*മംഗളം ബഹുജന മാർച്ച് മാറ്റി: സംയുക്ത ട്രേഡ് യൂണിയൻ*
Keralanewsmedia
കേരള ന്യൂസ് മീഡിയ
*മംഗളം ബഹുജന മാർച്ച് മാറ്റി: സംയുക്ത ട്രേഡ് യൂണിയൻ*
മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ കോട്ടയത്ത് മംഗളം ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 10ന് പ്രഖ്യാപിച്ച ബഹുജന മാർച്ച് മാറ്റിവച്ചു. കുടിശ്ശിക ശമ്പള വിതരണത്തിലും മുടക്കം വരുത്തിയ ആനുകൂല്യങ്ങളിലും മംഗളം മാനേജ്മെന്റ് നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് മാർച്ച് മാറ്റിവയ്ക്കുന്നതെന്ന് സമരസമിതി ചെയർമാൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, വർക്കിങ് ചെയർമാൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ജനറൽ കൺവീനർ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ശമ്പളനിഷേധം അടക്കം മാധ്യമ മേഖലയിലെ തൊഴിൽ ചൂഷണത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയനുമായും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷനുമായും ചേർന്ന് സംയുക്ത ട്രേഡ് യൂണിയനുകൾ കർക്കശ നടപടികളുമായി മുന്നോട്ടുപോകും.
ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ ബഹുജന മാർച്ച് അടക്കം ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടാവും.
മാധ്യമം അടക്കം പത്ര മാനേജ്മെന്റുകൾ കടുംപിടിത്തം അവസാനിപ്പിക്കാനും ശമ്പള കുടിശ്ശിക തീർക്കാനും അടിയന്തര നടപടി സ്വീകരിച്ചേ മതിയാവൂ.
പണിയെടുത്ത കൂലിക്ക് വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന തൊഴിലാളികളെ സമ്മർദങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള മാനേജ്മെന്റ് നീക്കം അനുവദിക്കാനാവില്ലെന്നും സമരസമിതി പ്രസ്താവനയിൽ വ്യക്തമാക്കി.













