*ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് (ഒക്‌ടോബര്‍ 9) സമാപനം*
Keralanewsmedia
*ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് (ഒക്‌ടോബര്‍ 9) സമാപനം*
ഇക്കൊല്ലത്തെ ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് സമാപനം. ജില്ലാ ഭരണകൂടം, കൊല്ലം ബാര്‍ അസോസിയേഷന്‍, കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ സമാപന സമ്മേളനം ഉച്ചയ്ക്ക് 2ന് ബാര്‍ അസോസിയേഷന്‍ ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ബി.ശിവന്‍ അധ്യക്ഷനാകും. സെക്രട്ടറി കെ. ബി. മഹേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ നന്ദിയും പറയും. തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമായി ജില്ലാ കലക്ടര്‍ ക്വിസ് മാസ്റ്ററായുള്ള മത്സരം നടത്തും. ഇരുവിഭാഗത്തിലേയും 30 പേര്‍ക്ക് വീതമാണ് മത്സരിക്കാവുന്നത്. രാവിലെ 9.30 മുതല്‍ 12 മണിവരെ 8281717802 നമ്പരില്‍ ആദ്യം വിളിച്ച് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. വിജയികള്‍ക്ക് സാഹിത്യകൃതികള്‍ സമ്മാനമായി നല്‍കും. വാരാഘോഷത്തിന്റെ ഭാഗമായ ഗാന്ധി ചരിത്രചിത്ര പ്രദര്‍ശനം രാവിലെ 10.30ന് കലക്‌ട്രേറ്റ് വരാന്തയില്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2929/2025)
*വികസനനേട്ടങ്ങള്‍ അവതരിപ്പിച്ച് പോരുവഴി വികസനസദസ്*
പോരുവഴി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വികസനസദസ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജി. മോഹനന്‍ പിള്ള അധ്യക്ഷനായി.
കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ലൈഫ് പദ്ധതി വഴി 298 വീടുകള്‍ നിര്‍മിച്ചു. പാലിയേറ്റീവ്‌സേവനം ആവശ്യമായ 100 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍എത്തിക്കുന്നു. 55 ലക്ഷം രൂപ വിനിയോഗിച്ച് അമ്പലത്തുംഭാഗം സബ്‌സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. കമ്പലടി, ഇടയ്ക്കാട് സബ് സെന്ററുകള്‍ക്ക് 1.10 കോടി രൂപ അനുവദിച്ചു. ഇടയ്ക്കാട് മാര്‍ക്കറ്റില്‍ ശുചിത്വമിഷന്‍ ഫണ്ട് വിനിയോഗിച്ച് ടേക്ക് എ ബ്രേക്ക് നിര്‍മിച്ചു. 1.43 കോടി രൂപ ചെലവില്‍ ഒരുക്കിയ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 9.45 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചു. പൊതുജനഭിപ്രായങ്ങള്‍ സ്വീകരിച്ച് തുടര്‍ന്നുള്ള നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുമെന്നും വികസനസദസില്‍ വ്യക്തമാക്കി.
പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ.അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കില പ്രതിനിധി പ•ന മജീദ് മോഡറേറ്ററായ ഓപ്പണ്‍ ഫോറത്തില്‍ ഭാവി വികസനകാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. കെ - സ്മാര്‍ട്ട് സേവനങ്ങളും ലഭ്യമാക്കി. ഹരിതകര്‍മ്മ സേനാംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ്, കെ.ശാന്ത, ശ്രീത സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2930/2025)
*ടി.ബി/എച്ച്.ഐ.വി ബോധവത്ക്കരണം; ജില്ലാതല ക്യാമ്പയിന് തുടക്കമായി*
ടി.ബി നിവാരണ പ്രോഗ്രാമിന്റെ ഭാഗമായുള്ള ടി.ബി/എച്ച്.ഐ.വി ബോധവത്ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു. ആരോഗ്യരംഗത്തെ വളര്‍ച്ച രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടയാക്കിയതായിപറഞ്ഞു.
ടി.ബി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കവലകള്‍തോറും ടി.ബി/എച്ച്.ഐ.വി ബോധവത്ക്കരണക്യാമ്പയിന്‍ ശക്തമാക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആദിവാസിഉന്നതികള്‍, തീരപ്രദേശങ്ങള്‍, ആരാധനാലയങ്ങള്‍ പൊതുഇടങ്ങളിലെല്ലാം ബോധവത്ക്കരണവും ടി.ബി /എച്ച്.ഐ.വി പരിശോധനയും നടത്തും.
ടി.ബി എലിമിനേഷന്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ തോംസണ്‍ അധ്യക്ഷനായി. പാലത്തറ സി.എച്ച്.സി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ജി. നടാഷ പദ്ധതി വിശദീകരിച്ചു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജറും ഹെല്‍ത്ത് സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. ദേവ് കിരണ്‍, ദിശ കെ.എസ്.എ.സി.എസ് ഡാറ്റാ മോണിറ്ററിങ് ആന്‍ഡ് ഡോക്യുമെന്റേഷന്‍ ഓഫീസര്‍ കെ.ബി അഭിലാഷ് കുമാര്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍, ചികിത്സാരീതികള്‍ സംബന്ധിച്ച് ക്ലാസെടുത്തു.
'ലഹരി ഉപയോഗം എച്ച്.ഐ.വി/ടി.ബി രോഗങ്ങളിലേക്ക് എങ്ങനെ നയിക്കുന്നു' വിഷയത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ് ആര്‍ ഷെറിന്‍ രാജ് ക്ലാസ് നയിച്ചു. ജില്ലാ ടി ബി സെന്ററിന്റെ നേതൃത്വത്തില്‍ ടി ബി പരിശോധന ക്യാമ്പും നടത്തി.
(പി.ആര്‍.കെ നമ്പര്‍ 2931/2025)
*ശാസ്താംകോട്ടയുടെ ടൂറിസം ഹബ്ബാകാന്‍ ചേലൂര്‍ കായല്‍*
ശാസ്താംകോട്ടയിലെ ചേലൂര്‍ കായല്‍കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാധ്യമാക്കാനുള്ള പദ്ധതികളൊരുക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്താണ് ചേലൂര്‍ കായല്‍. ദേശാടന പക്ഷികളെത്തുന്ന ഇടമാണിത്. സ്വാഭാവിക പ്രകൃതിഭംഗിയുള്ള ഇക്കോ ടൂറിസം സാധ്യതാമേഖലയാണിത്.
പ്രകൃതിസൗഹൃദ താമസസൗകര്യവും ബോട്ടിംഗ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്‌പോര്‍ട്‌സും, കുട്ടവഞ്ചിസവാരിയും കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഒരുക്കും. സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. രണ്ടു ഘട്ടങ്ങളായി അഞ്ചു കോടി രൂപയുടെ പദ്ധതിയാണിത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നും 96,00000 രൂപയും ടൂറിസം വകുപ്പിന്റെ 50,00000 രൂപയും വകയിരുത്തിയാണ് അടിസ്ഥാന ഘടകപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
അഡ്മിന്‍ ബ്ലോക്ക്, നടപ്പാത, തടി കൊണ്ടുള്ള മേല്‍ത്തട്ട് എന്നിവയ്ക്ക് അംഗീകാരം ലഭിച്ചു. അഡ്മിന്‍ ബ്ലോക്കില്‍ പ്രധാനമായും ടിക്കറ്റ് കൗണ്ടര്‍, ഓഫീസ് സൗകര്യങ്ങള്‍, ശൗചാലയം, വിശ്രമസ്ഥലം, ലഘുഭക്ഷണശാല എന്നിവ ക്രമീകരിക്കും. ആദ്യഘട്ടത്തില്‍ 200 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് നിര്‍മിക്കുന്നത്. ഇരുവശങ്ങളിലും ചൈനീസ് മാതൃകയിലുള്ള അലങ്കാര വിളക്കുകളും സ്ഥാപിക്കും. 478 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പരിസ്ഥിതിസൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തുക.
രണ്ടാംഘട്ടത്തില്‍ കായലിനോട്‌ചേര്‍ന്ന് ഒരേസമയം 100 പേര്‍ക്ക് ഇരുന്നുകഴിക്കാന്‍ സൗകര്യമുള്ള ഭക്ഷണശാലയുണ്ടാകും. കായലില്‍ നിന്നും നേരിട്ട് മീന്‍പിടിച്ച് വിഭവങ്ങള്‍ പാചകംചെയ്തു നല്‍കുന്ന ഭക്ഷണശാലയായിരിക്കുമിത്. തനത് കലാരൂപങ്ങള്‍ ആസ്വദിക്കുന്നതിനായി പ്രത്യേക വേദിയും സജ്ജീകരിക്കും. കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, പുരവഞ്ചി, കയാക്കിംഗ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍ ഒരുക്കും. സാഹസികവും വിജ്ഞാനപ്രദവും രസകരവുമായ കുട്ടികള്‍ക്കായുള്ള പാര്‍ക്കും നിര്‍മിക്കും.
സഞ്ചാരികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മണ്‍ട്രോത്തുരുത്ത്, മൗണ്ട് ഹോറേബ് ആശ്രാമം, മയ്യത്തുംകര പള്ളി, തെക്കന്‍ മലയാറ്റൂര്‍ പള്ളി, ചിറ്റുമല ക്ഷേത്രം തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരമൊരുക്കും. പഞ്ചായത്തിന് അധികവരുമാനത്തിനൊപ്പം കൂടുതല്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. നിര്‍മാണപ്രവര്‍ത്തങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2932/2025)
*പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ വികസനസദസ് ഒമ്പതിന്*
നാടിന്റെ വികസനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ ഒമ്പതിന് വികസനസദസ് നടക്കും. രാവിലെ 10ന് പൊരീക്കല്‍ ഗുഡ്ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിച്ച് ചര്‍ച്ചയിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.
വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ പ്രദര്‍ശിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി ആര്‍.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും. സദസിനോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.
പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ അധ്യക്ഷനാകും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് പ്രതിഭകളെ ആദരിക്കും. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.ശശികല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുമലാല്‍, ആര്‍.ലക്ഷ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.അജി, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.എന്‍.മനോജ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.അജിത, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.സിന്ധു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ.കെ.വിനോദിനി, അഡ്വ. ബെച്ചി.ബി.മലയില്‍, എസ്.ഗീത, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.സന്തോഷ് കുമാര്‍, പി.വാസു, സച്ചുമോഹന്‍, അഭിലാഷ് കൂരോംവിള, വസന്ത വിജയന്‍, അമീഷ് ബാബു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബി.ശ്രീകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.അരുണ്‍നാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2933/2025)
*തിരുന്നാള്‍ ഉത്സവം: മദ്യ വില്പനശാലയുടെ പ്രവര്‍ത്തനസമയത്തില്‍ നിയന്ത്രണം*
കണ്ണനല്ലൂര്‍ ‘ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സ്’ പള്ളിയിലെ തിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ഒക്‌ടോബര്‍ 18ന് തഴുത്തല ബെവ്‌കോ മദ്യവില്പന ശാലയുടെ മുന്നിലൂടെ പോകുന്നതിനാല്‍ അന്നേ ദിവസം വൈകിട്ട് എഴ് മുതല്‍ 8.30 വരെ മദ്യവില്‍പ്പനശാലയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അടച്ചിടണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളില്‍ ഘോഷയാത്ര നടത്തുന്നതിനുള്ള നടപടികള്‍ പള്ളി അധികാരികള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2934/2025)
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ തെറാപിസ്റ്റിനെ (സ്ത്രീ) നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2025 ഒക്‌ടോബര്‍ ഏഴിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 16 രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.
(പി.ആര്‍.കെ നമ്പര്‍ 2935/2025)
*കണ്‍സള്‍ട്ടന്റ്; ക്വട്ടേഷന്‍ ക്ഷണിച്ചു*
പെരുമണ്‍ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അക്രഡിറ്റേഷനുള്ള കണ്‍സള്‍ട്ടന്റുമാരില്‍ നിന്ന് സേവനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി: ഒക്‌ടോബര്‍ 10. വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, കെ.ആര്‍.എഫ്.ബി-പി.എം.യു, കൊല്ലം ഡിവിഷന്‍, മൂന്നാം നില, സണ്‍റൈസ് അവന്യൂ, കടപ്പാക്കട പി.ഒ, കൊല്ലം. ഇ-മെയില്‍: eekrfbklm@gmail.com.
(പി.ആര്‍.കെ നമ്പര്‍ 2936/2025)
*ചുരുക്ക പട്ടിക*
പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിംഗ് ടിച്ചര്‍ (ഹൈസ്‌കൂള്‍) ഫസ്റ്റ് എന്‍.സി.എ മുസ്ലിം ( കാറ്റഗറി നം. 802/2024) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധപ്പെടുത്തി.
(പി.ആര്‍.കെ നമ്പര്‍ 2937/2025)
*ശാസ്ത്രീയ പശുപരിപാലനം*
ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ-പരിശീലന വികസനകേന്ദ്രത്തില്‍ ഒക്‌ടോബര്‍ 21 മുതല്‍ 25 വരെ 'ശാസ്ത്രീയ പശു പരിപാലനം' വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍, അതാത് ബ്ലോക്ക് ക്ഷീരവികസനഓഫീസര്‍മാര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഓഫ്ലൈനായി പങ്കെടുത്തവര്‍ക്ക് അവസരമില്ല. ഒക്‌ടോബര്‍ 18ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ.
(പി.ആര്‍.കെ നമ്പര്‍ 2938/2025)
*സംസ്ഥാന കരകൗശല അവാര്‍ഡ് 2024; അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന കരകൗശല അവാര്‍ഡ് 2024 ലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശില്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്പങ്ങള്‍, ചരട്, നാട, കസവ് ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹശില്പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മിച്ച ശില്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മിച്ച കലാരൂപങ്ങള്‍ (മുകളില്‍ ഉള്‍പ്പെടാത്തവ ) എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍.
ഓരോ വിഭാഗത്തിലും ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിനെയും സംസ്ഥാന മെറിറ്റ് അവാര്‍ഡ് ജേതാവിനെയും തെരഞ്ഞെടുക്കും. സംസ്ഥാന അവാര്‍ഡ് ജേതാവിന് 50,000 രൂപയും ശില്പവും അംഗവസ്ത്രവും മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ജേതാവിന് 25,000 രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. മുമ്പ് ജേതാവായവര്‍ക്ക് അതെ ഇനത്തില്‍ മത്സരിക്കാനാകില്ല. അപേക്ഷ നവംബര്‍ 10 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും ആശ്രാമത്തുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായോ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് വ്യവസായ ഓഫിസുകളുമായോ ബന്ധപ്പെടാം. ഫോണ്‍ : 0474 2748395.
(പി.ആര്‍.കെ നമ്പര്‍ 2939/2025)
*ടെന്‍ഡര്‍*
ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 8281899461, 0474 2791597.
(പി.ആര്‍.കെ നമ്പര്‍ 2940/2025)













