*പരിസ്ഥിതി ദിനാചരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു*

*പരിസ്ഥിതി ദിനാചരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു*

PRESS RELEASE 05/06/2026

*പരിസ്ഥിതി ദിനാചരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു*

 

*ശുചീകരണത്തോടൊപ്പം പച്ചപ്പിന്റെ പുതുനാമ്പും*

കലക്‌ട്രേറ്റും പരിസരവും ശുചീകരിച്ചും വളപ്പില്‍ വൃക്ഷതൈനട്ടും ലോകപരിസ്ഥിതിദിനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. സിവില്‍ സ്റ്റേഷന്‍ പരിസരം കൂടുതല്‍ മനോഹരവും വൃത്തിയുള്ളതുമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തുടക്കമായത്.

സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള കാലാവധിപിന്നിട്ട വാഹനങ്ങള്‍ നീക്കംചെയ്യും. അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും. മാലിന്യംനിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സാമൂഹികഉത്തരവാദിത്തമാണെന്ന് മാങ്കോസ്റ്റിന്‍ തൈനട്ട് ഉദ്ഘാടനം നിര്‍വഹിക്കവെ ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.  

സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍, കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ പങ്കാളിത്തമുണ്ടായി. എ.ഡി.എം ടി.കെ വിനീത്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായി.

(പി.ആര്‍.കെ നമ്പര്‍ 1061/2026)

*പരിസ്ഥിതി ദിനാഘോഷം*

ജില്ലാ പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടിലും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആര്‍ ലതാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ഫലവൃക്ഷതൈ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് സെല്‍വി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി ജയന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ഷിജു കുമാര്‍, വിനീതകുമാരി, സെക്രട്ടറി ടി.കെ സയൂജ തുടങ്ങിയവര്‍ സംസാരിച്ചു.

(പി.ആര്‍.കെ നമ്പര്‍ 1062/2026)

*ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡിപ്ലോമ കോഴ്സ്*

 

*ജൂണ്‍ ഏഴിന് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വഹിക്കും*

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും' ഡിപ്ലോമ കോഴ്സ് പുതിയബാച്ച് ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ 11-ന് ഫാത്തിമ മാതാ നാഷണല്‍ കോളേജ് സെമിനാര്‍ ഹാളില്‍ സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. തൊഴില്‍, വനിത-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയാകും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും 'ഗുരുവിന്റെ ഏകലോകദര്‍ശനം' വിഷയത്തില്‍ ക്ലാസും നയിക്കും. വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജ് ആമുഖപ്രഭാഷണം നടത്തും. സിന്‍ഡിക്കറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍, റീജിയണല്‍ സെന്റര്‍ ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും.

ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹിക-സാംസ്‌കാരിക-മതപരമായ ഇടപെടലുകള്‍, രചനകളും പ്രസംഗങ്ങളും, ദര്‍ശനങ്ങള്‍ എന്നിവയാണ് ഒരുവര്‍ഷ ഡിപ്ലോമ പ്രോഗ്രാമിന്റെ പ്രധാന പഠനമേഖലകള്‍. രണ്ട് സെമസ്റ്ററുകളിലായി 24 ക്രെഡിറ്റുകളുള്ള കോഴ്‌സ് മലയാളത്തിലുള്ളതാണ്. ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

(പി.ആര്‍.കെ നമ്പര്‍ 1063/2026)

*പരിശീലന പരിപാടി സമാപിച്ചു*

ജില്ലയിലെ തിരഞ്ഞെടുത്ത സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏഴു ദിവസത്തെ 'യുവ ആപദാ മിത്ര' പരിശീലന പരിപാടി സമാപിച്ചു. ജില്ലാ ഫയര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന സമ്മേളനം അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒയുമായ ടി. കെ. വിനീത് ഉദ്ഘാടനം ചെയ്തു. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതും അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സന്നദ്ധരായ യുവജനങ്ങളെ പ്രാപ്തരാക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കലക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് ഡോ. ജി. ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ എന്‍. രാംകുമാര്‍ വിശിഷ്ടാതിഥിയായി. അഗ്‌നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ടി. ശിവകുമാര്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഡി.എം പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ എസ് മീനു, സിവില്‍ ഡിഫന്‍സ് ഡിവിഷണല്‍ വാര്‍ഡന്‍ അഖില്‍ വേണു തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും അഗ്‌നിരക്ഷാ വകുപ്പും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 70 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ എന്‍.ഡി.ആര്‍.എഫ്., അഗ്‌നിരക്ഷാ സേന, റവന്യു തുടങ്ങി വിവിധ വകുപ്പുകളിലെ വിദഗ്ദ്ധര്‍ രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് സംവിധാനങ്ങള്‍, അപകടങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്ക് ഐ.ഡി. കാര്‍ഡ്, യൂണിഫോം, എമര്‍ജന്‍സി കിറ്റ്, അപകട ഇന്‍ഷുറന്‍സ് എന്നിവ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേന ലഭ്യമാക്കും.

(പി.ആര്‍.കെ നമ്പര്‍ 1064/2026)

റാങ്ക് പട്ടിക

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം ലൈന്‍മാന്‍ (കാറ്റഗറി നം.032/25) തസ്തികയുടെ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

(പി.ആര്‍.കെ നമ്പര്‍ 1065/2026)

*തീയതി നീട്ടി*

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടച്ചുവരുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ എല്‍.കെ.ജി., ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷാ തീയതി ജൂണ്‍ 20 വരെ നീട്ടി. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം http://services.unorganisedwssb.org/index.php/home മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0474-2749847.

(പി.ആര്‍.കെ നമ്പര്‍ 1066/2026)

*ബിരുദ കോഴ്‌സ് പ്രവേശനം*  

കുണ്ടറ ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ., ബി.കോം. ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ബി.കോം. കോ-ഓപ്പറേഷന്‍, ബി.കോം. ടാക്സേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഐ.എച്ച്.ആര്‍.ഡി. നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് admissions.ihrd.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കോളേജില്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക് സംവിധാനം ഉണ്ട്. ഫോണ്‍: 0474-2580866, 8547005066, 9961290888, 9495431976

(പി.ആര്‍.കെ നമ്പര്‍ 1067/2026)

*മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 10ാം ക്ലാസ്. 15 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. www.srccc.in മുഖേന ജൂണ്‍ 30 നകം അപേക്ഷിക്കണം. പഠനകേന്ദ്രം: പാരിപ്പള്ളി സ്പോര്‍ട്സ് അക്കാദമി, മെഡിക്കല്‍ കോളേജ് റോഡിന് സമീപം, പാരിപ്പള്ളി. ഫോണ്‍: 9544303030, 7902304006.

(പി.ആര്‍.കെ നമ്പര്‍ 1068/2026)

*പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു*

കേരള സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 25 വരെ പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. സാക്ഷരത, 4, 7, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം. ഏഴാം തരം തുല്യതാ പരീക്ഷയോ, ഔപചാരിക ഏഴാം തരമോ, വിജയിച്ചതോ എസ്.എസ്.എല്‍.സി വിജയിക്കാത്തതോ ആയ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ജനറല്‍ വിഭാഗത്തിനു 1950 രൂപയാണ് ഫീസ്. പത്താംതരം തുല്യതാ പരീക്ഷയോ ഔപചാരിക പത്താം തരമോ വിജയിച്ചതോ പ്രീഡിഗ്രി/ ഹയര്‍സെക്കന്‍ഡറി പാസാകാത്തതോ ആയ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്ലസ് വണ്‍ തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. 2600 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഭിന്നശേഷി പഠിതാക്കള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കോഴ്‌സ് ഫീസില്‍ ഇളവുണ്ട്. സാക്ഷരത, നാലാം തുല്യത,ഏഴാം തരം തുല്യതാ കോഴ്‌സുകളിലേക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. സെക്രട്ടറിമാരുടെ അണ്ടര്‍ടേക്കിങ് ഹാജരാക്കിയാല്‍ മതി. തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയോ ജില്ലാ സാക്ഷരതാ മിഷന്‍ മുഖേനയോ രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 0474 2798020, 9539928507, 9560664283.

(പി.ആര്‍.കെ നമ്പര്‍ 1069/2026)