എരുമേലി ശ്രീനിപുരം വാർഡിൽ ജയിച്ച സിപിഎമ്മിന്റെ അമ്പിളി സജീവനെതിരെ വായ്പ കുടിശികയിൽ റവന്യു റിക്കവറി നടപടി ഉള്ളത് മൂലം അയോഗ്യത ഉന്നയിച്ച് പരാതി ജില്ലാ കളക്ടർക്ക് നൽകി എസ്ഡിപിഐ.
Keralanewsmedia
എരുമേലിയിൽ ഭരിക്കാൻ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ഇല്ലങ്കിലും പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായതിനാൽ ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇടതുപക്ഷത്തുള്ള ഏക പട്ടിക വർഗ അംഗമായ ശ്രീനിപുരം വാർഡിൽ ജയിച്ച സിപിഎമ്മിന്റെ അമ്പിളി സജീവനെതിരെ വായ്പ കുടിശികയിൽ റവന്യു റിക്കവറി നടപടി ഉള്ളത് മൂലം അയോഗ്യത ഉന്നയിച്ച് പരാതി ജില്ലാ കളക്ടർക്ക് നൽകി എസ്ഡിപിഐ.
തൽക്കാല ആശ്വാസം.
എന്നാൽ സ്ഥാനാർത്ഥിയായപ്പോൾ ആക്ഷേപം സമർപ്പിക്കാൻ സമയം അനുവദിച്ചപ്പോൾ പരാതി ഇല്ലാതിരിക്കുകയും തുടർന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചയുടനെ പരാതി ഉണ്ടാവുകയും ചെയ്താൽ ഈ പരാതി മൂലം അംഗത്തെ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലന്ന് നിയമ വിദഗ്ധർ. സത്യപ്രതിജ്ഞയ്ക്ക് ശേഷം തീയതിയും സമയവും നിശ്ചയിച്ച് കക്ഷികൾക്ക് നോട്ടീസ് നൽകി ഹാജരാകാൻ അവസരം നൽകി ഹിയറിങ് നടത്തിയാണ് പരാതി തീർപ്പാക്കുക എന്നതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ അംഗത്തിന് കഴിയുമെന്ന് നിയമജ്ഞർ പറയുന്നു. പരാതിയിലുണ്ടാകുന്ന തീർപ്പ് അംഗത്തെ അയോഗ്യത ആയി പ്രഖ്യാപിക്കുന്ന തീരുമാനം ആണെങ്കിൽ മാത്രം ആണ് അംഗത്വം റദ്ദാക്കപ്പെടുക. അതുകൊണ്ട് തന്നെ പരാതി കൊണ്ട് തൽക്കാലം ഇടതുപക്ഷത്തിന് പ്രതിസന്ധിയില്ലങ്കിലും ഹിയറിങ്ങിൽ തീരുമാനം പ്രതികൂലമായാൽ തിരിച്ചടിയാകുമെന്നാണ് നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. എന്നാൽ അയോഗ്യത സംബന്ധിച്ച പരാതി നിലനിൽക്കില്ലന്നും ഇതിനെ പ്രതിരോധിക്കാൻ വ്യക്തമായ രേഖകൾ ഉണ്ടെന്നുമാണ് ഇടതുപക്ഷ നേതൃത്വത്തിന്റെ അവകാശവാദം.
രാജന് വഴി എളുപ്പമായാൽ.
അയോഗ്യത കൽപ്പിക്കപ്പെടുന്ന പക്ഷം അമ്പിളി സജീവന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ലന്ന് മാത്രമല്ല അംഗത്വം റദ്ദാക്കപ്പെടുകയും ഇടതുപക്ഷത്തിന്റെ അംഗബലം ഏഴിൽ നിന്ന് ആറായി കുറയുകയും വൻ തിരിച്ചടിയായി മാറുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ നേട്ടമായി മാറുന്നത് ബിജെപിയ്ക്കാണ്. ആകെ രണ്ട് അംഗങ്ങൾ ഉള്ള ബിജെപിയിൽ ഒരാൾ പട്ടിക വർഗ അംഗമാണ്. പട്ടിക വർഗ സംവരണ വാർഡായ ഉമ്മിക്കുപ്പയിൽ നിന്ന് ജയിച്ച ബിജെപി അംഗം കെ കെ രാജന് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ അമ്പിളി അയോഗ്യയായാൽ സാധിക്കും.
ബിജെപിയെ സഹായിച്ച് എസ്ഡിപിഐ.
അമ്പിളി ജയിച്ച ശ്രീനിപുരം വാർഡിൽ രണ്ടാം സ്ഥാനത്ത് വോട്ട് നേടിയ എസ്ഡിപിഐ സ്ഥാനാർത്ഥി രസ്ന ഹാഷിം ആണ് അമ്പിളിക്കെതിരെ അയോഗ്യത ആരോപണം ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഈ പരാതി മൂലം അമ്പിളി അയോഗ്യയായി മാറിയാൽ ബിജെപി അംഗത്തിന് പ്രസിഡന്റ് ആകാൻ അവസരമൊരുക്കിയത് പരാതി കൊടുത്ത എസ്ഡിപിഐ മൂലമാണെന്ന് വരും. ഇത് എസ്ഡിപിഐ യുടെ രാഷ്ട്രീയ ആദർശത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ശ്രീനിപുരം വാർഡിലെ ബിജെപി, കോൺഗ്രസ് ഭാരവാഹികൾ കൂടി പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
പരാതിയിലെ ഉള്ളടക്കം.
അമ്പിളി ഉൾപ്പടെ അഞ്ച് പേർ ചേർന്ന് പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് മലബാർ ഗ്രാമീൺ ബാങ്ക് മുഖേനെ പരസ്പര ജാമ്യത്തിൽ എടുത്ത വായ്പ പൂർണമായും തിരിച്ചടക്കാത്തതിനെതിരെ റവന്യു റിക്കവറി നോട്ടീസ് ലഭിച്ച വിവരം മറച്ചു വെച്ചാണ് അമ്പിളി സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക നൽകിയതെന്ന് എതിർ സ്ഥാനാർത്ഥി രസ്ന നൽകിയ പരാതിയിൽ പറയുന്നു.
അമ്പിളിയുടെ മറുപടി.
എന്നാൽ താൻ ഉൾപ്പടെ മൂന്ന് പേർ വായ്പ തിരിച്ചടയ്ക്കുകയും തുക രണ്ട് പേർ അടയ്ക്കാതെ കുടിശിക ആയതോടെ ആണ് റവന്യു റിക്കവറി ഉണ്ടായതെന്നും ഇക്കാര്യം ബോധ്യപ്പെടുത്തി റവന്യു റിക്കവറിയിൽ നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർക്ക് നേരത്തെ അപേക്ഷ നൽകിയിരുന്നു എന്നും അമ്പിളി സജീവൻ പറയുന്നു. തുക അടക്കാതിരുന്നവർക്കെതിരെ താൻ നേരത്തെ എരുമേലി പോലീസിൽ പരാതി നൽകുകയും തുക അടയ്ക്കാമെന്ന് ഇവർ പോലീസിന് സമ്മതം അറിയിച്ച് എഴുതി ഉറപ്പ് നൽകിയതാണെന്നും ഇക്കാര്യം അടക്കം ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ഹാജരാക്കിയിരുന്നു എന്നും അമ്പിളി സജീവൻ പറഞ്ഞു. റവന്യു റിക്കവറി ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതിന് ജില്ലാ കളക്ടർക്ക് നേരത്തെ നൽകിയ അപേക്ഷയിൽ അനുഭാവപൂർവ്വം ആണ് കളക്ടർ നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വായ്പ കുടിശികക്കാർക്ക് മാത്രമായി ബാധ്യത മാറിയെന്നിരിക്കെ ഇത് ആയുധമാക്കി അയോഗ്യത പരിവേഷം ചാർത്താനുള്ള നീക്കത്തെ നിയമപരമായി നേരിടാനാണ് ഇടതുപക്ഷ നീക്കം.
എന്നാൽ ഈ വാദങ്ങൾ അയോഗ്യത സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദേശങ്ങളുമായി യോജിക്കുന്നത് അല്ലങ്കിൽ അയോഗ്യത നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.
യുഡിഎഫ് ആലോചനയിലാണ്.
അതേസമയം അമ്പിളിയുടെ അയോഗ്യത വിഷയം കോൺഗ്രസ് - യുഡിഎഫ് നേതൃത്വം ഗൗരവത്തിലെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അമ്പിളിയെക്കാളും ഇടതുപക്ഷത്തേക്കാളും ഗുരുതരമായ പ്രതിസന്ധി ആണ്
പ്രസിഡന്റ് സ്ഥാനാർത്ഥി ഇല്ലാത്തത് മൂലം യുഡിഎഫ് നേരിടുന്നത്. ഇതിനുള്ള പരിഹാരം ആണ് യുഡി എഫിന്റെ മുഖ്യ വിഷയം.
യുഡിഎഫ് ഫോർമുല ഇങ്ങനെ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കില്ല എന്നും ഭരണം പ്രതിസന്ധിയിലാക്കുന്ന തീരുമാനം സ്വീകരിക്കില്ലന്നുമാണ് നിലവിൽ യുഡിഎഫിലുള്ള പൊതു ധാരണ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് ഒപ്പ് വെച്ച ശേഷം വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടു നിൽക്കാനും തുടർന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ട് മാസത്തിനു ശേഷം അംഗത്വം രാജി വെക്കുന്നതും യുഡിഎഫിന് ജയിക്കാൻ കഴിയുന്നതുമായ വനിതാ വാർഡ് അംഗത്തെ വൈസ് പ്രസിഡന്റ് ആക്കാനുമാണ് യുഡിഎഫ് നീക്കം. ഇങ്ങനെ ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച് പട്ടിക വർഗ വനിതാ അംഗത്തെ മത്സരിപ്പിച്ച് ജയിപ്പിച്ചു പ്രസിഡന്റ് സ്ഥാനം നേടാനാണ് യുഡിഎഫിന്റെ ആലോചന.
സ്ഥാനാർഥികളുടെ വായ്പ കുടിശിക വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ അയോഗ്യത മാനദണ്ഡം ചുവടെ
സർക്കാരിലേയ്ക്കോ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവർ അയോഗ്യരാണ്. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്കുകയും അതിൽ നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.
ബാങ്കുകൾക്കോ സർവ്വീസ് സഹകരണ സംഘങ്ങൾക്കോ നല്കാനുള്ള കുടിശിക സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശികയായി കരുതാൻ കഴിയില്ല. ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽകൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല.
സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കിൽ അതിൽപ്പറയുന്ന ഗഡുക്കൾ മുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കു|ടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാകുകയുള്ളൂ.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













