സുരക്ഷ ഒരുക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; കേരള സൂപ്പർ ലീഗ് സെമി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്
Keralanewsmedia:online
തൃശൂർ: സൂപ്പർ ലീഗ് കേരള രണ്ടാംസീസണിന്റെ ഇന്ന് നടക്കാനിരുന്ന സെമി മത്സരം അനിശ്ചിതത്ത്വത്തിൽ. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് നടക്കാനിരുന്ന മലപ്പുറം എഫ്‌സി -തൃശൂർ മാജിക് എഫ്സി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ് നിർദേശം.സുരക്ഷയ്ക്കായി മതിയായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിർദേശം. മത്സരം മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് തൃശൂർ കമ്മീഷണർ ഇരുടീമുകൾക്കും കത്ത് നൽകി. നിർദേശം മറികടന്ന് മത്സരം നടത്തിയാൽ നടപടി ഉണ്ടാകുമെന്നും കമ്മീഷണർ കത്തിൽ അറിയിച്ചിട്ടുണ്ട്.രണ്ട് വർഷം മാത്രം പഴക്കമുള്ള ലീഗിൽ രണ്ട് ടീമുകളും തങ്ങളുടെ ആദ്യ സെമി പോരാട്ടത്തിനാണ് ഇറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്.പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക്പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരയാണ് മലപ്പുറം സെമിയിലെത്തിയത്. തൃശൂർ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലിൽ ഇടംപിടിച്ചത്.













