സഹകരണ മേഖലയെ കൂടുതൽശക്തിപ്പെടുത്തും: മന്ത്രി എം. ലിജു*
*സഹകരണ മേഖലയെ കൂടുതൽശക്തിപ്പെടുത്തും: മന്ത്രി എം. ലിജു*
ഓഡിറ്റിംഗ് സംവിധാനം ക്രമപ്പെടുത്തി നഷ്ടത്തിലായ സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ച് സഹകരണ മേഖലയെ കൂടുതൽശക്തിപ്പെടുത്തുമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. തഴവ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നിലനിൽപ്പിന് സഹകരണ പ്രസ്ഥാനങ്ങൾ അനിവാര്യമാണ്; സാധാരണക്കാരുടെ ആശ്രയ കേന്ദ്രവുമാണ്. സഹകരണ ബാങ്കുകളുടെ ഓഡിറ്റ് ഫീസ് സർക്കാർ കുറച്ചു.
സഹകരണ പ്രസ്ഥാനങ്ങളുടെ പുനരുദ്ധാരണഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രവർത്തനം മെച്ചപ്പെടുത്താൻ ഡയറക്ടർ ബോർഡിൽ ബാങ്കിംഗ്-സാമ്പത്തിക വിദഗ്ധരെ ഉൾപ്പെടുത്താവുന്നതാണ്. നിർധനരായ ആളുകളുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കുടിശിക വരുത്തിയവരുടെ പക്കൽനിന്നും ഈടാക്കാനും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സഹകരണ ബാങ്കുകൾ നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ സുജ, വൈസ് പ്രസിഡന്റ് നിസാം തോപ്പിൽ തറയിൽ, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ, തഴവ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിജു, സുമ, അമ്പിളി, തഴവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാവുമ്പ ബി അനിൽ, വിവിധ സർവീസ് സഹകരണ ബാങ്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.













