രാജ്യത്ത് വിവിധ ഇടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു; ശക്തമായി അപലപിക്കുന്നു’; ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
റിപ്പോർട്ട് :സജീവ് ഗോപാലൻ
ക്രിസ്മസ് വേളയിൽ രാജ്യത്ത് വിവിധ ഇടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുവെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. വളരെയധികം ദുഃഖത്തോടെയാണ് നിൽക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.ഭരണഘടനയുടെ ആത്മാവിന് തന്നെ മുറിവേൽപ്പിക്കുന്നതാണ് ഇത്. അതിക്രമങ്ങൾ തടയണമെന്നും ക്രൈസ്തവരെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അഭ്യർത്ഥിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. എല്ലാ ആക്രമണത്തിന് പിന്നിലും സംഘ പരിവാറാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പാലക്കാട് കുട്ടികളടങ്ങുന്ന കരാൾ സംഘത്തിന് നേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. ഈ അക്രമി സംഘത്തെ ബിജെപി നേതാക്കൾ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കരാൾ സംഘങ്ങളെ അപമാനിക്കുന്ന രീതിയിൽ മുതിർന്ന നേതാക്കൾ പരാമർശം നടത്തി. അക്രമികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.













