*എസ്.ഐ.ആര്‍ മെഗാ ക്യാമ്പ് നവംബര്‍ 30ന്*
Keralanewsmedia
PRESS RELEASE KOLLAM 29/11/2025
*തദ്ദേശ തിരഞ്ഞെടുപ്പ് - 2025*
*എസ്.ഐ.ആര്‍ മെഗാ ക്യാമ്പ് നവംബര്‍ 30ന്*
മങ്ങാട് വില്ലേജ് പരിധിയിലെ കൊല്ലം മണ്ഡലത്തിലെ 145 മുതല്‍ 163 വരെയുള്ള ബൂത്തുകളിലേയും, ഇരവിപുരം മണ്ഡത്തിലെ മൂന്ന്, നാല്, അഞ്ച് ബൂത്തുകളിലേയും വോട്ടര്‍മാര്‍ക്കായി എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകളുടെ കളക്ഷന്‍/ ഡിജിറ്റൈസേഷന്‍ ക്യാമ്പ് മങ്ങാട് വില്ലേജ് ഓഫീസില്‍ നവംബര്‍ 30 ന് രാവിലെ 10 മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കും.
(പി.ആര്‍.കെ നമ്പര്‍ 3420/2025)
*കൊടികള്‍, തോരണങ്ങള്‍, ഫ്‌ളക്സ് ബോര്‍ഡുകള്‍; 24 മണിക്കൂറിനകം നീക്കം ചെയ്യണം*
കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടികള്‍, തോരണങ്ങള്‍, ഫ്‌ളക്സ് ബോര്‍ഡുകള്‍, സ്തൂപങ്ങള്‍ എന്നിവ 24 മണിക്കൂറിനകം നീക്കം ചെയ്യണം. അല്ലാത്തവ കോര്‍പ്പറേഷന്‍ സ്‌ക്വാഡ് മാറ്റി ബോര്‍ഡ് ഒന്നിന് 5000 രൂപ വീതം പിഴയും ഈടാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. നീക്കം ചെയ്യുന്ന സാമഗ്രികളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ കണ്ടെത്തിയാല്‍ പിഴയും ചിലവുകളും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3421/2025)
*തിരഞ്ഞെടുപ്പ്; ഉദ്യോസ്ഥര്‍ക്ക് അവധി*
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കില്‍ ആ ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവായി.
(പി.ആര്‍.കെ നമ്പര്‍ 3422/2025)
*തിരഞ്ഞെടുപ്പ്; സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണം*
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട്കൂടിയുള്ള അവധി സ്ഥാപനഉടമകള്‍ നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
(പി.ആര്‍.കെ നമ്പര്‍ 3423/2025)
*തദ്ദേശ തിരഞ്ഞെടുപ്പ്; മദ്യശാലകള്‍ അടച്ചിടണം*
തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴ് വൈകിട്ട് ആറ് മുതല്‍ പോളിംഗ് ദിവസമായ ഡിസംബര്‍ ഒമ്പതിന് പോളിംഗ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 നും റീപോളിംഗ് നടക്കുന്ന ദിവസങ്ങളിലും ജില്ലയില്‍ ‘ഡ്രൈ ഡേ' ആയിരിക്കും. മദ്യംവില്‍ക്കുന്ന/വിളമ്പുന്ന വില്‍പ്പനശാലകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍ എന്നിവ അടച്ചിടണം. വ്യക്തികള്‍ മദ്യംസൂക്ഷിക്കുന്നതും നിരോധിച്ചു.
ലൈസന്‍സില്ലാത്ത വ്യക്തികളുടെയും സ്ഥലങ്ങളിലെയും മദ്യ സംഭരണവും വില്‍പ്പനയും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
(പി.ആര്‍.കെ നമ്പര്‍ 3424/2025)













