*സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ചെലവഴിച്ചത് 5000 കോടി: മന്ത്രി വി ശിവൻകുട്ടി*
Keralanewsmedia
*സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ചെലവഴിച്ചത് 5000 കോടി: മന്ത്രി വി ശിവൻകുട്ടി*
കഴിഞ്ഞ ഒൻപത് വർഷത്തിൽ 5000 കോടി രൂപ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്കായി ചെലവഴിച്ചെന്ന് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുത്തൻനട സർക്കാർ എൽ പി സ്കൂളിന്റെ പുതിയ കെട്ടിടവും മെസ് ഹാളും കിച്ചൻ ബ്ലോക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ മേഖല ലോകശ്രദ്ധ പിടിച്ചു പറ്റുന്ന കാലഘട്ടമാണിത്. എല്ലാ സ്കൂളുകൾക്കും മികച്ച കെട്ടിട സൗകര്യങ്ങൾ ഉറപ്പാക്കി. പരമാവധി കുട്ടികളെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിക്കുന്നു. സൗജന്യ പാഠപുസ്തകം, യൂണിഫോം, മികച്ച ഭക്ഷണം എന്നിവയെല്ലാം നൽകി വരുകയാണ്. സർക്കാർ, എയ്ഡഡ് ഉൾപ്പെടെ കേരളത്തിലെ 14000 സ്കൂളുകളിലായി 1,97000 അധ്യാപകരുണ്ട്. ബഡ്ജറ്റിന്റെ 30 ശതമാനവും വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുകയാണ്. ലിഫ്റ്റ് മുതൽ ശീതീകരണ സംവിധാനം വരെ സ്കൂളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് സ്വർണ്ണം നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 കുട്ടികൾക്ക് വീട് വെച്ച് നൽകും. ഇടുക്കിയിൽ ഒരു വീടിന്റെ കല്ലിടീൽ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ സ്കൂളുകളിലും കുട്ടികളുടെ അഭിരുചിക്കനുസൃതമായി വോളിബോൾ, ഫുട്ബോൾ, നീന്തൽ ഉൾപ്പെടെയുള്ള കായിക ഇനങ്ങൾ പരിശീലിപ്പിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.നൗഷാദ് എംഎൽഎ അധ്യക്ഷനായി.മേയർ ഹണി മുഖ്യാഥിതിയായി.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 2 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടവും മെസ്സ് ഹാളും കിച്ചൻ ബ്ലോക്കും നിർമിച്ചത്.
തെക്കേവിള ഡിവിഷൻ കൗൺസിലർ റ്റി.പി അഭിമന്യു, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സവിതാദേവി, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ ആർ.സവിത, സ്‌കൂൾ വികസന സമിതി വൈസ് ചെയർമാൻമാരായ വി.യശ്പാൽ, വി. ബാഹുലേയൻ, എസ് എം സി ചെയർപേഴ്സൺ എസ്. ലക്ഷ്മി പ്രസാദ്, പി ടി എ പ്രസിഡന്റ് സി.വി വിന്യാദാസ്, പ്രഥമ അദ്ധ്യാപിക എ.സജനി തുടങ്ങിയവർ പങ്കെടുത്തു.













