*ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം*

*ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം*

കേരള ന്യൂസ്‌ മീഡിയ

PRESS RELEASE 27/06/2026

*പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തലമുറ അനിവാര്യം: മന്ത്രി ഷിബു ബേബി ജോണ്‍*

നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്തമായി ഏറ്റെടുക്കുന്ന പുതിയ തലമുറയാണ് സമൂഹത്തിന്റെ പ്രതീക്ഷയെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്.പി.സി) പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. സമയനിഷ്ഠയും അച്ചടക്കവുമുള്ള ഉത്തമ പൗരരെ വാര്‍ത്തെടുക്കുന്നതാണ് പദ്ധതിയുടെ സവിശേഷത. പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വനമേഖലകളില്‍ പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കും. വിദ്യാലയങ്ങളിലെ സോഷ്യല്‍ ഫോറസ്ട്രി ക്ലബ്ബുകളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മികച്ച പ്രകടനം നടത്തിയ കെഡറ്റുകള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐറിന്‍, വാര്‍ഡ് അംഗം ജയിംസ് ജോസഫ് , ചവറ എസ്.എച്ച്.ഒ മനോജ്, എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ രാജേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അര്‍ച്ചന, ഹെഡ്മിസ്ട്രസ് എലിസബത്ത് ഉമ്മന്‍, പി.ടി.എ ഭാരവാഹികള്‍ , എസ്.പി.സി ഗാര്‍ഡിയന്‍ പ്രസിഡന്റ് നാസറുദ്ദീന്‍, സി.പി.ഒ ജിജി, എ.സി.പി.ഒ രാജേന്ദ്രന്‍, സഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 (പി.ആര്‍.കെ നമ്പര്‍ 2066/2026)

*ജില്ലാ വികസന സമിതി യോഗം*

*ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ എന്നുറപ്പാക്കാന്‍ നിര്‍ദേശം*

മഴക്കാലത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും സമയബന്ധിതമായും നടത്താന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ പൊതുനിര്‍ദേശം. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുനിരത്തുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്ന പ്രക്രിയ തുടരണമെന്ന നിര്‍ദേശമുയര്‍ന്നു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണം, ഡ്രൈ ഡേ എന്നിവ കൂടുതല്‍ ശക്തമായി നടപ്പാക്കണം. വാര്‍ഡ്തല ശുചീകരണ സമിതികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. തീരദേശമേഖലയായ വാടിയിലെ മാലിന്യനിര്‍മാര്‍ജനത്തിന് കോര്‍പ്പറേഷന്‍ താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തണം. ചവറ നിയോജകമണ്ഡലത്തില്‍ ഓടയുടെ ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കണം. കല്ലുംതാഴം, കുറ്റിവട്ടം, നല്ലെഴുത്തുമുക്ക്, തിരുമുക്ക് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകളുടെ ശുചീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കണം.

ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ വിവിധ മഴക്കാലമുന്നൊരുക്ക പ്രവൃത്തികളുമായി ബന്ധപ്പെട്ട് പണം അനുവദിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി അറിയിച്ചു. ജില്ലാ ആശുപത്രിയിലെ നിര്‍മാണപ്രവൃത്തികള്‍

ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ഉടന്‍ നടത്തണം. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും നിര്‍ദേശമുയര്‍ന്നു. തൃക്കോവില്‍വട്ടത്തെ ഡോണ്‍ ബോസ്‌കോ റോഡ് പുനര്‍നിര്‍മിക്കണം. ഗ്രാമീണ റോഡുകളിലെ അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പുതിയ ബസ് റൂട്ട് ഒരുക്കണം. തൃക്കോവില്‍വട്ടം, കൊറ്റങ്കര പഞ്ചയത്തുകളില്‍ സ്ഥാപിച്ച ഹൈ മാസ്‌ററ് ലൈറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം. ചവറ സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂളില്‍ താല്‍കാലിക അതിര്‍ത്തി വേലി നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കും.

 തെരുവ്‌നായ ശല്യം പരിഹരിക്കുന്നതിന് കൂടുതല്‍ ഡോഗ്‌ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. കരുനാഗപ്പള്ളി ഹൈ സ്‌കൂള്‍ ജംഗ്ഷനില്‍ ദേശീയപാത നിര്‍മാണത്തിന് എടുത്ത കുഴി ഉടന്‍ മൂടണം. മേഖലയില്‍ കൂടുതല്‍ ദിശാസൂചിക ബോര്‍ഡുകള്‍സ്ഥാപിക്കണം. പത്തനാപുരം മേഖലയില്‍ വെള്ളക്കെട്ട് പരിഹാരനടപടികള്‍ ഊര്‍ജ്ജിതമാക്കണം. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ ആര്‍.ആര്‍ ടി ടീമിന്റെ സേവനം മേഖലയില്‍ ഉറപ്പാക്കണം. പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം . പത്തനാപുരം-പുന്നല-ഏനാത്ത് റോഡിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് മുന്നോട്ടുവച്ചത്.

മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി ചെറാശേരില്‍ പത്മകുമാര്‍, മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതിനിധി കെ ബാബുരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ.എസ് വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി അഡ്വ എം.ഇബ്രാഹിംകുഞ്ഞ്, ബി.ബി ഗോപകുമാര്‍ എം.എല്‍.എയുടെ പ്രതിനിധി അനിത് കുമാര്‍, സി.ആര്‍ മഹേഷ് എം.എല്‍.എയുടെ പ്രതിനിധി നജീബ് മണ്ണേല്‍, എം.എം നസീര്‍ എം.എല്‍.എയുടെ പ്രതിനിധി ജയിംസ് എന്‍ ചാക്കോ, ജ്യോതികുമാര്‍ ചാമക്കാല എം.എല്‍.എയുടെ പ്രതിനിധി എം ഷാന്‍, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, എ.ഡി.എം എസ് സജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 2067/2026)

*പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഇന്ന്*;

*ജില്ലയില്‍ 127375 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും*

രാജ്യത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) നടക്കും. ജില്ലയില്‍ അഞ്ചുവയസ്സിനു താഴെയുളള 127375 കുഞ്ഞുങ്ങള്‍ക്കാണ് ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ രാവിലെ എട്ട് മണിക്ക് തൊഴില്‍, വനിതാ ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിര്‍വ്വഹിക്കും. മേയര്‍ എ. കെ. ഹഫീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എ.എല്‍ ഷീജ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി. ഷൈലജ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സദക്കത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയിലുടനീളം 1755 ബൂത്തുകളും 3510 സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുള്ളത്. സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയിലുള്ള കുട്ടികള്‍ക്കായി റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ 37 ട്രാന്‍സിറ്റ് ബൂത്തുകളും മൂന്ന് മൊബൈല്‍ ബൂത്തുകളും മേളകള്‍ക്കായി ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവടങ്ങളില്‍ മരുന്ന് ലഭ്യമാക്കാനാണ് മൊബൈല്‍ ബൂത്തുകള്‍ ഉപയോഗിക്കുക.

ഇന്ന് ബൂത്തുകളില്‍ എത്താന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകരും വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ആരോഗ്യ വകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, സാക്ഷരതാ മിഷന്‍, റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയവയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ആദ്യ ദിനം തന്നെ തുള്ളിമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

(പി.ആര്‍.കെ നമ്പര്‍ 2068/2026)

*ടിപ്പര്‍ ലോറികളുടെ ഗതാഗത സമയക്രമം പുതുക്കി നിശ്ചയിച്ച് ഉത്തരവ്*

ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് വാഹനങ്ങളുടെയും ഗതാഗത സമയക്രമം പുതുക്കി നിശ്ചയിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുക്കിയ ക്രമീകരണമനുസരിച്ച് രാവിലെ 7.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ഈ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും. നീലേശ്വരത്തുണ്ടായ ടിപ്പര്‍ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തി സമയക്രമം പുനഃക്രമീകരിച്ച് ഉത്തരവിറക്കിയത്.

(പി.ആര്‍.കെ നമ്പര്‍ 2069/2026)

*ഐ.ടി.ഐ പ്രവേശനം*

 

 ഓച്ചിറ, കുളക്കട, വെട്ടിക്കവല ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.scdd.kerala.gov.in മുഖേന ജൂലൈ 10നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0474-2794996.

(പി.ആര്‍.കെ നമ്പര്‍ 2070/2026)

*താലൂക്ക് വികസന സമിതി യോഗം*  

കൊല്ലം താലൂക്ക് വികസന സമിതി യോഗം ജൂലൈ നാലിന് രാവിലെ 10:30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

(പി.ആര്‍.കെ നമ്പര്‍ 2071/2026)

*കിറ്റ്‌സില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍*

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കോട് കൂടിയ ബിരുദവും കെമാറ്റ്/സിമാറ്റ്/കാറ്റ് യോഗ്യത ഉള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിച്ച ശേഷം ജൂണ്‍ 29, 30 തീയതികളില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍: 9645176828, 9446529467.

(പി.ആര്‍.കെ നമ്പര്‍ 2072/2026)

*കോഴ്സ് പ്രവേശനം*

കൊട്ടാരക്കര അവണൂര്‍ സഹകരണ പരിശീലന കോളജില്‍ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് കോഴ്സിലേക്ക് ജൂലൈ 15 വരെ www.scukerala.gov.in-ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9446154048, 6282349707.

(പി.ആര്‍.കെ നമ്പര്‍ 2073/2026)

 

*ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം*

  മുട്ടട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്മെന്റ് സെന്ററില്‍ ഡേറ്റാ അനലിറ്റിക്‌സ്, ഡേറ്റാ സയന്‍സ് വിത്ത് പൈത്തണ്‍ എന്നിവയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ ജൂണ്‍ 29ന് ആരംഭിക്കും. ഫോണ്‍: 0471 2550612.

(പി.ആര്‍.കെ നമ്പര്‍ 2074/2026)

*ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം*

 കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. പ്ലസ്ടു സയന്‍സ് / കമ്പ്യൂട്ടര്‍, വി.എച്ച്.എസ്.ഇ, രണ്ട് വര്‍ഷ ഐടിഐ കഴിഞ്ഞവര്‍ പ്രവേശനത്തിന് കോളേജില്‍ എത്തണം. ഫോണ്‍ : 8547005083, 9447488348, 7907325067.

(പി.ആര്‍.കെ നമ്പര്‍ 2075/2026)