വേനല്‍ പ്രതിരോധം - സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍*

വേനല്‍ പ്രതിരോധം - സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍*

PRESS RELEASE 25/04/2026

*വേനല്‍ പ്രതിരോധം - സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍*

വേനല്‍ക്കാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതില്‍ സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍. ചേമ്പറില്‍ വിളിച്ചുചേര്‍ത്ത വിവിധ സന്നദ്ധസംഘടനകളുടെ പ്രതിനിധിയോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സന്നദ്ധ സംഘടനകളുടെ സഹകരണവും പങ്കാളിത്തവും അഭ്യര്‍ഥിച്ചത്.

ജനസാന്ദ്രതയുള്ള കവലകള്‍, ചന്തകള്‍, ഗതാഗതകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തണല്‍ പന്തലുകള്‍ ഒരുക്കാം. സംഭാരം, ഒ.ആര്‍.എസ് ലായനി, ശുദ്ധജലം എന്നിവ വിതരണം ചെയ്യാനും മുന്‍കൈയെടുക്കാം. തെരുവ്കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണ തൊഴിലാളികള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സിറ്റി ബസ് ഡ്രൈവര്‍മാര്‍ തുടങ്ങി വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് പ്രത്യേക സഹായങ്ങള്‍ ലഭ്യമാക്കണം.

  ഉയര്‍ന്ന ചൂടുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടവ, പാമ്പ് കടിയേല്‍ക്കാതിരിക്കാനും കടിയേറ്റാല്‍ സ്വീകരിക്കേണ്ടതുമായ നടപടികള്‍, ജലസംരക്ഷണ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം.

ജലാശയങ്ങളില്‍ ഇറങ്ങുന്ന പ്രവണത കൂടിവരുന്നത് അപകടങ്ങള്‍ക്കും പകര്‍ച്ചരോഗങ്ങള്‍ക്കും കാരണമാകുന്നു. പാറക്കുളങ്ങളിലും മലിനമായ മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കമുള്ളവര്‍ ഇറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. മലിനജലത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള മാരകരോഗങ്ങള്‍ക്കെതിരെ കൃത്യമായ അറിവ് നല്‍കാനും മുന്നിട്ടിറങ്ങണം. വെള്ളത്തിലിറങ്ങുമ്പോഴുള്ള അപകടസാധ്യതകളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകമായ ബോധവല്‍ക്കരണം നല്‍കേണ്ടത് ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.

എ ഡി എം ടി കെ വിനീത്, ജോയിന്റ് ആര്‍ ടി ഓ ആര്‍ ശരത് ചന്ദ്രന്‍, ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി, ഗാന്ധിഭവന്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ദുരന്തനിവാരണവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 810/2026)

*മലമ്പനി നിര്‍മാര്‍ജ്ജനം: അതിഥി തൊഴിലാളികള്‍ക്കായി മെഗാ സ്‌ക്രീനിംഗ് ക്യാമ്പയിന്‍*

ലോക മലേറിയദിനാചരണത്തിന്റെഭാഗമായി ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഗാ സ്‌ക്രീനിംഗ് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. ചവറ വിശ്വസമുദ്ര കണ്‍സ്ട്രക്ഷന്‍ കമ്പനി, നീണ്ടകര വെറോണിക്ക, ദളവാപുരം കിങ്സ് റീട്ടെയ്ല്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായാണ് പരിശോധനകള്‍ നടത്തിയത്.

തദ്ദേശീയമായി മലമ്പനി പൂര്‍ണമായും ഇല്ലാതാക്കുന്നതിനായാണ് വിപുലമായ പ്രവര്‍ത്തനങ്ങള്‍. മലമ്പനി കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ചവറ, കല്ലുവാതുക്കല്‍, നെടുവത്തൂര്‍, മയ്യനാട്, മടത്തറ ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധനല്‍കും. അതിഥിതൊഴിലാളികള്‍, മലേറിയ ബാധിതരാജ്യങ്ങളില്‍ പോയി തിരിച്ചെത്തുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ച് സ്‌ക്രീനിംഗും ബോധവല്‍ക്കരണവും കൂടുതല്‍ ശക്തമാക്കും. ഇവരുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കൊതുകുകളുടെസാന്ദ്രത പരിശോധിക്കുന്നതിനുള്ള പഠനങ്ങളും സര്‍വ്വേകളും തുടങ്ങി.

ജില്ലയിലുടനീളം ഏരിയ ഫോക്കസ്ഡ് സ്‌ക്രീനിംഗും ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള പരിശോധനകളും തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു. മലമ്പനി പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

(പി.ആര്‍.കെ നമ്പര്‍ 811/2026)

*സെന്‍സസ് 2027*

*രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയായി*

ജില്ലയിലെ സെന്‍സസ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ചിനുള്ള പരിശീലനം സമാപിച്ചു. കലക്ട്രേറ്റ് ഐ ടി ട്രെയിനിങ് ഹാളില്‍ ചേര്‍ന്ന സമാപന ചടങ്ങ് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. പുതുതായി പരിചയപ്പെടുത്തിയ സെല്‍ഫ് എന്യുമേറേഷന്‍ സംവിധാനം സെന്‍സസ് പ്രക്രിയയെ കൂടുതല്‍ സുഗമമാക്കുമെന്ന്പറഞ്ഞു.

എഡിഎം ടി കെ വിനീത് അധ്യക്ഷനായി. സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി സി നിഷ, സീനിയര്‍ കമ്പൈലര്‍ ആര്‍ ശ്രീലക്ഷ്മി എന്നിവര്‍ ക്ലാസ് നയിച്ചു.

ജില്ലയെ വിവിധ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലെ വിവരശേഖരണവും ജനസംഖ്യ കണക്കെടുപ്പും എന്യുമറേറ്റര്‍മാര്‍ മുഖാന്തിരം നടപ്പാക്കും. ആദ്യഘട്ടമായ വീടുകളുടെ സെന്‍സസില്‍ ഭവനസൗകര്യം, ആസ്തി എന്നീ വിവരങ്ങള്‍ക്കായി 34 ചോദ്യങ്ങളാണ് ഉണ്ടാകുക. 2027 ഫെബ്രുവരി ഒമ്പത് മുതല്‍ 28 വരെ രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് നടത്തും.

(പി.ആര്‍.കെ നമ്പര്‍ 812/2026)