*സപ്ലൈക്കോയുടെ ആറ് പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങും: മന്ത്രി ജി. ആര്‍ അനില്‍* 

Keralanewsmedia

*സപ്ലൈക്കോയുടെ ആറ് പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങും: മന്ത്രി ജി. ആര്‍ അനില്‍* 

*PRESS RELEASE 27/10/2025*

*സപ്ലൈക്കോയുടെ ആറ് പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങും: മന്ത്രി ജി. ആര്‍ അനില്‍* 

സപ്ലൈക്കോയുടെ ആറ് പമ്പുകള്‍ കൂടി ഈ സാമ്പത്തികവര്‍ഷം തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സപ്ലൈക്കോയുടെ പതിനാലാമത് പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് കോംപ്ലക്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ജനജീവിതത്തിന്റെ എല്ലാമേഖലകളിലും ആശ്വാസംപകരുന്ന പദ്ധതികളാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ക്ക് പുറമേ പാചകവാതകം, മരുന്നുകള്‍, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങിയവ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് സബ്‌സിഡിഇതരഉല്‍പ്പന്നങ്ങള്‍ 10 ശതമാനം വിലകുറവില്‍ വാങ്ങാം. ഔട്ട്‌ലെറ്റുകളില്‍ പ്രതിമാസം 25 രൂപയ്ക്ക് 20 കിലോ അരി ഓരോ കാര്‍ഡിനും ലഭ്യമാക്കും. 

ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്തയിടങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വിപുലീകരിച്ച് നവംബര്‍ ഒന്ന് മുതല്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സ്റ്റോറുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ആലോചനയിലുണ്ട്. ഇന്ധനലഭ്യത ഉറപ്പാക്കി ആധുനികസൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എം നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന ഐ.ഒ.സി.എല്‍ റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ഗൗരവ് കുന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, സംസ്ഥാന ഐ.ഒ.സി.എല്‍ ചീഫ് ജനറല്‍ മാനേജറും സംസ്ഥാന മേധാവിയുമായി ഗീഥിക മെഹ്‌റ, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് സി.വി മോഹനന്‍ കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍, തിരുവനന്തപുരം സപ്ലൈക്കോ റീജിയണല്‍ മാനേജര്‍ എസ്.ആര്‍ സ്മിത, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

(പി.ആര്‍.കെ നമ്പര്‍ 3191/2025)  

*വിഷന്‍ 2031: തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാര്‍ 30ന്*

കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഭാവിവികസനത്തിന് വഴിയൊരുക്കാന്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 30ന് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലിലെ ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. തൊഴിലും നൈപുണ്യവും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, ഐ എല്‍ ഒ ഡയറക്ടര്‍ മിചികോ മിയാമോട്ടോ എന്നിവര്‍ മുഖ്യാതിഥികളാകും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍ അവതരിപ്പിക്കും.

എം.പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, മേയര്‍ ഹണി, എം.എല്‍.എമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, കോവൂര്‍ കുഞ്ഞുമോന്‍, സുജിത്ത് വിജയന്‍പിള്ള, ജി എസ് ജയലാല്‍, സി ആര്‍ മഹേഷ്, ടി പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, തൊഴിലാളിയൂണിയന്‍ നേതാക്കളായ കെ പി രാജേന്ദ്രന്‍, സ്വാഗതസംഘം കണ്‍വീനര്‍ എസ് ജയമോഹന്‍, എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ സൂഫിയാന്‍ അഹമദ് തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 11.30 മുതല്‍ അഞ്ചു സെഷനുകളിലായി പാനല്‍ ചര്‍ച്ചകള്‍ നടത്തും. 'മാന്യമായ തൊഴിലും സാമൂഹിക സംരക്ഷണവും' വിഷയത്തില്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോ. ജയേഷ് സംസാരിക്കും. 'പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലാളികളുടെ ഭാവി' സംബന്ധിച്ച് മുന്‍മന്ത്രി എളമരം കരീം അവതരണം നടത്തും. 'വിഷന്‍ 31ന് വേണ്ടി മാനവവിഭവശേഷി രൂപപ്പെടുത്തല്‍' വിഷയത്തില്‍ ടെരുമോ പെന്‍പോള്‍ എം.ഡി സി പത്മകുമാര്‍ ചര്‍ച്ച നടത്തും. 'ഗിഗ് ഇക്കണോമിയും തൊഴില്‍ ക്ഷേമവും' സംബന്ധിച്ച് ഐ എല്‍ ഒ യില്‍ നിന്നും കരുണ്‍ ഗോപിനാഥ്, 'ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളും' വിഷയത്തെക്കുറിച്ച് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് പൊതുചര്‍ച്ച. വൈകിട്ട് മൂന്നിന് ചര്‍ച്ചകളുടെ ക്രോഡീകരണവും റിപ്പോര്‍ട്ട് അവതരണവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. വെല്‍ഫയര്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ രഞ്ജിത്ത് പി. മനോഹര്‍ നന്ദി പറയും.

(പി.ആര്‍.കെ നമ്പര്‍ 3192/2025)  

*'വിഷന്‍ 2031': തുന്നല്‍ മത്സരം നടത്തി; തയ്യല്‍ ക്ഷേമനിധി ബോര്‍ഡ് ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്തു*

'വിഷന്‍ 2031' തൊഴില്‍ നൈപുണ്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാറിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി തുന്നല്‍ മത്സരം സംഘടിപ്പിച്ചു. കടപ്പാക്കടയിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അസീസി മത്സരാര്‍ഥികള്‍ക്ക് ടേപ്പ്, കത്രിക, തുണി എന്നിവ നല്‍കി ഉദ്ഘാടനം ചെയ്തു. 15 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. തയ്യല്‍തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്. കാങ്കത്ത് മുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം കടപ്പാക്കടയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനവും അനുബന്ധമായി നടന്നു.  

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് പി. മനോഹര്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. അരുണ്‍കുമാര്‍, തിരുവനന്തപുരം ചീഫ് എക്‌സിക്യൂട്ടീവ് സൂപ്രണ്ട് എം.ഷൈന്‍ രാജ്, തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3193/2025)  

*വിഷന്‍ 2031: തൊഴില്‍ - നൈപുണ്യ വികസന സെമിനാര്‍ പ്രചരണ പരിപാടികള്‍* 

വിഷന്‍ 2031 തൊഴില്‍ -നൈപുണ്യവികസന സംസ്ഥാനതല സെമിനാറിന്റെ ഭാഗമായി ഒക്ടോബര്‍ 28ന് വിവിധ പ്രചരണപരിപാടികള്‍ നടക്കും. രാവിലെ എട്ടിന് കലക്ട്രേറ്റില്‍ നിന്നും ചിന്നക്കടവരെ തൊഴിലാളികളുടെ കൂട്ടയോട്ടം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്യും. നഗരത്തിലെ തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ക്യാമ്പ് ചിന്നക്കട ഡോക്ടേഴ്‌സ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബില്‍ രാവിലെ 10ന് മേയര്‍ ഹണി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ചിന്നക്കട ബസ് ബേയില്‍ ചുമട്ടു തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വടംവലി മത്സരം ഉദ്ഘാടനം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് തൊഴിലാളികളുടെ പട്ടംപറത്തല്‍ മത്സരം കൊല്ലം ബീച്ചില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും. കാപെക്‌സ് പത്തിയൂര്‍ ഫാക്ടറിയില്‍ കശുവണ്ടി തല്ലല്‍ മത്സരം ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യും.

(പി.ആര്‍.കെ നമ്പര്‍ 3194/2025)  

*റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബോര്‍ഡ് യോഗം* 

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബോര്‍ഡ് യോഗം ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 189 അപേക്ഷകളും 12 സപ്ലിമെന്ററി അപേക്ഷകളും പരിഗണിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജോഷി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.അജിത്ത് കുമാര്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3195/2025)  

*സ്വയംതൊഴില്‍ വായ്പ*

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ, പൊതുവിഭാഗത്തിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്. നാല് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ. mithrasoft.kswdc.org യില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ജില്ലാ ഓഫീസ്, വനിതാ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, എന്‍.തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട, കൊല്ലം- 691001. ഫോണ്‍: 9188606806.

(പി.ആര്‍.കെ നമ്പര്‍ 3196/2025)  

*ലൈസന്‍സ് പുതുക്കണം*

ജില്ലയിലെ ഫാക്ടറി ഉടമകള്‍ 2026 വര്‍ഷത്തേക്കുള്ള ഫാക്ടറി ലൈസന്‍സ് പുതുക്കുന്നതിന് www.fabkerala.gov.in ല്‍ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 0474 2795022.

(പി.ആര്‍.കെ നമ്പര്‍ 3197/2025)  

*സ്‌പോട്ട് അഡ്മിഷന്‍ 30ന്*

ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് ടി.ടി.ഐ.കളിലെ ഡി.എല്‍.എഡ് കോഴ്‌സിലേക്ക് ഒക്ടോബര്‍ 30ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായവര്‍ അസല്‍ രേഖകളുമായി കൊല്ലം ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0474 2792957.

(പി.ആര്‍.കെ നമ്പര്‍ 3198/2025)  

*ഹിന്ദി അധ്യാപക കോഴ്സ്*

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് 2025-27 ബാച്ചിലേക്ക് ഒക്ടോബര്‍ 31 രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയില്‍ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തരബിരുദം. പ്രായപരിധി: 17 - 35 വയസ്. അസല്‍ രേഖകളുമായി അടൂര്‍ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 8547126028, 04734-296496.

(പി.ആര്‍.കെ നമ്പര്‍ 3199/2025)  

*ചുരുക്ക പട്ടിക* 

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ - ഹിന്ദി (കാറ്റഗറി നമ്പര്‍ 604/2024) തസ്തികയിലേക്കുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3200/2025)  

*'സ്റ്റാര്‍ട്ടപ്പ് 360 കൊല്ലം എഡിഷന്‍' 31ന്*

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ 'സ്റ്റാര്‍ട്ടപ്പ് 360- കൊല്ലം എഡിഷന്‍' ഒക്ടോബര്‍ 31ന് ഉച്ചയ്ക്ക് രണ്ടിന് കുളക്കട അസാപ് സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ബൗദ്ധിക സ്വത്തവകാശ (ഐ.പി.ആര്‍) പിന്തുണ, നിയമോപദേശം, സാമ്പത്തിക മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശവും സഹായവും നല്‍കും. സംരംഭകര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.asapkerala.gov.in, 

ഫോണ്‍: 9495999672. 

(പി.ആര്‍.കെ നമ്പര്‍ 3201/2025)  

*അപേക്ഷ ക്ഷണിച്ചു*

കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെ സെക്യൂരിറ്റി സൂപര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകളിലെ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം കെക്‌സ്‌കോണില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്‍മാര്‍/ അവരുടെ ആശ്രിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വൈകിട്ട് അഞ്ച് വരെ www.kexcon.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: കെക്‌സ്‌കോണ്‍, ടിസി-25/838, വിമല്‍ മന്ദിര്‍, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി ഓ തിരുവനന്തപുരം- 695014. ഫോണ്‍: 0471-2320771.

(പി.ആര്‍.കെ നമ്പര്‍ 3202/2025)  

*അംഗത്വം പുനഃസ്ഥാപനം; കാലാവധി നീട്ടി*

അംഗത്വം റദ്ദായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് അംശാദായ കുടിശ്ശിക തുക പിഴ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അവസരം നവംബര്‍ അഞ്ച് വരെ നീട്ടി. അദാലത്ത് വഴി ഇതുവരെ അംഗത്വം പുതുക്കാത്തവര്‍ക്കാണ് അവസരം. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്ന സാക്ഷ്യപത്രം ഹാജരാക്കണം. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചര്‍ എന്നിവ സഹിതം അംഗങ്ങള്‍ നേരിട്ടെത്തണം. ഫോണ്‍: 0474 2744447.

(പി.ആര്‍.കെ നമ്പര്‍ 3203/2025)  

*കൂണ്‍ കൃഷി പരിശീലനം*

കൊട്ടാരക്കര കില സി.എസ്.ഇ.ഡി.യില്‍ കൂണ്‍ കൃഷി - വളര്‍ത്തല്‍, പരിപാലനം, വിപണനം വിഷയങ്ങളില്‍ നവംബര്‍ അഞ്ചിനും ആറിനും പരിശീലനം നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കും സ്വയം സഹായ സംഘാംഗങ്ങള്‍ക്കും തത്പരരായ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ഭക്ഷണം, താമസം ഉള്‍പ്പെടെ പരിശീലനം സൗജന്യം. രജിസ്‌ട്രേഷന് പേര്, വിലാസം എന്നിവ 8921819967 നമ്പറില്‍ വാട്‌സ്ആപ് ചെയ്യണം.

(പി.ആര്‍.കെ നമ്പര്‍ 3204/2025)  

*ടെന്‍ഡര്‍*

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 16 എല്‍ പി/യു പി സ്‌കൂളുകള്‍, 11 ഹൈസ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0474 2792957.

(പി.ആര്‍.കെ നമ്പര്‍ 3205/2025)