റേഡിയോയ്ക്കും റേറ്റിംഗ് കൊണ്ടുവന്നാൽ ഉചിതമാകുമെന്ന് കെ.കുഞ്ഞികൃഷ്ണൻ

Keralanewsmedia

റേഡിയോയ്ക്കും റേറ്റിംഗ് കൊണ്ടുവന്നാൽ ഉചിതമാകുമെന്ന് കെ.കുഞ്ഞികൃഷ്ണൻ

റേഡിയോയ്ക്കും റേറ്റിംഗ് കൊണ്ടുവന്നാൽ ഉചിതമാകുമെന്ന് കെ.കുഞ്ഞികൃഷ്ണൻ

തിരുവനന്തപുരം: ടെലിവിഷന് റേറ്റിംഗ് സംവിധാനം കൊണ്ടുവന്നപോലെ റേഡിയോയ്ക്കും റേറ്റിംഗ് ഉണ്ടായാൽ ഉചിതമാകുമെന്നും കേരള മീഡിയ അക്കാദമി അതിനുളള ശ്രമങ്ങൾ നടത്തണമെന്നും ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ.കുഞ്ഞികൃഷ്ണൻ. കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സ് മൂന്നാം ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ റേഡിയോ സൃഷ്ടിച്ച സാംസ്‌കാരികതരംഗം എക്കാലവും ഓർമ്മിക്കപ്പെടേണ്ടതാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ സർവ്വ മേഖലകളെയും കീഴടക്കുകയാണ്. പുതിയ കാലത്ത് ഓഡിയോ പ്രൊഡക്ഷൻ മേഖലയിൽ വിപുലമായ സാധ്യതകളാണുളളതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.ദേശീയ അവാർഡ് ജേതാവായ ചലച്ചിത്രകാരൻ സജീവ് പാഴൂർ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായി. 

 സിനിമാരംഗത്ത് ശബ്ദവുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതലും മലയാളികളാണുളളതെന്ന് പ്രമുഖ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പാഴൂർ പറഞ്ഞു. ചെന്നൈയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനവും മലയാളികളാണ്. അക്കാദമിയുടെ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സ് പുതിയ കാലത്തിന് ചേർന്ന ഒന്നാണെന്നും അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

 ആംസ്‌ട്രോങ് എന്നുകേട്ടാൽ ശ്രവ്യ മേഖലയിലുളളവർക്ക് ലൂയിസ് ആംസ്‌ട്രോങ്ങിനെയാണ് ആദ്യം ഓർമവരികയെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. 'എ വണ്ടർഫുൾ വേൾഡ്' എന്ന ലൂയിസിന്റെ ഗാനം 74 കോടിയിലേറെ പേരാണ് കേട്ടതെന്നും ആർ.എസ്.ബാബു പറഞ്ഞു. 

 അക്കാദമിയുടെ ഓഡിയോ പ്രൊഡക്ഷൻ, ഫോട്ടോജേണലിസം കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കുളള സർട്ടിഫിക്കറ്റുകളും കെ.കുഞ്ഞികൃഷ്ണൻ സമ്മാനിച്ചു. ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സ് കോർഡിനേറ്ററും റേഡിയോ കേരള പ്രോഗ്രാം ഹെഡുമായ പി എം ലാൽകുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഫോട്ടോജേണലിസം കോർഡിനേറ്റർ ബി.ചന്ദ്രകുമാർ നന്ദി പ്രകാശിപ്പിച്ചു. 

                സെക്രട്ടറി