ജെമിനി സർക്കസ് തൊടുപുഴയിൽ; മെക്സിക്കൻ വീൽ ഓഫ് ഡെത്തും റോബോട്ടിക് വന്യജീവികളും വിസ്മയം തീർക്കുന്നു
റിപ്പോർട്ട് :സുനിൽ നെയ്യാറ്റിൻകര
ജെമിനി സർക്കസ് തൊടുപുഴയിൽ; മെക്സിക്കൻ വീൽ ഓഫ് ഡെത്തും റോബോട്ടിക് വന്യജീവികളും വിസ്മയം തീർക്കുന്നു
തൊടുപുഴ: ഇന്ത്യയിലെ ഏറ്റവും വലിയ സർക്കസ്സായ ജെമിനി സർക്കസ് തൊടുപുഴയിൽ പുളിമുട്ടിൽ സാജൻ ഗ്രൗണ്ടിൽ പ്രദർശനം തുടരുന്നു. ലോകോത്തര നിലവാരമുള്ളതും കണ്ണഞ്ചിപ്പിക്കുന്നതുമായ പ്രകടനങ്ങളാണ് ഈ രണ്ടു മണിക്കൂർ നീളുന്ന ഷോയുടെ ആകർഷണം.
ആഫ്രിക്ക, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 100-ൽ പരം പരിശീലനം സിദ്ധിച്ച കലാകാരന്മാരാണ് അരങ്ങിലെത്തുന്നത്. വിദേശ താരങ്ങളുടെ സാന്നിധ്യം പ്രകടനങ്ങൾക്ക് ഇരട്ടി മാറ്റ് കൂട്ടുന്നു.
ഷോയിൽ മുപ്പതിലേറെ വിസ്മയ പ്രകടനങ്ങളുണ്ട്. കാണികളെ മുൾമുനയിൽ നിർത്തുന്ന മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിങ്, അക്രോബാറ്റിക് ചെയർ ബാലൻസിങ്, ഡെന്റൽ എരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, റോളർ ആക്ട്, സ്റ്റിക്ക് ബാലൻസ് എന്നിവ പ്രധാന ഇനങ്ങളാണ്. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന പുതിയ ക്ലൗൺ ആക്ടുകളും സർക്കസ്സിനു മിഴിവേകുന്നു. കൂടാതെ, സെൽഫിയെടുക്കാൻ സൗകര്യപ്രദമായ റോബോട്ടിക് വന്യജീവികളും ഒരുക്കിയിട്ടുണ്ട്.
എല്ലാ കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്ന വാട്ടർപ്രൂഫ്, ഫയർപ്രൂഫ് ടെന്റിലാണ് പ്രദർശനം നടക്കുന്നത്. ദിവസേന 1 മണി, 4 മണി, 7 മണി എന്നീ സമയങ്ങളിലായി മൂന്ന് പ്രദർശനങ്ങളാണുള്ളത്. ടിക്കറ്റുകൾക്ക് 150, 200, 250, 350 എന്നിങ്ങനെയാണ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്കായി 9744829866, 8281484808 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.













