്ക് നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങൾ കമ്മീഷനെ പറഞ്ഞു ബോധ്യപ്പെടുത്തി മനുഷ്യർക്ക് പ്രായോഗികമായി ജോലി ചെയ്ത് തീർക്കാനുള്ള സമയം വാങ്ങിച്ച് തരേണ്ട ജില്ലാ കളക്ടർമാരാവട്ടെ, മേലെ നിന്നുള്ള ഉത്തരവുകളോട് Yes മാത്രം പറഞ്ഞു അടിമത്തം ശീലിച്ചു തുടങ്ങിയത് കൊണ്ട് ആ പ്രഷർ പതിന്മടങ്ങാക്കി കീഴിലുള്ള ഉദ്യോഗദ്ധരിലേക്കും 

BLO മാരിലേക്കും കൈമാറുന്നു. ബ്രിട്ടീഷ് കാലത്ത് കപ്പം പിരിച്ച് നൽകാൻ സ്വന്തം ജനതയെ തല്ലുന്ന നാടൻ ജന്മിയെ അനുസ്മരിപ്പിക്കുന്നു ഇത്.

Enumeration Form പൂരിപ്പിക്കാൻ നാട്ടുകാരെ പഠിപ്പിക്കാൻ കമ്മീഷൻ എന്ത് പണിയെടുത്തു? എത്രപേർക്ക് ഇത് ഫിൽ ചെയ്യാനുള്ള അറിവുണ്ട്? ആ അറിവ് കൊച്ചി നഗരത്തിലും വയനാട്ടിലും പാലക്കാട്ടും ഉള്ള ഒരുൾഗ്രാമത്തിലും ഒരുപോലെ അല്ലല്ലോ. ഒരേ സമയം നിശ്ചയിക്കുന്നത് എന്ത് അശാസ്ത്രീയമാണ്?? ഈ 2 ആഴ്ച നാട്ടിലെ വീട് പൂട്ടിയിട്ടിട്ട് മറ്റാവശ്യങ്ങൾക്ക് പോകുന്ന ഒരാളുടെ വോട്ട് Absent / Shift / Death എന്നീ ഓപ്ഷൻസ് മാത്രം വെച്ച് നിങ്ങൾ ഇല്ലാതാക്കണമെന്ന് നിങ്ങൾക്ക് തന്ന നിർദ്ദേശം തന്നെ മര്യാദകേടാണ്.

ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം? നിങ്ങളുടെ ജീവിതവും മനസമാധാനവും ആരോഗ്യവും കളഞ്ഞുള്ള ഒരു ഓട്ടത്തിനും നിൽക്കരുത്. അത് നിങ്ങളുടെ മനുഷ്യാവകാശമാണ്. എന്നുവെച്ചാൽ ഈ സർക്കാരിനും ദേശീയതയ്ക്കും ഒക്കെ മേലെയുള്ള ഒരു ജീവി എന്ന അവകാശം. ആരോഗ്യവും മനസമാധാനവും ഉറപ്പാക്കിയ ശേഷം മാത്രം, പറ്റുന്നത്ര ആത്മാർത്ഥമായി ജോലി തീർക്കാൻ ശ്രമിക്കുക. മനുഷ്യത്വവിരുദ്ധമായ ടാർജറ്റുകളെ സംഘടിതമായി എതിർക്കുക. ജോലിയിൽ നിന്ന് കൂട്ടായി പിരിച്ചുവിടുകയൊന്നുമില്ല. നിങ്ങളുടെ Dignity യേ ഹനിക്കുന്ന ഒരു ചീത്തയും കേൾക്കാൻ നിങ്ങൾക്ക് തൊഴിൽപരമായ ഒരു ബാധ്യതയുമില്ല. ശ്രമിച്ചാലും എടുത്താൽ പൊങ്ങാത്ത പണി പറ്റില്ലെന്ന് ധൈര്യമായി പറയുക. പറ്റുന്ന പണി മാത്രം തീർക്കുക.

ഒരു മെമ്മോ, അങ്ങേയറ്റം കൂടിപ്പോയാൽ ഒരു സസ്പെൻഷൻ അതിനപ്പുറം ഒന്നും വരാനില്ല. 

ഈ തെരഞ്ഞെടുപ്പിന് ശേഷവും നിങ്ങളെ ഞങ്ങൾക്ക് മാനസിക ആരോഗ്യത്തോടെ ആവശ്യമുണ്ട്. നിങ്ങടെ കുടുംബത്തിനും കൂട്ടുകാർക്കും ആവശ്യമുണ്ട്. സസ്പെൻഷനിൽ ഉള്ള പല സുഹൃത്തുക്കളും മാനസികാരോഗ്യം നന്നായി കൂടിയവരായി കാണപ്പെടുന്ന ഇക്കാലത്ത് അകാരണമായി ഏറ്റു വാങ്ങുന്ന ഏത് ശിക്ഷയെ ചോദ്യം ചെയ്യാനും സൗജന്യ നിയമസഹായം നൽകാൻ ഒരുകൂട്ടം അഭിഭാഷക സുഹൃത്തുക്കൾ നിങ്ങൾക്കുണ്ട് എന്ന് കൂടി ഓർക്കുക.