*സുരക്ഷാക്രമീകരണം കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം*!*തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി പൊതുനിരീക്ഷകന്‍*
Keralanewsmedia
PRESS RELEASE 02/12/2025
*സുരക്ഷാക്രമീകരണം കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം*!*തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി പൊതുനിരീക്ഷകന്‍*
തദ്ദേശതിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ കുറ്റമറ്റനിലയിലെന്ന് ഉറപ്പാക്കാന്‍ പൊതുനിരീക്ഷകന്‍ സബിന്‍സമീദ് നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ പരിശോധിക്കവേ തിരഞ്ഞെടുപ്പ്പ്രക്രിയ സുതാര്യവും കാര്യക്ഷമവുമാക്കാന്‍വേണ്ട നടപടിക്രമങ്ങളും വിശദീകരിച്ചു. ബ്ലോക്കുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷന്‍ പരിധിയിലെയും കേന്ദ്രങ്ങളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുമായി വിശദമായി ചര്‍ച്ചയും നടത്തി. നിലവിലെ സജ്ജീകരണങ്ങളും സംവിധാനങ്ങളും തൃപ്തികരമാണെന്ന് വിലയിരുത്തി. ഉദ്യോഗസ്ഥ ഏകോപനം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നും വ്യക്തമാക്കി. വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെ നടത്തും. അതത് വരണാധികാരികളാണ് നിര്‍വഹിക്കുക എന്നും അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3429/2025)
*വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കലക്ടര്‍*
വ്യാജ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് പണംതട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി. ജില്ലാ കലക്ടറുടെ വ്യാജപ്രൊഫൈല്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട എന്യുമറേഷന്‍ ഫോംവിതരണം പൂര്‍ത്തിയാക്കിയ ബി എല്‍ ഒമാര്‍ക്ക് അഭിനന്ദനം അറിയിച്ചാണ് സന്ദേശങ്ങള്‍, തുടര്‍ന്നാണ് പണം ആവശ്യപ്പെടുന്നതും. ഇത്തരംസന്ദേശങ്ങളില്‍ തെറ്റിദ്ധരിച്ച് പണമയക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3430/2025)
*പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് - ജില്ലാ കലക്ടര്‍*
തദ്ദേശതിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് ജില്ലയിലെ 61 ബൂത്തുകള്‍ പ്രശ്നബാധിതമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കര്‍ശനസുരക്ഷാക്രമീകരണം സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംഗ്-വിഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തുകയാണ്. നിരന്തരനിരീക്ഷണത്തിനായാണ് സാങ്കേതികസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. സുഗമമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാതല കണ്ട്രോള്‍-മോണിറ്ററിങ് സെല്‍ രൂപീകരിച്ചതായും വ്യക്തമാക്കി.
(പി.ആര്‍.കെ നമ്പര്‍ 3431/2025)
*തദ്ദേശ തിരഞ്ഞെടുപ്പ്; കമ്മീഷനിംഗ് ഡിസംബര്‍ മൂന്നിന്*
കൊല്ലം കോര്‍പ്പറേഷനിലേക്ക് (1 മുതല്‍ 28 വരെയുള്ള ഡിവിഷനുകള്‍) പൊതുതിരഞ്ഞെടുപ്പിനായി ഡിസംബര്‍ മൂന്നിന് രാവിലെ 9.30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് സര്‍ക്കാര്‍ മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. സ്ഥാനാര്‍ത്ഥിയോ മുഖ്യഏജന്റോ പങ്കെടുക്കേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3432/2025)
*2026 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് (റിന്യൂവല്‍) അപേക്ഷിക്കാം*
*ഡിസംബര്‍ 10 നകം പ്രിന്റ്ഔട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം*
മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2026ലേക്ക് പുതുക്കുന്നതിന് 2025 ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2025ല്‍ അക്രഡിറ്റേഷന്‍ പതുക്കി, കാര്‍ഡ് ലഭിച്ചവരാണ് പുതുക്കേണ്ടത്. www.prd.kerala.gov.in വെബ്സൈറ്റില്‍ ചുവടെ നല്‍കിയിട്ടുള്ള മീഡിയ അക്രഡിറ്റേഷന്‍ പുതുക്കല്‍ ലിങ്കില്‍ കയറിയാണ് അപേക്ഷ നല്‍കേണ്ടത്. https://duk.ac.in/iprd/ എന്ന ലിങ്കിലൂടെയും പുതുക്കാം. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നതാണ് ഉചിതം. അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും നല്‍കി നിലവിലുള്ള പ്രൊഫൈല്‍ പേജില്‍ പ്രവേശിക്കാം. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ ഫൊര്‍ഗോട്ട് പാസ്വേഡ് വഴി റീസെറ്റ് നല്‍കിയാല്‍ പുതിയ പാസ്വേഡ് അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ മെയിലില്‍ ലഭിക്കും. (പുതിയ പാസ്വേഡ് മെയിലിലെ ഇന്‍ബോക്സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡര്‍ കൂടി പരിശോധിക്കണം.)
പ്രൊഫൈലില്‍ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങി) ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. ബ്യൂറോയിലുള്ളവര്‍ മീഡിയാ വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. രേഖപ്പെടുത്തിയ വിവരങ്ങള്‍ അപേക്ഷകന് പരിശോധിക്കാന്‍ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. അപ്ഡേഷനുകള്‍ കണ്‍ഫേം ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രം സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡിസംബര്‍ 10ന് വൈകിട്ട് അഞ്ചിനകം നല്‍കണം. നിലവില്‍ ഉള്ള കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പുതിയതായി അക്രഡിറ്റേഷന്‍ അനുവദിച്ചവര്‍ക്ക്:
29.10.2005 ലെ സി1/83/2025 ഐ&പിആര്‍ഡി ഉത്തരവ് പ്രകാരം പുതുതായി അക്രഡിറ്റേഷന്‍ അനുവദിച്ചവര്‍ https://duk.ac.in/iprd/index.php ലിങ്കിലൂടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യണം.













