ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ്; ചാവേറിന് താമസസൗകര്യവും സഹായവും നൽകിയത് പ്രതി അമീർ റാഷിദ് അലി
Keralanewsmedia
ഡൽഹി: ചെങ്കോട്ടയ്ക്ക് പുറത്ത്സ്ഫോടകവസ്‌തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് 13 പേർ കൊല്ലപ്പെട്ട കേസിൽ, പ്രധാന പ്രതിയായ അമീർ റാഷിദ് അലി ചാവേർ ഡോ. ഉമർ നബിക്ക് താമസിക്കാൻ സുരക്ഷിതമായ വീടും മറ്റ് ലോജിസ്റ്റിക് പിന്തുണയും നൽകിയതായി ദേശീയ അന്വേഷണ ഏജൻസി ഡൽഹി കോടതിയെ അറിയിച്ചു. നവംബർ 10-നായിരുന്നു സ്ഫോടനമുണ്ടായത്.സൗത്ത് കശ്‌മീരിലെ പാമ്പോർ സ്വദേശിയായ അലിയെ പാട്യാല ഹൗസ് കോടതി സമുച്ചയത്തിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി അഞ്ജു ബജാജ് ചന്ദനയുടെ കോടതിയിൽ കനത്ത സുരക്ഷയോടെയാണ് എത്തിച്ചത്.
മാധ്യമപ്രവർത്തകരെ കോടതി വളപ്പിലേക്ക് പ്രവേശിപ്പിക്കാത്തതിനാൽ നടപടികൾ 'ഇൻ-കാമറ' ആയി മാറി. ഗൂഢാലോചനയുടെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ അലിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് എൻ.ഐ.എയുടെ റിമാൻഡ് പേപ്പറിൽ പറയുന്നു.
സംഭവത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്റ്റർ ചെയ് ഉടമ അലിയാണ്. ഇയാൾ ഉമറിന് ലോജിസ്റ്റിക് പിന്തുണ നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഉമറിനായി അമീർ ഒരു സുരക്ഷിത താവളം ഒരുക്കിയതായും റിമാൻഡ് റിപ്പോർട്ട് അവകാശപ്പെടുന്നു.
ഭയം ജനിപ്പിക്കാനും പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടാക്കാനും വേണ്ടി സ്ഫോടനത്തിൻ്റെ കൃത്യതയും തീവ്രതയും മനപ്പൂർവ്വം രൂപകൽപ്പന ചെയ്തതാണെന്നും ഏജൻസി പറഞ്ഞു.













