അതിദാരിദ്ര്യമുക്ത കേരളം പിറന്നു';മുഖ്യമന്ത്രി പ്രഖ്യാപിച്ചു; തട്ടിപ്പെന്നാരോപിച്ച് സഭബഹിഷ്കരിച്ച് പ്രതിപക്ഷം
റിപ്പോർട്ട് :സജീവ് ഗോപാലൻ
'അതിദാരിദ്ര്യമുക്ത കേരളം പിറന്നു';മുഖ്യമന്ത്രി പ്രഖ്യാപിച്ചു; തട്ടിപ്പെന്നാരോപിച്ച് സഭബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളപ്പിറവിദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങൾ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേർന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ സഭബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കേരളപ്പിറവി ദിനത്തിൽ കേരളംകൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പിന്നീട് കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.കേരളത്തിലെ ജനങ്ങളോട് ഈ പ്രഖ്യാപനം നടത്തുന്ന വേളയിൽ ഈ സഭയിൽ ഇരിക്കാൻ കഴിയുന്നു എന്നത് മുഴുവൻ നിയമസഭാ അംഗങ്ങൾക്കും അഭിമാനകരമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈകീട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുപ്രഖ്യാപനവും നടത്തും. ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ടാണ് നിയമസഭാ നടപടിക്രമത്തിലൂടെ ഇത് പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളിൽ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നടപ്പാക്കാവുന്ന കാര്യങ്ങൾ എന്താണോ അതേ പറയാറുള്ളൂ. ഈ കേരളത്തിലെ ജനങ്ങൾഞങ്ങൾക്ക് നൽകുന്ന അംഗീകാരത്തിന്റെ അടിസ്ഥാനം എന്താണ് പറഞ്ഞത് അത് നടപ്പാക്കുമെന്നുള്ളതാണ്' പ്രതിപക്ഷ നേതാവിനുള്ള മറുപടി എന്ന് പറഞ്ഞുകൊണ്ട് തന്നെ മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സർക്കാർ തുടങ്ങിയത്. സർവേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4445 പേർ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയിൽപ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രംനിലനിർത്തി. ഇവരുൾപ്പെട്ട 4723 കുടുംബങ്ങളെ പട്ടികയിൽനിന്ന് താത്കാലികമായി ഒഴിവാക്കി.ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്. ശനിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുപ്രഖ്യാപനച്ചടങ്ങിൽ നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും.
ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സാമ്പത്തികവരവും കാലാകാലങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനങ്ങളും കേരളത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യം പിന്നെയും പിന്തുടർന്നവരെയാണ് ഇപ്പോൾ മോചിപ്പിക്കുന്നത്. ഇതോടെ, ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടുംസുസ്ഥിരവികസന ലക്ഷ്യങ്ങൾ (ദാരിദ്ര്യ നിർമാർജനവും വിശപ്പിൽനിന്നുള്ള മോചനവും) പൂർണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്നും സർക്കാർ വിശദീകരിക്കുന്നു.













