സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജഭരണത്തെ വിമർശിച്ചതിന് രാജ രാജ്യദ്രോഹ കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നാടുകടത്തിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
റിപ്പോട്ട്:സജീവ് ഗോപാലൻ
ഇന്ന് സെപ്റ്റംബർ 26, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജഭരണത്തെ വിമർശിച്ചതിന് രാജ രാജ്യദ്രോഹ കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നാടുകടത്തിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്👇
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള (1878–1916) ഒരു ഇന്ത്യൻ ദേശീയവാദിയായ എഴുത്തുകാരൻ, പത്രപ്രവർത്തകൻ, എഡിറ്റർ , രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ കേരള ദർപ്പണം, കേരള പഞ്ചിക, മലയാളി,കേരളൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുൾ ഖാദർ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു
സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു . ബ്രിട്ടീഷ് ഭരണത്തിനും പഴയ തിരുവിതാംകൂറിനുമെതിരായ ശക്തമായ ആയുധമായും സാമൂഹിക പരിവർത്തനത്തിനുള്ള ഒരു ഉപകരണമായും അദ്ദേഹം പത്രത്തെ മാറ്റി . തിരുവിതാംകൂർ ദിവാൻ പി . രാജഗോപാലാചാരിയെയും മഹാരാജാവിനെയും അദ്ദേഹം വിമർശിച്ചത് ഒടുവിൽ പത്രം കണ്ടു കെട്ടുന്നതിലേക്ക് നയിച്ചു .
നാടുകടത്തല്‍
1910 സെപ്റ്റംബര്‍ മാസം 26ന് സ്വദേശാഭിമാനിയെ നാടുകടത്താനുള്ള രാജകീയവിളംബരം ശ്രീമൂലംതിരുനാള്‍ പുറപ്പെടുവിച്ചു.തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്യുന്ന 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രത്തെ അമര്‍ച്ച ചെയ്യുന്നതും ആ പത്രത്തിന്‍റെ മാനേജിംഗ് പ്രൊപ്പൈറ്ററും എഡിറ്ററും ആയ കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടില്‍നിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമെന്ന് നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നതിനാല്‍ മേല്പറഞ്ഞ കെ. രാമകൃഷ്ണപിള്ളയെ ഉടനെ അറസ്റ്റുചെയ്ത് നമ്മുടെ സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കു പുറത്താക്കുകയും നാം വേറെവിധം ആജ്ഞാപിക്കുന്നവരെക്കും മേല്‍പറഞ്ഞ രാമകൃഷ്ണപിള്ള നമ്മുടെ സംസ്ഥാനത്തില്‍ തിരികെ വരികയോ പ്രവേശിക്കുകയോ ചെയ്യുന്നതിനെ വിരോധിക്കുകയും ചെയ്യണമെന്ന് നാം ഇതിനാല്‍ ആജ്ഞാപിക്കുന്നു.എതൊരു
സ്ഥലത്തും കാണപ്പെടുന്ന 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രത്തിന്‍റെ എല്ലാ പ്രതികളും മേല്പറഞ്ഞ 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രം അച്ചടിച്ചുവരുന്ന അച്ചടിയന്ത്രവും അതിന്‍റെ അനുസാരികളും അതിനെ സംബന്ധിച്ച മറ്റു വസ്തുക്കളും നമ്മുടെ ഗവണ്‍മെന്‍റിലേക്ക് കെട്ടിയെടുക്കപ്പെടണമെന്നും നാം ആജ്ഞാപിക്കുന്നു എന്നായിരുന്നു ഈ വിളംബരം.
സ്വദേശാഭിമാനിയെ അറസ്റ്റുചെയ്യാനായി പൊലീസ് സൂപ്രണ്ട് എസ്.എസ്. ജോര്‍ജ് സ്വദേശാഭിമാനി ഓഫീസില്‍ പ്രവേശിച്ചപ്പോള്‍ പത്രാധിപര്‍ തന്‍റെ ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു. സൂപ്രണ്ടിന്‍റെ ആവശ്യപ്രകാരം അദ്ദേഹം അറസ്റ്റിന് കീഴടങ്ങി. രാത്രി പന്ത്രണ്ടുമണിയോടുകൂടി ഒരു ജഡ്ക്കയിലാണ് അദ്ദേഹത്തെ നാടുകടത്താനായി കൊണ്ടുപോയത്. പിറ്റേന്ന് വൈകുന്നേരത്തോടുകൂടി അദ്ദേഹത്തെ തിരുനല്‍വേലിയില്‍ രാജ്യാതിര്‍ത്തി കടത്തിവിട്ടു.തിരുവിതാംകൂറിനോടുള്ള എന്‍റെ ബന്ധം വേര്‍പെട്ടു. മാതൃഭൂമിയോടുള്ള എന്‍റെ കടമ ഞാന്‍ നിര്‍വഹിച്ചുകഴിഞ്ഞു. എനിക്കിനി അവിടേക്കു മടങ്ങിപ്പോകണമെന്നാഗ്രഹമില്ല എന്നാണ് അദ്ദേഹം ആ നിമിഷം പ്രതികരിച്ചത്.
സ്വദേശാഭിമാനിയെ അറിയാന്‍
സ്വദേശാഭിമാനിയുടെ മരണശേഷം അദ്ദേഹത്തിന്‍റെ പ്രിയപത്‌നി ശ്രീമതി കല്ല്യാണിക്കുട്ടിയമ്മ എഴുതിയ സ്മരണക്കുറിപ്പുകള്‍ 'വ്യാഴവട്ടസ്മരണകള്‍' അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചരിത്രസംഗ്രഹമാണ്. കെ. ഭാസ്‌കരപിള്ള രചിച്ച് 1956ല്‍ പുറത്തിറങ്ങിയ 'സ്വദേശാഭിമാനി'യാണ് മറ്റൊരു ഗ്രന്ഥം.
മരണം വരെ കര്‍മ്മനിരതന്‍
നാടുകടത്തലിനുശേഷവും അദ്ദേഹം സാഹിത്യരചനയില്‍ കര്‍മ്മനിരതനായിരുന്നു. ഈ കാലഘട്ടത്തില്‍ എന്‍റെ നാടുകടത്തല്‍ എന്ന പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം എഴുതി പ്രസിദ്ധപ്പെടുത്തി. കാറല്‍മാര്‍ക്‌സ്, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്നിവരെക്കുറിച്ചുള്ള ജീവചരിത്രഗ്രന്ഥവും ഇദ്ദേഹത്തിന്‍റെതായുണ്ട്. കാറല്‍മാര്‍ക്‌സിനെപ്പറ്റിയെഴുതിയ പുസ്തകം ഇന്ത്യയില്‍ തന്നെ മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും പരിചയപ്പെടുത്തിയ ഒന്നാമത്തെ പുസ്തകമായിരുന്നു. അദ്ദേഹമെഴുതിയ, വൃത്താന്തപത്രപ്രവര്‍ത്തനം, പത്രപ്രവര്‍ത്തകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഇന്നും മാര്‍ഗ്ഗദീപമാണ്. മന്നന്‍റെ കന്നത്വം കഥാസമാഹാരം നരകത്തില്‍നിന്ന് എന്നീ രണ്ടുഗ്രന്ഥങ്ങളും പിന്നീട് പുറത്തുവന്നു. 1916 മാര്‍ച്ച് 28നു ചൊവ്വാഴ്ച തന്‍റെ നാല്പത്തൊന്നാം വയസില്‍ ക്ഷയരോഗബാധിതനായി മലയാളത്തിലെ ആദ്യത്തെ ധീരനായ പത്രാധിപര്‍ അന്തരിച്ചു. കണ്ണൂര്‍ കടപ്പുറത്താണ് അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമസ്ഥലമൊരുക്കിയത്













