അതിതീവ്ര ചുഴലിക്കാറ്റ്, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ മുന്നറിയിപ്പ്

Keralanewsmedia:online

അതിതീവ്ര ചുഴലിക്കാറ്റ്, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.എന്നാൽ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു.വരും മണിക്കൂറുകളിൽ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്.അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.