വാർത്ത തുണിയായി കടത്ത് സർവീസ് പുനരാരംഭിച്ചു

വാർത്ത തുണിയായി കടത്ത് സർവീസ് പുനരാരംഭിച്ചു

വാർത്ത തുണിയായി കടത്ത് സർവീസ് പുനരാരംഭിച്ചു

കുരീപ്പുഴ പാണ്ടോന്നിൽ - കൊച്ചുകോട്ടയത്ത് കടവ് കടത്തുസർവീസ് പുനരാരംഭിച്ചു

അഞ്ചാലുംമൂട് : തൃക്കടവൂർ കുരീപ്പുഴ പാണ്ടോന്നിൽ - കൊച്ചുകോട്ടയത്ത് കടവ് കടത്തുസർവീസ് മേയർ ഹണി ബെഞ്ചമിൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രദേശവാസികളുടെയും കൗൺസിലർമാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് കോർപ്പറേഷൻ കൗൺസിൽ തീരുമാനപ്രകാരമാണ് ഈ സർവീസ് പുനരാരംഭിച്ചത്. അതേ സമയം, ഭരണസംവിധാനത്തിലെ അനാസ്ഥ മൂലം സർവീസ് നിലച്ചതായി സിറാജ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് കോർപ്പറേഷൻ വിചാരിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ പരിഹരിക്കാവുന്ന വിഷയമാണിതെന്ന് മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് വാർത്തയിലൂടെ ചൂണ്ടിക്കാട്ടി. പിന്നാലെ നടന്ന ചർച്ചയിൽ കനാൽ ഓഫീസുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. 

നേരത്തെ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ കടത്തുവള്ളങ്ങൾ അഞ്ചാലുംമൂട് പോലീസിന്റെ സഹായത്തോടെ നിർത്തിച്ചിരുന്നു. ഇതോടെ, ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുന്നവർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന കടത്ത് സർവീസ് പൂർണമായി നിലച്ചു. കൊല്ലം ജില്ലയിലെ 26 കടവുകളിൽ അഞ്ചിടങ്ങളിൽ പാലം നിർമിച്ചതിനാൽ യാത്രക്കാർ കുറഞ്ഞതും, ഒരേ റൂട്ടിൽ ഒന്നിലധികം സർവീസുകൾ ഉള്ള നാല് കടവുകളിൽ നിന്നുമായി ആവശ്യാനുസരണം താൽക്കാലികമായി വള്ളം ട്രാൻസ്ഫർ ചെയ്യാൻ പൊതുമരാമത്ത് വകുപ്പിനും കോർപ്പറേഷനും അധികാരമുണ്ടെന്നും വാർത്തയിൽ വ്യക്തമാക്കിയിരുന്നു. സാമ്പ്രാണിക്കോടിയിൽ സമാനമായ പ്രശ്നത്തിൽ വള്ളം മാറ്റി നൽകിയ മുൻ ഉദാഹരണവും, ജില്ലാ കളക്ടർക്ക് കനാൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ ഇത്തരം നിർദ്ദേശം ഉണ്ടായിരുന്നതും വാർത്തയിൽ പരാമർശിച്ചു. എന്നിട്ടും, കോർപ്പറേഷൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള 20 കടവുകളിൽ നിന്ന് താൽക്കാലികമായി ഒരു സർവീസ് അനുവദിക്കാൻ തയ്യാറാകാതിരുന്ന നിലപാട് സിറാജ് വാർത്തയിൽ തുറന്നുകാട്ടി. ഈക്കാര്യങ്ങൾ പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അധികൃതർ ശാശ്വത പരിഹാരത്തിനായി ശ്രമിക്കുകയായിരുന്നു.

ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ എസ്. ജയൻ അധ്യക്ഷനായി. പാണ്ടോന്നിൽ കടവിൽ നടന്ന യോഗത്തിൽ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ, വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിതാ ദേവി, കൗൺസിലർമാരായ ഗിരിജ തുളസിധരൻ, ടെൽസ തോമസ്, കെ. ബിജോയ്, എൻ. ഗോപാലകൃഷ്ണൻ, വി.എസ്. ഷാജി, കുരീപ്പുഴ മോഹൻ, ബി. അജിത്ത് കുമാർ, കോർപ്പറേഷൻ സൂപ്രണ്ട് രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.