ആസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷം

Reporter :സജീവ് ഗോപാലൻ

ആസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷം

ആസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷം

സച്ചിദാനന്ദ സ്വാമി

പ്രസിഡന്‍റ്, ശിവഗിരി മഠം

ശ്രീനാരായണ ഗുരുദേവന്‍റെ തത്വ ദര്‍ശനത്തിന് ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഗുരുവിന്‍റെ ജീവിതവും തത്വ ദര്‍ശനവും പ്രചരിപ്പിക്കുവാനും സംസ്ഥാപനം ചെയ്യുവാനും ഓരോ ഗുരു ഭക്തനും കടമയും കടപ്പാടും ഉണ്ട്. ആധുനിക ലോകത്തെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കൊക്കെ ഒരു മറുമരുന്നായിട്ടുള്ളത് ഗുരുദര്‍ശനമാണ്. ജാതികൊണ്ടും മതഭേദം കൊണ്ടും ദേശഭേദം കൊണ്ടും നിര്‍മ്മിക്കപ്പെട്ട സങ്കുചിതമായ എല്ലാവിധമായ വേലിക്കെട്ടുകളെയും ഇല്ലായ്മ ചെയ്തു ലോകത്തെ ഏകതയിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ് ഗുരുദര്‍ശനം. ഈ മഹിതമായ ദര്‍ശനം ലോകത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സര്‍വ്വമതസമ്മേളന ശതാബ്ദി ആഘോഷങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി നടന്നുവരികയാണു്. ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ അഭിവന്ദ്യനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാര്‍ഗനിര്‍ദ്ദേശത്തോട് കൂടി വത്തിക്കാനില്‍ വച്ച് നടന്ന ലോകമത പാര്‍ലമെന്‍റ് ഗുരുദര്‍ശനത്തിന്‍റെ അന്തര്‍ദേശീയ മഹിമാവ് വെളിപ്പെടുത്തുവാന്‍ എത്രയും പര്യാപ്തമായി. അതിന്‍റെ ചുവട് പിടിച്ചുകൊണ്ട് ലണ്ടനിലും വിവിധ രാജ്യങ്ങളിലുമായി നിലവില്‍ സമ്മേളനങ്ങള്‍ നടത്തുവാന്‍ ശിവഗിരി മഠത്തിന് സാധിച്ചു. ഗുരുദേവ മഹാത്മജി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുമായി ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ ഹാളില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ശതാബ്ദി സമ്മേളനവും ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഗുരുദേവദര്‍ശനം ലോക ജനതയെ ഏകതയിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണെന്ന് ശ്രീ നരേന്ദ്രമോദിജിയും സൂചിപ്പിക്കുകയുണ്ടായി.

ഈ സമ്മേളന പരമ്പരകളുടെ തുടര്‍ച്ചയെന്ന വണ്ണം ആസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ വച്ച് ഒരു ലോകമത പാര്‍ലമെന്‍റ് കൂടി നടത്തുവാന്‍ നിയോഗം ഉണ്ടായിരിക്കുകയാണ്. ഏതാനം മാസങ്ങള്‍ക്കു മുമ്പ് ആസ്ട്രേലിയന്‍ പാര്‍ലമെന്‍റിലെ ബഹുമാന്യരായ പാര്‍ലമെന്‍റ് അംഗങ്ങളില്‍ ചിലര്‍ ശിവഗിരി മഠം സന്ദര്‍ശിക്കുകയും സന്യാസി സംഘവുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. വത്തിക്കാനിലും ലണ്ടനിലും മറ്റും നടന്ന സമ്മേളന വിവരങ്ങള്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് കൈമാറുകയും, ഒരു ലോകമത സമ്മേളനം ആസ്ട്രേലിയയില്‍ വച്ച് നടത്തണമെന്ന് ഞങ്ങള്‍ പാര്‍ലമെന്‍റ് അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റിലേക്ക് ഞങ്ങള്‍ നല്‍കിയ അപേക്ഷയുമായിട്ടാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ മടങ്ങിയത്. ഗുരുദേവന്‍റെ ഏകലോക ദര്‍ശനത്തിന്‍റെ ഗരിമ കൊണ്ടും അവിടുത്തെ അനുഗ്രഹം കൊണ്ടും ആസ്ട്രേലിയന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ വിശാലത കൊണ്ടും ശിവഗിരി മഠത്തിന്‍റെ അപേക്ഷ ആസ്ട്രേലിയന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ശിവഗിരി മഠത്തില്‍ അനുകൂല മറുപടിയും ലഭിക്കുകയുണ്ടായി. വന്‍കരകളില്‍ ഒന്നായ ആസ്ട്രേലിയയില്‍ വച്ച് ആസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ വച്ച് ഒക്ടോബര്‍ 14 നു ശ്രീനാരായണ ഗുരുദേവന്‍റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരൊറ്റ ജനത , ഒരൊറ്റ ലോകം, ഒരൊറ്റ നീതി , മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, പല മതസാരവും ഏകം എന്ന താത്വിക ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്രകാരം ഒരു സമ്മേളനം നടത്തുവാന്‍ സാധിക്കുന്നത് ഒരു ചരിത്ര സംഭവമാണ്. മനുഷ്യരെല്ലാം ഒന്ന്, അതാണ് നമ്മുടെ മതം എന്ന ഗുരുദേവദര്‍ശനം മനുഷ്യകുലത്തിന് തന്നെ ആകെ ദര്‍ശനമായി മാറുകയാണ്.

ഒരു നൂറ്റാണ്ടിനു മുമ്പ് ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ലോക ചരിത്രത്തിലെ തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന സര്‍വ്വമത മഹാസമ്മേളനം ഗുരുദേവന്‍ സംഘടിപ്പിച്ചുവല്ലോ. സമ്മേളന അവസാനത്തില്‍ സര്‍വ്വരും സര്‍വ്വമത സിദ്ധാന്തങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കുവാന്‍ ഒരു സര്‍വ്വ മതപാഠശാലയ്ക്ക് ഗുരുദേവന്‍ രൂപം നല്‍കി. ആ സര്‍വ്വമത പാഠശാല സാവധാനമെങ്കിലും ആശാവഹമായി ശിവഗിരി മഠത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ പാഠശാലയില്‍ പഠിച്ച്, സന്യാസം സ്വീകരിച്ച് വിശ്വ പൗരന്മാരായി ഗുരുദര്‍ശന പ്രവര്‍ത്തകാളായി പ്രവര്‍ത്തിക്കണമെന്നാണ് ഗുരുദേവ സങ്കല്പം. ശിവഗിരി ധര്‍മ്മ സംഘത്തിലെ സന്യാസിമാര്‍ ഈ പാഠശാലയില്‍ അധ്യയനം ചെയ്തിട്ടുള്ളവരാണ്. ഗുരുദേവന്‍റെ മഹിതമായ ഏകലോക ദര്‍ശനത്തെ നെഞ്ചിലേറ്റി പരോപകാരാര്‍ത്ഥം സന്യാസിമാര്‍ പ്രവര്‍ത്തിക്കണമെന്നും ഗുരുദേവ കല്‍പ്പനയാണ്. ധര്‍മ്മ സംഘത്തിലെ സംന്യാസിമാര്‍ മഹാഗുരു ഉപദേശിച്ച വിശ്വമാനവികതത്ത്വദര്‍ശനത്തിന്‍റെ പ്രതിനിധികളാണ്ു. അവര്‍ ഗുരുദര്‍ശന പ്രചരണത്തില്‍ മുഴുകി കഴിയേണ്ടവരാണ്ു. ശിവഗിരിയുടെ സന്ദേശവും ഇതുതന്നെയാണ്ു. സംസ്കൃതം, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളിലായി 75 ഓളം വരുന്ന ഗുരുദേവ കൃതികളുടെ വിജ്ഞാന ഖനിയാണ് അനുവാചക സമക്ഷം മലര്‍ക്കെ തുറന്നു വെച്ചിട്ടുള്ളത്. ഗുരുദര്‍ശന മഹിമാവ് ജനഹൃദയങ്ങളില്‍ എത്തുവാന്‍ അവിടുത്തെ മഹാ സങ്കല്പംതന്നെ ഉണ്ടാകണം. വത്തിക്കാനിലും ലണ്ടനിലും ഡല്‍ഹിയിലും ഇപ്പോള്‍ അതിന്‍റെ ചുവടുപിടിച്ച് ആസ്ട്രേലിയയിലും ഗുരുദേവന്‍റെ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഓരോ കേന്ദ്രങ്ങളേയും ധര്‍മ്മ പ്രചരണത്തിന്‍റെ ചാലകാക്കിയായി മാറുന്നത് അവിടുത്തെ സങ്കല്പ ശക്തി തന്നെയാണ്ു. മഹത്ത്വപൂര്‍ണ്ണമായ ഈ തത്ത്വദര്‍ശനം കടന്നു ചെല്ലുന്നത് അവിടത്തെ മഹിതമായ സങ്കല്‍പ്പങ്ങള്‍ കൊണ്ട് മാത്രമാണ്. ഗുരുദേവന്‍റെ കയ്യിലെ ഉപകരണങ്ങളാകുവാനും അവിടുന്നു് അവതരിച്ച കാലഘട്ടത്തില്‍ ജീവിക്കുവാനും ഗുരു സ്ഥാപിച്ച സംഘത്തിലും സംഘടനയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും സാധിക്കുന്നതാണ് നമ്മുടെയെല്ലാം മഹാഭാഗ്യം.

ആസ്ട്രേലിയന്‍ പാര്‍ലമെന്‍റിലെ ക്വീണ്‍ എലിസബത്ത് ഹാളില്‍ 2025 ഒക്ടോബര്‍ 14 നാണ് സമ്മേളനം നടക്കുന്നത്. ധര്‍മ്മ സംഘത്തിലെ സന്യാസിമാര്‍ അടക്കം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. ഗുരുദേവന്‍റെ ആത്മോപദേശശതകത്തിലെ മതമീമാംസ, സാഹോദര്യമീമാംസ എന്നീ ദര്‍ശനത്തെ മുഖ്യപ്രമേയമായി സ്വീകരിച്ചുകൊണ്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. ആത്മോപദേശശതകത്തിലെ മതമീമാംസയില്‍ മതത്തിന്‍റെ ഏകത്വം ഗുരു കാട്ടിത്തരുന്നു. എല്ലാ മതവിശ്വാസികളുടേയും എല്ലാ മനുഷ്യരുടെയും ആഗ്രഹം സുഖമായിരിക്കുക അഥവ ആനന്ദപ്രാപ്തിയാണു്. ഹിന്ദുക്കളും ബുദ്ധ ക്രൈസ്തവ ഇസ്ലാം തുടങ്ങി സര്‍വ്വമതസ്ഥരും മതവിശ്വാസമില്ലാത്തവരും ആഗ്രഹിക്കുന്നത് സുഖപ്രാപ്തിയാണു്. അതിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ വിഭിന്നമായിരിക്കും. എന്നാല്‍ ലക്ഷ്യം ഏകമാണു്. അതാണ് ഗുരുദേവന്‍ ഉപദേശിക്കുന്ന ഏകമതം.

ലോക ജനതയെ മുഴുവന്‍ ഐക്യപ്പെടുത്തുന്നതും ഏകതയിലേക്കു് നയിക്കുന്നതുമായ ആത്മദര്‍ശനമാണ് പ്രിയമൊരു ജാതി എന്നീ തത്ത്വമടങ്ങിയ സാഹോദര്യ മീമാംസതന്‍പ്രിയ മപരപ്രിയ ഹേതുവായ് വരേണമെന്ന ഗുരുദേവദര്‍ശനം ആത്മെക്യെത്തിന്‍റെ അടിസ്ഥാനപ്രഭാടങ്ങളാണു്. ആത്മോപദേശശതകത്തിലെ ഈ വിശ്വദര്‍ശനം സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാകും. ആസ്ട്രേലിയന്‍ പാര്‍ലമെന്‍റ് അംഗങ്ങളും 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും. ആസ്ട്രേലിയന്‍ സമ്മേളനത്തിന്‍റെ ചുവടു പിടിച്ചുകൊണ്ട് മറ്റു പല മഹാരാജ്യങ്ങളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് ധര്‍മ്മസംഘം. ഗുരുദേവന്‍ വിഭാവനം ചെയ്ത ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന ഏകലോകവ്യവസ്ഥിതിയിലേക്ക് നയിക്കുവാന്‍ പര്യാപ്തമാകും ആസ്ട്രേലിയന്‍ സമ്മേളനം എന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയാണു്. ഗുരുദേവകൃപാ പൂരം അരുളട്ടെ ദിവാനിശം എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.