ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ*

ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ*

കേരള ന്യൂസ്‌ മീഡിയ

*ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ*

 *ബാലാവകാശ കമ്മീഷനും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പിട്ടു*

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയും ചേർന്ന് ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും സംബന്ധിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറുടെ ചേമ്പറിൽ ഒപ്പിട്ടു. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറും യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വി.പി ജഗതി രാജും തമ്മിൽ ധാരണാപത്രം കൈമാറി.

ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ഡോ. എഫ് വിൽസൺ, കെ.കെ ഷാജു, പി. ഷാജേഷ് ഭാസ്‌കർ, രജിസ്ട്രാർ ടി പി കോമളവല്ലി, സർവകലാശാല രജിസ്ട്രാർ ഡോ അഭിലാഷ് ബാബു  

പരീക്ഷാ കൺട്രോളർ ഡോ. എസ് അനന്തരശ്മി, ഫിനാൻസ് ഓഫിസർ എം.എസ് ശരണ്യ, അക്കാദമിക്ക് ഡയറക്ടർ സോഫിയ രാജൻ, അധ്യാപക- അനധ്യാപക ജീവനക്കാർ 

തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുട്ടികളുടെ അവകാശങ്ങൾ, ഭരണഘടനാപരമായ സംരക്ഷണം, ജുവനൈൽ ജസ്റ്റിസ് നിയമം, പോക്‌സോ നിയമം, ബാലവിവാഹ നിരോധനം, ബാലവേല നിരോധനം, വിദ്യാഭ്യാസാവകാശ നിയമം, കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗികവും അക്കാദമികവുമായ അറിവ് നൽകുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് തുടർന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൻ്റെ ചേമ്പറിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ചെയർപേഴ്സൺ കെ വി മനോജ് കുമാർ പറഞ്ഞു.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ചൂഷണം, അവഗണന, സൈബർ ഭീഷണികൾ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബാലാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ സംരക്ഷണ നിയമങ്ങളെക്കുറിച്ചും പൊതുസമൂഹത്തിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും അറിവ് ലഭ്യമാക്കാൻ കോഴ്സിലൂടെ സാധിക്കുമെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.

സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് റൈറ്റ്സ് ആൻ്റ് അഡ്വക്കസി, ഡിപ്ലോമ ഇൻ ചൈൽഡ് റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ സ്റ്റഡീസ് എന്നിങ്ങനെയാണ് കോഴ്സുകൾ. സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ കാലാവധി ആറുമാസവും ഡിപ്ലോമ കോഴ്സിൻ്റേത് ഒരു വർഷവും ആയിരിക്കും. എസ്എസ്എൽസിയാണ് സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ യോഗ്യത. ഡിപ്ലോമ കോഴ്സിന് പ്ലസ് ടു ആണ് യോഗ്യത. ക്രെഡിറ്റ് ബേസ് സിസ്റ്റത്തിൽ ചെയ്ത കോഴ്സുകളാണിവ. മലയാളത്തിലും ഇംഗ്ലീഷിലും പഠനസാമഗ്രികൾ ലഭ്യമാക്കും. പരീക്ഷ രണ്ട് ഭാഷയിലും എഴുതാം. 

കോഴ്സുകൾ ആരംഭിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി വൈസ് ചാൻസിലർ വി പി ജഗതി രാജു അറിയിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ് കോഴ്സ്. അധ്യാപകർ, അംഗനവാടി ടീച്ചർമാർ, ബാല സംരക്ഷണ മേഖലയിലെ കർത്തവ്യ വാഹകർ തുടങ്ങിയവർക്ക് ഏറെ ഗുണപ്രദമായ കോഴ്സാണിതെന്നും അത് ഉപയോഗപ്പെടുത്തണമെന്നും വി സി പറഞ്ഞു. 

വാർത്താസമ്മേളനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.