കൊട്ടിഘോഷിച്ചെത്തിയ അമൃത് ഭാരതിൽ മലബാറിലെ യാത്രക്കാർക്ക് കടുത്ത നിരാശ: സർവീസ് ആഴ്ചയിൽ ഒരിക്കൽ മാത്രം; സമയക്രമത്തിലും സ്റ്റോപ്പിലും വ്യാപക അതൃപ്തി
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ്ഗോപാലൻ
കൊട്ടിഘോഷിച്ചെത്തിയ അമൃത് ഭാരതിൽ മലബാറിലെ യാത്രക്കാർക്ക് കടുത്ത നിരാശ: സർവീസ് ആഴ്ചയിൽ ഒരിക്കൽ മാത്രം; സമയക്രമത്തിലും സ്റ്റോപ്പിലും വ്യാപക അതൃപ്തി
സാധാരണക്കാർക്കും അതിവേഗ യാത്രയെന്ന പേരിൽ കൊട്ടിഘോഷിച്ചെത്തിയ കേന്ദ്രത്തിന്റെ അമൃത് ഭാരത് എക്സ്പ്രസിന്‍റെ സമയക്രമം പുറത്ത് വന്നതോടെ മലബാറിലെ യാത്രക്കാർക്ക് കടുത്ത നിരാശ. തിരക്കേറിയ നാഗർകോവിൽ – മംഗളൂരു റൂട്ടിൽ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമായതെങ്കിലും പല പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പ് ഇല്ലാത്തതും അപ്രായോഗികമായ സമയക്രമവും യാത്രക്കാർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്.
ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നാഗർകോവിൽ – മംഗളൂരു ജംഗ്ഷൻ റൂട്ടിൽ അമൃത് ഭാരത് എക്സ്പ്രസ് ഓടുന്നത്. എല്ലാ ചൊവ്വാഴ്ചയും പകൽ 11.40-ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 05.00-ന് മംഗളൂരു ജംഗ്ഷനിൽ എത്തുന്ന തരത്തിലാണ് സമയക്രമീകരണം. എല്ലാ ബുധനാഴ്ചയും രാവിലെ 08.00-ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 10.05-ന് നാഗർകോവിലിൽ തിരിച്ചെത്തും. മംഗലാപുരത്തുനിന്ന് നാഗർകോവിലിലേക്ക് ഉള്ള ട്രെയിൻ ഈ സമയക്രമം അനുസരിച്ച് ഉപയോഗപ്രദമല്ലാത്ത സമയത്താണ് മലബാറിലൂടെ കടന്നുപോകുന്നത്.
തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. എന്നാൽ, മലബാർ മേഖലയിലെ പ്രധാന സ്റ്റോപ്പുകളായ കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, വടകര, പയ്യന്നൂർ സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പില്ല.
വന്ദേ ഭാരത് ലെവൽ സ്റ്റോപ്പുകളാണ് ട്രെയിനുള്ളത്. പക്ഷേ അത്രയും വേഗം ടൈം ടേബിൾ പ്രകാരം ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല. ബഫർ ടൈം വളരെ കൂടുതലാണെ്. ഇത്രയും സമയം എടുക്കുന്ന ട്രെയിന് കുറ്റിപ്പുറവും വടകരയും അടക്കമുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് നൽകാമായിരുന്നു എന്നും യാത്രക്കാർ പറയുന്നു.
23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യുക. സാധാരണക്കാരുടെ യാത്രാ ക്ലേശങ്ങൾക്ക് ‘കേന്ദ്രത്തിന്റെ കാരുണ്യം’ എന്ന പ്രഖ്യാപനത്തോട് കൂടി കേരളത്തിലെ ബിജെപി വൻ തോതിൽ അമൃത് ഭാരത്തിന്റെ വരവ് കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ, ഇതും വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടായി മാറുന്നുവെന്നാണ് പൊതുജനത്തിന്റെ വിമർശനം.













