*പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ കേരള മാതൃകയുമായി : ദേശീയ പരിസ്ഥിതി സമ്മേളനത്തിന് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് തുടക്കം* *(23-02-2026)*

*പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ കേരള മാതൃകയുമായി : ദേശീയ പരിസ്ഥിതി സമ്മേളനത്തിന് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് തുടക്കം* *(23-02-2026)*

കേരള ന്യൂസ്‌ മീഡിയ 

പത്രക്കുറിപ്പ്

                                 22-02-2026

 

*പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ കേരള മാതൃകയുമായി : ദേശീയ പരിസ്ഥിതി സമ്മേളനത്തിന് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് തുടക്കം* *(23-02-2026)*

*ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കും*.

തിങ്കളാഴ്ച മുതല്‍ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കി പ്രദര്‍ശനം

 

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കൈവരിച്ച പരിസ്ഥിതി പുന:സ്ഥാപന നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. 25-ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.

കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകള്‍, മനുഷ്യ വന്യജീവി സംഘര്‍ഷം, പരിസ്ഥിതിയും മാധ്യമങ്ങളും, കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയും, ദുരന്തസാധ്യതാ മേഖലകളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും, ജലബജറ്റ്,

വായു-ജല ഗുണനിലവാരം തുടങ്ങി വിവിധ വിഷയങ്ങളില്‍

പ്രബന്ധാവതരണം, പാനല്‍ ചര്‍ച്ച, വിദഗ്ധരുടെ പ്രതികരണങ്ങള്‍ തുടങ്ങിയവയാണ്

സമ്മേളനത്തിലെ പ്രധാന പരിപാടികള്‍. രണ്ട് സമാന്തര വേദികളിലായി നടക്കുന്ന 18 സെഷനുകളിലായി ആകെ 73 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഇതോടൊപ്പം നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി വിദഗ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മാധ്യമപ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, വകുപ്പു മേധാവികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

 

സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 23 മുതൽ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ വിഷയമാക്കി അറുപതിലധികം സ്റ്റാളുകൾ ഉൾക്കൊള്ളുന്ന വിപുലമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രദർശന വിപണന സ്റ്റാളുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ ഒരു ദശാബ്ദകാലത്തിന് മികച്ച നേട്ടം കൈവരിച്ച കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ ദേശീയ തലത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ സംഗമം സംഘടിപ്പിക്കുന്നത്.

പരിസ്ഥിതി പോരാട്ടത്തിലെ യുവശബ്ദങ്ങൾ തിരുവനന്തപുരത്തേക്ക് ; ലിസിപ്രിയ കാങ്ങുജം, രിധിമ പാണ്ഡേ, പ്രസിദ്ധി സിങ് എന്നിവർ ദേശീയ പരിസ്ഥിതി സമ്മേളനത്തിൽ

യുവ പരിസ്ഥിതി പോരാളികൾ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ വേദിയിൽ ഒത്തുചേരുന്നു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന

"നാളത്തെ പരിസ്ഥിതിക്കായി യുവത" എന്ന പ്രത്യേക സെഷനിലാണ് ലോകശ്രദ്ധ നേടിയ യുവപ്രതിഭകൾ സംവദിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോളതലത്തിൽ ശബ്ദമുയർത്തുന്ന 'ദി ചൈൽഡ് മൂവ്‌മെന്റ്' സ്ഥാപക ലിസിപ്രിയ കാങ്ങുജം, കാലാവസ്ഥാ നിയമപോരാട്ടങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയാകുകയും മദർ തെരേസ മെമ്മോറിയൽ അവാർഡ് നേടുകയും ചെയ്ത രിധിമ പാണ്ഡേ, പരിസ്ഥിതി സേവനത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ബാലപുരസ്കാരം നേടിയ പ്രസിദ്ധി സിംഗ് എന്നിവരാണ് സെഷനിലെ പ്രധാനപ്പെട്ടവർ. ഇവർക്കൊപ്പം കേരളത്തിന്റെ യുവ പരിസ്ഥിതി പ്രവർത്തക ദേവിക കെ.പി.യും ചർച്ചകളിൽ പങ്കുചേരും.

​പ്രകൃതി സംരക്ഷണ മേഖലയിലെ തങ്ങളുടെ സ്വപ്നങ്ങളും വരുംകാലത്തേക്കുള്ള കർമ്മപദ്ധതികളും ഈ യുവ പോരാളികൾ വേദിയിൽ പങ്കുവെക്കും. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഈ പരിപാടി പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടവീഥിയിലിറങ്ങിയ യുവതലമുറയുടെ ഊർജ്ജസ്വലമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പബ്ലിക് റിലേഷൻസ് ഓഫീസർ

9447587632