40 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട 85 കാരിക്ക് പുനർജന്മമേകി
കേരള ന്യൂസ് മീഡിയ
40 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട 85 കാരിക്ക് പുനർജന്മമേകി അഗ്നി രക്ഷ സേന
40 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട 85 കാരിയെ രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന. തിരുവല്ല പടിഞ്ഞാറ്റോതറ പ്ലാച്ചേരിൽ കാലായിൽ വീട്ടിൽ രാജുവിന്റെ ഭാര്യ മാതാവ് തങ്കമ്മയെ ആണ് അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
സമീപവാസിയുടെ പുരയിടത്തിലെ 10 അടിയിലേറെ വെള്ളമുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ ആണ് തങ്കമ്മ വീണത്. കിണറ്റിൽ വീണ തങ്കമ്മ കിണറിന്റെ തൊടിയിൽ പിടിച്ചു കിടന്നു. സമീപവാസിയായ സ്ത്രീയാണ് തങ്കമ്മ കിണറ്റിൽ വീണ വിവരം ആദ്യം അറിയുന്നത്. തുടർന്ന് മകൻ രാജുവിനെ അടക്കം വിവരം അറിയിച്ചു. കയറും മറ്റ് സാധനങ്ങളും ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് തിരുവല്ലയിലെ അഗ്നിശമനസേനയിൽ വിവരം അറിയിച്ചത്. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത് കുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് ടൈറ്റസ് എന്നിവർ കിണറ്റിൽ ഇറങ്ങി വലയും കയറും ഉപയോഗിച്ച് തങ്കമ്മയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
നിസാര പരുക്കേറ്റ തങ്കമ്മയെ കുമ്പനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജ് മുരളി, രാംലാൽ, വിനോദ് ടൈറ്റസ്, ഷിബിൻ രാജ്, നന്ദു മനോജ്,ജോടി പി ജോസഫ്, സുധീഷ്, അനിൽകുമാർ, ജയൻ ടി ആർ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


Deepa Binu 










