കൊല്ലം പി ആർ ഡി വാർത്ത

Keralanewsmedia

കൊല്ലം പി ആർ ഡി വാർത്ത

കേരള ന്യൂസ്‌ മീഡിയ 

PRESS RELEASE 12/01/2026

*കെ-സ്റ്റോറിലൂടെ കശുവണ്ടി കോര്‍പ്പറേഷന്‍ ഉല്‍പന്നങ്ങളുടെ വില്പന*

*സംസ്ഥാനതല ഉദ്ഘാടനം ജനുവരി 13ന്*

കെ-സ്റ്റോര്‍ മുഖേന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 13ന് രാവിലെ ഒന്‍പതിന് തെക്കേവിള പുത്തന്‍നട 182 ആം നമ്പര്‍ കെ.സ്റ്റോറില്‍ ഭക്ഷ്യ-പൊതുവിതരണ- ഉപഭോക്തൃകാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. എം. നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. എന്‍.കെ.പ്രേമചന്ദ്രന്‍ എം പി യാണ് മുഖ്യാതിഥി. കോര്‍പ്പറേഷന്‍ മേയര്‍ എ.കെ.ഹഫീസ് ആദ്യവില്പന നിര്‍വഹിക്കും. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 89/2026)

*കുണ്ടറ താലൂക്ക് ആശുപത്രി: ബഹുനില മന്ദിരം ജനുവരി 19ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും*

 കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജനുവരി 19 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, എം.മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ജി ബാബുലാല്‍ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു.

കിഫ്ബി ഫണ്ടില്‍ നിന്ന് 76.13 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ഏഴ് നില കെട്ടിടത്തില്‍ 130 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവിലുള്ള ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന്‍ സേവനങ്ങള്‍ക്ക് പുറമേ ഓര്‍ത്തോഡോന്റിക്, സര്‍ജറി, ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങളും പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ലഭ്യമാകും. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍, നാല് ഐ.സി.യു, ജനറല്‍ പേവാര്‍ഡ്, സ്‌കാനിങ് ലബോറട്ടറി, എക്സ്-റേ, പോസ്റ്റ്മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ഓമനക്കുട്ടന്‍, പേരയം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം, കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ വര്‍ഗീസ്, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയന്‍, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് വി മനോജ്, പനയം പഞ്ചായത്ത് പ്രസിഡന്റ് വിനീത വിജയന്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. ബിന്ദു മോള്‍, ഡി എം ഒ ഡോ എം.എസ് അനു, ഡി പി എം ഡോ. ദേവ് കിരണ്‍, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വിജയകുമാര്‍, ചിറ്റുമല ബ്ലോക്ക്മുന്‍ പ്രസിഡന്റ് ജയദേവി മോഹന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 90/2026)

*മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് : സ്‌കൂള്‍-കോളജ് തല മത്സരങ്ങള്‍ക്ക് തുടക്കമായി*

ജില്ലയില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് മത്സരത്തിന് തുടക്കമായി. നവകേരളസൃഷ്ടിയും കേരളത്തിന്റെവളര്‍ച്ചയും അടിസ്ഥാനമാക്കിയാണ് മത്സരം. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല - കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി പ്രാഥമികതല വ്യക്തിഗത മത്സരമാണ് നടത്തിയത്. കോളജ് തലത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ തലത്തില്‍ ടീം രൂപീകരിച്ചാണ് മത്സരം.

ക്വിസ് പഠന സഹായ സാമഗ്രികള്‍ www.cmmegaquiz.kerala.gov.in വെബ്‌സൈറ്റില്‍ സൗജന്യമായി ലഭ്യമാക്കി. സ്‌കൂള്‍തല വിജയികള്‍ക്ക് ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപവീതമാണ് സമ്മാനം. കോളജ്തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതവുമാണ് സമ്മാനങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിജയികള്‍ക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.

(പി.ആര്‍.കെ നമ്പര്‍ 91/2026)

*മിനി മാരത്തണ്‍ ജനുവരി 13ന്*

ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരസംഗമം-പടവ് 2026 ജനുവരി 18 മുതല്‍ 21 വരെ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് ജനുവരി 13 ന് രാവിലെ ആറിന് കൊല്ലം ബീച്ചില്‍ നിന്നും ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസ്‌വരെ മിനി മാരത്തണ്‍ സംഘടിപ്പിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ബീച്ചില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.  

(പി.ആര്‍.കെ നമ്പര്‍ 92/2026)

*മാലിന്യത്തില്‍ നിന്നും കലാസൃഷ്ടി; ജില്ലാതല മത്സരം ജനുവരി 13ന്*  

  ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യസംസ്‌കരണത്തിന് പുതുവഴി കണ്ടെത്തുന്നതിന്റെ ഭാഗമായി മാലിന്യത്തില്‍നിന്നും കലാസൃഷ്ടികള്‍ തീര്‍ക്കും. ജില്ലാതല മത്സരം ജനുവരി 13ന് രാവിലെ ഒമ്പത് മുതല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ ഹാള്‍ അനക്‌സ് ബില്‍ഡിംഗില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

ഉച്ചയ്ക്ക് രണ്ട് മുതല്‍ സൃഷ്ടികള്‍ കാണാനും അവസരം ഉണ്ടാകും. വൈകിട്ട് നാലിന് സമാപന സമ്മേളനം കോര്‍പ്പറേഷന്‍ മേയര്‍ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അധ്യക്ഷയാകും. കേരള ലളിതകലാ അക്കാഡമി മുന്‍ ചെയര്‍മാന്‍ നേമം പുഷ്പരാജ് വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍, സംസ്ഥാന ശുചിത്വ മിഷന്‍ ഡയറക്ടര്‍മാര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍ (എല്‍.എസ്.ജി.ഡി) തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 93/2026)

 

*ഹോം ഗാര്‍ഡ് നിയമനം*

  ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായവരെയും പരിഗണിക്കും.

  ആര്‍മി, നേവി, എയര്‍ഫോഴ്‌സ് ബി.എസ്.എഫ്, സി.ആര്‍.പി.എഫ്. എന്‍.എസ്.ജി. എസ്.എസ്.ബി. ആസ്സാം റൈഫിള്‍സ് തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍നിന്നും റിട്ടയര്‍ ചെയ്ത സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.

പ്രായപരിധി: 35 - 58 വയസ്. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടം, 30 മിനിട്ടുനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നടത്തം എന്നീ ശാരീരികക്ഷമതാ പരീക്ഷകളുണ്ടാകും.

  പ്രായം, മേല്‍വിലാസം, യോഗ്യത, മുന്‍കാല സര്‍വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 28നകം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍ നം. 0474 2746200.

(പി.ആര്‍.കെ നമ്പര്‍ 94/2026)

*ക്വട്ടേഷന്‍*

സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ വിമുക്തഭട•ാരായ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിന് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. പ്രായപരിധി: 50 വയസ്. ഫോണ്‍: 0474 2752700.

(പി.ആര്‍.കെ നമ്പര്‍ 95/2026)

*യോഗം ചേരും*

  രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് ജനുവരി 21 രാവിലെ 10.30ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ യോഗം ചേരും.

(പി.ആര്‍.കെ നമ്പര്‍ 96/2026)

*ഉത്സവമേഖലകളായി പ്രഖ്യാപിച്ചു*

കുന്നത്തൂര്‍ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം, തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 20ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവ മേഖലകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തഴുത്തല ക്ഷേത്രത്തില്‍ രണ്ട് കിലോമീറ്ററിനുള്ളില്‍ മദ്യനിരോധനവുമുണ്ട്.  

(പി.ആര്‍.കെ നമ്പര്‍ 97/2026)

*മദ്യനിരോധനം*

ശക്തികുളങ്ങര ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം സമ്പൂര്‍ണമദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

(പി.ആര്‍.കെ നമ്പര്‍ 98/2026)

*കംപ്യൂട്ടര്‍ കോഴ്‌സുകള്‍*  

മുട്ടട ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. അവസാന തീയതി : ജനുവരി 15. ഫോണ്‍: 0471-2550612, 9400519491, 8547005087.  

(പി.ആര്‍.കെ നമ്പര്‍ 99/2026)