ഗുരുദേവ ജയന്തി : ചെമ്പഴന്തി വയല്‍വാരം വീട്ടിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഭക്തരെത്തും.
Keralanewsmedia
ഗുരുദേവ ജയന്തി : ചെമ്പഴന്തി വയല്‍വാരം വീട്ടിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഭക്തരെത്തും.
ചെമ്പഴന്തി : ശ്രീനാരായണഗുരുദേവന്‍റെ 171 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തില്‍ വിവിധ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനാകും. ഗുരുദേവനും ഗുരുദേവ ദര്‍ശനവും ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജയന്തി ആഘോഷം ലോക ശ്രദ്ധയില്‍ പെടും വിധമാണ് സംഘടിപ്പിക്കുന്നതെന്ന് ഗുരുകുലം സെക്രട്ടറിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
സംസ്ഥാന ടൂറിസം വാരാഘോഷങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ് ചെമ്പഴന്തി ഗുരുകുലം. ജയന്തി ആഘോഷങ്ങള്‍ക്ക് തിരുവോണ ദിവസമായ സെപ്റ്റംബര്‍ അഞ്ചിനു തുടക്കം കുറിക്കും. മഹാഗുരുവിന്‍റെ അവതാരം കൊണ്ട് പുണ്യം നിറഞ്ഞ ഗുരുകുലത്തില്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ഭക്തര്‍ എത്തിച്ചേരും. മറ്റെവിടെ നടക്കുന്ന ജയന്തി ആഘോഷങ്ങളെക്കാള്‍ ഭക്ത മനസ്സുകളില്‍ സ്ഥാനം പിടിക്കുക വയല്‍വാരം വീട് സ്ഥിതി ചെയ്യുന്ന ഗുരുകുലത്തിലെതാകും.
ഭക്തജനങ്ങള്‍ക്ക് എല്ലാ അവസരങ്ങളിലും മഹാഗുരുപൂജയും അവരവരുടെ ജന്മനാളില്‍ ജന്മനക്ഷത്രപൂജയും നടത്തുന്നതിന് നിലവില്‍ അവസരം ഉണ്ടെന്നും പൂജ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗുരുകുലവുമായി ബന്ധപ്പെടേണ്ടതാണെന്നും ശുഭാംഗാനന്ദ സ്വാമി അറിയിച്ചു.
..................................................................................................................













