കൊല്ലം പി ആ ർ ഡി വാർത്തകൾ
Keralanewsmedia
കേരള ന്യൂസ് മീഡിയ
*വാർത്താക്കുറിപ്പ് - 17/01/2026*
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊല്ലം*
*കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 76.13 കോടിയുടെ ബഹുനില മന്ദിരം*
*19ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും*
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഏഴുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വലിയ വികസനമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയാണ് ഈ നിലയില്‍ വികസിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാര്‍ഥ്യമാക്കിയത്. ബേസ്മെന്റ് ഉള്‍പ്പെടെ ഏഴുനിലയുള്ള കെട്ടിടത്തില്‍ 130 ഓളം കിടക്കകളാണ് സജ്ജമാക്കുന്നത്. കുണ്ടറയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഇതേറെ സഹായകരമാകും.
ഇലക്ട്രിക്കല്‍ റൂം, ഗ്യാസ് മാനിഫോള്‍ഡ്, ലോണ്‍ഡ്രി, എസ്.ടി.പി. മോര്‍ച്ചറി എന്നിവ ഉള്‍പ്പെടുന്നതാണ് ബേസ്മെന്റ് ഏരിയ. ബേസ്മെന്റ് ഫ്ളോറില്‍ പോസ്റ്റ് മോര്‍ട്ടം, ഫ്രീസര്‍ മോര്‍ച്ചറി (2), എസ്ടിപി, ഓക്സിജന്‍ പ്ലാന്റ്, ഫയര്‍ റൂം, ഇലക്ട്രിക്കല്‍ റൂം, ബയോ മെഡിക്കല്‍ വേസ്റ്റ് റൂം എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്ളോറില്‍ അത്യാഹിത വിഭാഗം, ഏഴ് കിടക്കകള്‍ (ഒബ്സര്‍വഷന്‍), എക്സ് റേ, അള്‍ട്രാസൗണ്ട്, ഒന്നാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, മെയില്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഫീമെയില്‍ സര്‍ജിക്കല്‍ വാര്‍ഡ്, രണ്ടാമത്തെ നിലയില്‍ ഒ.പി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, സിഎസ്എസ്ഡി, മൂന്നാമത്തെ നിലയില്‍ ഓപ്പറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നാലാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, ഡെന്റല്‍ യൂണിറ്റ്, അഞ്ചാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, ആറാമത്തെ നിലയില്‍ പേ വാര്‍ഡ് എന്നിവയാണുള്ളത്.
1920കളില്‍ കുണ്ടറ സിറാമിക്സിലെ ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വേണ്ടി ഡിസ്പെന്‍സറിയായി തുടങ്ങിയ ആശുപത്രിയാണ് ഇപ്പോള്‍ വികസന കുതിപ്പിന്റെ നെറുകയിലെത്തിയിരിക്കുന്നത്. ജില്ലയിലെ നാല് താലൂക്ക് ആശുപത്രികളില്‍ ഒന്നായ കുണ്ടറ താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും ആധുനിക ചികിത്സാ സജ്ജീകരണങ്ങള്‍ സാധ്യമാക്കിയും ആതുര ശുശ്രൂഷ രംഗത്ത് പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.
(പി.ആര്‍.കെ നമ്പര്‍ 129/2026)
*സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം 19ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും*
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം ജനുവരി 19ന് വൈകിട്ട് നാലിന് കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മന്ത്രിമാരായ മന്ത്രി ജെ ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്കും, വിദൂരമായി ഇരുന്ന് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന തൊഴിലിടങ്ങളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുകയാണ് കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്രീലാന്‍സായി തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്വന്തമായി ചെറുസംരംഭങ്ങള്‍ നടത്തുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും.
സോഹോ കോര്‍പറേഷന്‍ കോ-ഫൗണ്ടര്‍ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തും. കൊടുക്കുന്നില്‍ സുരേഷ് എം.പി, ഐ.ടി സെക്രട്ടറി സീറാം സാംബശിവറാവു, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു, കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 130/2026)
*സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026'*
*മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും*
സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026' ആശ്രാമം മൈതാനത്തും യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററിലുമായി ജനുവരി 18 മുതല്‍ 21 വരെ നടക്കും. ജനുവരി 19ന് രാവിലെ 11.30ന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ക്ഷീരസഹകാരി അവാര്‍ഡ്, ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡ് എന്നിവ വിതരണം ചെയ്യും. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ.ബി. ഗണേഷ് കുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മില്‍മ, കേരള ഫീഡ്‌സ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, വെറ്ററിനറി സര്‍വ്വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്ഷീര സംഗമത്തിന് തുടക്കംകുറിക്കുന്ന ജനുവരി 18ന് രാവിലെ ഒമ്പതിന് ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസ് മുതല്‍ ആശ്രാമം മൈതാനം വരെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ളാഗ് ഓഫ് ചെയ്യും. പാട്ടുവണ്ടി, ഫ്ളാഷ് മോബ്, ചെണ്ടമേളം, ബാന്‍ഡ് എന്നിവയുടെ അകമ്പടിയോടെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ജില്ലയിലെ 13 ക്ഷീരവികസന യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം ക്ഷീരകര്‍ഷക പ്രതിനിധികളും ഘോഷയാത്രയില്‍ പങ്കെടുക്കും.
രാവിലെ 10ന് എം. മുകേഷ് എം.എല്‍.എ പതാക ഉയര്‍ത്തും. 10.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഡയറി എക്സ്പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബിന്ദു, രശ്മി രഞ്ജിത്ത്, ക്ഷീരസംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11ന് ഷെഫ് പിള്ളയുടെ നേതൃത്വത്തില്‍ കുക്കറി ഷോയും അരങ്ങേറും.
(പി.ആര്‍.കെ നമ്പര്‍ 131/2026)
*വനാതിര്‍ത്തികളില്‍ കര്‍ശന പരിശോധന*
*ലഹരിവ്യാപനം തടയാന്‍ സംയുക്തപരിശോധന*
അനധികൃതമദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ കടത്ത് തടയുന്നതിന് ജില്ലയുടെ വനാതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍. ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ എക്സൈസ്, പൊലീസ്, വനം, കോസ്റ്റല്‍ പൊലീസ്, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന സംയുക്തപരിശോധന തുടരുമെന്നും വ്യക്തമാക്കി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സ്‌കൂളുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവത്കരണം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു.
തീരദേശം കേന്ദ്രീകരിച്ച് കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തും. ഇതരസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന ഇടങ്ങള്‍, ക്യാമ്പുകള്‍, അരിഷ്ടം വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലും കര്‍ശന നിരീക്ഷണം തുടരും. കൊല്ലം ബീച്ച്, തങ്കശ്ശേരി- പുലിമുട്ട് ഭാഗം, താന്നിക്കമുക്ക്, റെയില്‍വേ സ്റ്റേഷന്‍, ആശ്രാമം മൈതാനം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി 15 വരെ 1352 റെയ്ഡുകള്‍ നടത്തി. 7180 വാഹനങ്ങള്‍ പരിശോധിച്ചു. 212 അബ്കാരി കേസുകളും 92 എന്‍.ഡി.പി.എസ്. കേസുകളും, 974 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 18 വാഹനങ്ങള്‍ പിടികൂടി. 62 ലിറ്റര്‍ ചാരായം, 608.505 ലിറ്റര്‍ വിദേശമദ്യം, 7800 ലിറ്റര്‍ ബീയര്‍, 510.400 ലിറ്റര്‍ അരിഷ്ടം, 431 ലിറ്റര്‍ കോട (വാഷ്), 8.265 കിലോഗ്രാം കഞ്ചാവ്, 2 കഞ്ചാവ് ചെടികള്‍, 51.712 ഗ്രാം എം.ഡി.എം.എ എന്നിവ പിടികൂടി. 52 സംയുക്ത റെയ്ഡുകളും നടത്തി. അബ്കാരി കേസുകളില്‍ 165 പേരേയും എന്‍.ഡി.പി.എസ് കേസുകളില്‍ 96 പേരെയും അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്‍ മനോജ് അറിയിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, സമിതി അംഗങ്ങളായ കുരീപ്പുഴ ഷാനവാസ്, എന്‍ പി ഹരിലാല്‍, കുരീപ്പുഴ വിജയന്‍, തൊടിയില്‍ ലുക്ക്മാന്‍, പേരൂര്‍ സജീവ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 132/2026)
*റോഡ് സുരക്ഷാ മാസാചരണം: ബോധവത്കരണവുമായി ആര്‍ ടി ഒ*
ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് ജില്ലയിലും വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍. റോഡ് അപകടങ്ങള്‍ തടയുന്നതിനായി ഡ്രൈവര്‍മാരിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയാണെന്ന് ആര്‍.ടി.ഒ കെ.അജിത് കുമാര്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ തുടങ്ങി. കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ എന്‍ എസ് എസും മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി 'സേഫ് റോഡ് സേഫ്' കൊല്ലം -റോഡ് സുരക്ഷാ മാനദണ്ഡപാലനം സംബന്ധിച്ച പരിശോധന നടത്തി. ഐ ടി ഐ, എന്‍ജിനീയറിങ് കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ ക്ലബുകള്‍ ആരംഭിച്ച് ക്ലാസുകള്‍ നല്‍കി. വിദ്യാര്‍ഥികള്‍ക്ക് റോഡ് നിയമങ്ങള്‍, പ്രാഥമിക ശുശ്രൂഷ, സി പി ആര്‍, ട്രോമ കെയര്‍ തുടങ്ങിയവ പരിചയപ്പെടുത്തി.
റോഡ് മാപ്പിംഗ്- സുരക്ഷ സര്‍വേ- ഓഡിറ്റ് എന്നിവ നടത്തി കണ്ടെത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്. ഫയര്‍ഫോഴ്‌സ്, ട്രാക്ക് എന്നിവയുടെ നേതൃത്വത്തില്‍ ട്രോമാ കെയര്‍, റോഡ് അപകട അവബോധം, കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷാ പരിശീലനം എന്നിവയും നല്‍കുന്നുണ്ട്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ലേണേഴ്‌സിന് അപേക്ഷ നല്‍കിയവര്‍ തുടങ്ങിയവരിലേക്കും ബോധവത്കരണം വ്യാപിപ്പിച്ചു. കാല്‍നട യാത്രക്കാരുടെ മരണനിരക്ക് പരമാവധി കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് സൗജന്യമെഡിക്കല്‍ ക്യാമ്പ്, വിദ്യാര്‍ഥികളില്‍ റോഡ് സുരക്ഷാപ്രതിജ്ഞയെടുക്കല്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ നടത്തുമെന്നും ആര്‍ടിഒ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 133/2026)
*ജില്ലയില്‍ 4,53,000 കുടിവെള്ള കണക്ഷന്‍ നല്‍കി*
ജില്ലയില്‍ ഗ്രാമീണമേഖലയില്‍ ജലജീവന്‍ മിഷന്‍ മുഖേന നല്‍കിയത് 4,53,000 കുടിവെള്ള കണക്ഷനുകള്‍. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ജലശുചിത്വ സമിതി യോഗത്തില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നെടുവത്തൂരിലെ പുല്ലാമലയില്‍ സ്ഥാപിക്കേണ്ട ജലസംഭരണിക്ക് സ്ഥലം വിട്ട് നല്‍കുന്നതിന് നടപടി സ്വീകരിക്കും. കെആര്‍എഫ്ബിയുടെ അധീനതയിലുള്ള വെറ്റമുക്ക്- തേവലക്കര റോഡില്‍ ഫെബ്രുവരി ഒന്നിനകം പൈപ്പ് ലൈന്‍ ഇടുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. നെടുമ്പന പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാന്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദ്ദീന്‍ ലബ്ബ, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.സന്തോഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 134/2026)
*ബാങ്കേഴ്‌സ് മീറ്റ്*
കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 22ന് രാവിലെ 10ന് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. ആശ്രാമം കെഎസ്എസ്‌ഐഎ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു ഉദ്ഘാടനം ചെയ്യും. പുതിയ എംഎസ്എംഇ അപേക്ഷകള്‍ സ്വീകരിക്കും. കൊല്ലം താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍. ഫോണ്‍: 9446701409, 8848149500.
(പി.ആര്‍.കെ നമ്പര്‍ 135/2026)
*തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു*
കള്ള് ചെത്ത് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. https://lc.kerala.gov.in/ ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 136/2026)
*അപേക്ഷ ക്ഷണിച്ചു*
ഇരവിപുരം സൗത്ത് മത്സ്യ ഗ്രാമത്തെ ക്ലൈമറ്റ് റസീലിയന്റ് കോസ്റ്റല്‍ ഫിഷര്‍മാന്‍ വില്ലേജാക്കി മാറ്റുന്നതിന്റെ പ്രദേശത്തെ മത്സ്യം ഉണക്കുന്ന തൊഴില്‍ ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 23ന് വൈകിട്ട് അഞ്ചിനകം ഇരവിപുരം/ മയ്യനാട് മത്സ്യഭവനിലോ ജില്ലാ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850.
(പി.ആര്‍.കെ നമ്പര്‍ 137/2026)
*ക്വട്ടേഷന്‍/ ടെന്‍ഡര്‍*
ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായി വിവിധ വേദികളില്‍ പന്തല്‍, ലൈറ്റ്, സൗണ്ട്‌സ് ഒരുക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍/ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 20 വൈകിട്ട് അഞ്ചുവരെ ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0474 2795198.
(പി.ആര്‍.കെ നമ്പര്‍ 138/2026)
*അപേക്ഷ ക്ഷണിച്ചു*
ജില്ലാതല കേരളോത്സവത്തില്‍ കലാമത്സരങ്ങളുടെ വിധിനിര്‍ണയത്തിനായി യോഗ്യരായ ജഡ്ജിങ് പാനലുകളില്‍ (പ്രൊഫൈല്‍ ഉള്‍പ്പെടെ) നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2795198.
(പി.ആര്‍.കെ നമ്പര്‍ 139/2026)
*മാധ്യമ കോഴ്സ്*
സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി അപേക്ഷിക്കുന്നവരില്‍ യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി ജനുവരി 20. വിവരങ്ങള്‍ക്ക്: http://mediastudies.cdit.org, ഫോണ്‍: 8547720167.
(പി.ആര്‍.കെ നമ്പര്‍ 140/2026)
*സൗജന്യ തൊഴില്‍ പരിശീലനം; സീറ്റ് ഒഴിവ്*
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ഐ ആര്‍ ഇ എല്‍ (ഇന്ത്യ) ലിമിറ്റഡും ചേര്‍ന്ന് നടത്തുന്ന സൗജന്യ സ്ത്രീ ശാക്തീകരണ തൊഴില്‍ നൈപുണ്യ പരിശീലനപദ്ധതിയില്‍ സീറ്റ് ഒഴിവ്. കോഴ്‌സ്- സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ (കോമീസ് ഷെഫ്). പ്ലസ്ടു വിജയിച്ച 18 നും 30 നും ഇടയില്‍ പ്രായമുള്ള ജില്ലയിലെ വനിതകള്‍ക്കാണ് അവസരം. ഐ ആര്‍ ഇ എല്‍ മൈനിങ് പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി 23. ഫോണ്‍: 8078980000.
(പി.ആര്‍.കെ നമ്പര്‍ 141/2026)
*'പ്രതീക്ഷ' പദ്ധതിക്ക് തുടക്കമായി*
ജില്ലാതല പ്രൊബേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ 'പ്രതീക്ഷ' ലഹരി പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം കലക്ട്രേറ്റ് ആത്മ ഹാളില്‍ കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എന്‍.വി രാജു നിര്‍വഹിച്ചു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം/വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് 'പ്രതീക്ഷ'. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും 50 പേരെ വീതമാണ് പുനരധിവസിപ്പിക്കുന്നത്.
ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഹരികുമാരന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.വി.ബിജു, ഡിഎല്‍എസ്എ സെക്രട്ടറി ടി.അമൃത, നര്‍ക്കോട്ടിക് സെല്‍ എ.സി.പി ജോസ് ഫിലിപ്പ്, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍.ശരത്, പ്രൊബേഷന്‍ ഓഫീസര്‍ ആര്‍.രമ്യ, അസിസ്റ്റന്റ് പ്രൊബേഷന്‍ ഓഫീസര്‍ വി.എസ്.ഗീതു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 142/2026)
*ടെന്‍ഡര്‍*
സര്‍ക്കാര്‍ വനിത ഐടിഐയിലേക്ക് ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍ ട്രേഡിലേക്ക് ആവശ്യമായ സാമഗ്രികള്‍ സംഭരിക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 1500 രൂപ. ജനുവരി 22 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474-2793714.
(പി.ആര്‍.കെ നമ്പര്‍ 143/2026)
*ആര്‍മി പ്രതിനിധികളുടെ കൂടിക്കാഴ്ച*
ആര്‍മി (മെക്കനൈസ്ഡ് ഇന്‍ഫാന്‍ട്രി) യില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍നാരികള്‍ എന്നിവരുമായി ആര്‍മി ഓഫീസ് പ്രതിനിധികള്‍ ജനുവരി 22ന് കടപ്പാക്കട പ്രതിഭാ ജംഗ്ഷന് സമീപത്തുള്ള എക്‌സ് സര്‍വീസസ് ലീഗ് ആസ്ഥാന മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തും. ഫോണ്‍: 0474 2792987.
(പി.ആര്‍.കെ നമ്പര്‍ 144/2026)
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













