സ്വർണ മോഷണം നടന്നുവെന്ന് ഭാഗികമായി സമ്മതിച്ച് തന്ത്രി; ദ്വാരപാലക ശിൽപം- കട്ടിപ്പാളി കേസിലും കണ്ഠര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ് ഐ ടി

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

സ്വർണ മോഷണം നടന്നുവെന്ന് ഭാഗികമായി സമ്മതിച്ച് തന്ത്രി; ദ്വാരപാലക ശിൽപം- കട്ടിപ്പാളി കേസിലും കണ്ഠര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ് ഐ ടി

ശബരിമല സ്വർണ മോഷണത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് പങ്കെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപ കേസിലും കട്ടിപ്പാളി കേസിലുമാണ് തന്ത്രിക്ക് നേരിട്ട് പങ്കെന്ന് എസ് ഐ ടി കണ്ടെത്തിയത്. ഇത് സംബന്ധിച്ചുള്ള തെളിവുകളും മൊഴിയും എസ് ഐ ടിക്ക് ലഭിച്ചു. തന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധിക്കും. ചോദ്യം ചെയ്യലിൽ ഭാഗികമായി സ്വർണ മോഷണം നടന്നുവെന്ന് തന്ത്രി സമ്മതിച്ചു. കഴിഞ്ഞ ദിവസമാണ് തന്ത്രിയെ എസ് ഐ ടി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് തന്ത്രി സമ്മതിച്ചത്.അതേസമയം, സ്വര്‍ണ മോഷണക്കേസില്‍ അറസ്റ്റിലായി 76 ദിവസമായി ജയിലില്‍ ക‍ഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എൻ വാസുവിൻ്റെ ജാമ്യഹര്‍ജി ക‍ഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ പരാമർശം ശരിവെച്ച സുപ്രീം കോടതി കേസിൽ ഇടപെടാൻ ആകില്ലെന്നും വ്യക്തമാക്കി. 76 ദിവസമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് എൻ വാസു സുപ്രീംകോടതിയെ സമീപിച്ചത്.

എൻ വാസു കമ്മീഷണർ ആയിരിക്കെയാണ് കൊള്ള നടന്നതെന്ന് കോടതി വിമർശിച്ചു. ദൈവത്തിന്റെ സ്വർണം മോഷ്ടിച്ച കേസല്ലേ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.