ഓപ്പറേഷന്‍ തൂഫാന്‍*

ഓപ്പറേഷന്‍ തൂഫാന്‍*

കേരള ന്യൂസ്‌ മീഡിയ

PRESS RELEASE 07/07/2026

*ഓപ്പറേഷന്‍ തൂഫാന്‍*

*ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹവും അണിനിരക്കണം: മന്ത്രി രമേശ് ചെന്നിത്തല*

ലഹരിവ്യാപനത്തിനെതിരെ സര്‍ക്കാര്‍സംവിധാനങ്ങളുടെനേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ പൊതുസമൂഹവും അണിനിരക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ തൂഫാന്‍ ലഹരി പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്റെ വിദ്യാലയം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.

ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലങ്ങു വീഴും. രാസലഹരി, ഹൈബ്രിഡ് ലഹരിവസ്തുക്കള്‍ എന്നിവയുടെ വ്യാപനം ചെറുക്കാന്‍ നിരീക്ഷണസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ലഹരിവ്യാപനം തടയുന്നതിന് പ്രത്യേക പോലീസ് സംവിധാനം നടപ്പാക്കും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ താഴെതട്ടുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. വിവിധ മാര്‍ഗങ്ങളിലൂടെനടത്തുന്ന ലഹരികടത്ത് ശക്തമായ നിരീക്ഷണ-എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളിലൂടെ ഇല്ലാതാക്കും. യുവതലമുറയെ ലഹരി വിപത്തില്‍നിന്നും മോചിപ്പിക്കാന്‍ നിരന്തരപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ പോള്‍ ആന്റണി മുല്ലശ്ശേരിയെ മന്ത്രി തൂഫാന്‍ ബാഡ്ജ് അണിയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി ചൊല്ലി. ക്യാമ്പയിനിന്റെ ഭാഗമായിസംഘടിപ്പിച്ച വിവിധമത്സരങ്ങളുടെ വിജയികള്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. 

കേരള കാത്തലിക് ടീച്ചേഴ്‌സ് പ്രസിഡന്റ് ടോം മാത്യു അധ്യക്ഷനായി. ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍ ബിനു തോമസ് തുപ്പാശ്ശേരി മയക്കുമരുന്ന് പ്രതിരോധം വിദ്യാലയത്തില്‍ എന്ന വിഷയത്തില്‍ സംസാരിച്ചു. കാത്തലിക് ടീച്ചേഴ്‌സ് ട്രഷറര്‍ റോബിന്‍ മാത്യു, കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജി ബിജു, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 2153/2026)

*ലഹരിവിപത്തിനെതിരെ കൈകോര്‍ക്കാം: മന്ത്രി രമേശ് ചെന്നിത്തല*

 

ലഹരിയെന്നവിപത്തിനെതിരെ എല്ലാവിഭാഗംജനങ്ങളും കൈകോര്‍ക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊല്ലം എസ് എന്‍ കോളജില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍സംവിധാനങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ വിജയമായതിന് പിന്നിലുള്ളത് പൊതുജനപങ്കാളിത്തമാണ്. ഓപ്പറേഷന്‍ തൂഫാന്റെ വിജയത്തിനായി കൂടുതല്‍ പിന്തുണ നല്‍കിയത് സ്ത്രീസമൂഹമാണ്. 

മൂന്ന് ഘട്ടങ്ങളായാണ് ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. തൂഫാന്‍ സ്‌ട്രൈക്ക് ഒന്നാം ഘട്ടത്തില്‍ പൊലിസ്-എക്‌സൈസ് വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വില്‍പനയ്ക്ക് തടയിടുന്നു. രണ്ടാം ഘട്ടമായ തൂഫാന്‍ വാരിയര്‍-സര്‍ക്കാര്‍പ്രവര്‍ത്തങ്ങളില്‍പൊതുജനപങ്കാളിത്തവും ബോധവല്‍ക്കരണവും ഉറപ്പാക്കുന്നു. തൂഫാന്‍ കെയര്‍ മൂന്നാം ഘട്ടത്തിലൂടെ ലഹരിവിമുക്തി പ്രവര്‍ത്തങ്ങളാണ് നടത്തുന്നത്.  

ജീവിതമാണ് ലഹരിയെന്ന് പുതുതലമുറ തിരിച്ചറിയണം. സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ ലഹരിപ്രവര്‍ത്തനങ്ങള്‍തടയാന്‍ അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രത്യേകയോഗംചേരും. രാജ്യത്തിന് മാതൃകയാകും വിധം ഓപ്പറേഷന്‍ തൂഫാന്‍ മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൂഫാന്‍ വാരിയര്‍ ബാഡ്ജ് എസ് എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എസ് ലൈജുവിനെ മന്ത്രി അണിയിച്ചു. 

വിഷ്ണു മോഹന്‍ എം എല്‍ എ അധ്യക്ഷനായി. മേയര്‍ എ കെ ഹഫീസ്, ഡെപ്യൂട്ടി മേയര്‍ ഡോ ഉദയാ സുകുമാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി ഷൈനി, നര്‍ക്കോട്ടിക്സ് സെല്‍ എ സി പി റോബര്‍ട്ട് ജോണി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി എല്‍ ഷിബു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അര്‍ച്ചന പി ജെ, ആര്‍ ഡി സി ചെയര്‍മാന്‍ അനൂപ് ശങ്കര്‍, ലഹരി ബോധവല്‍ക്കരണ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ പി എസ് പ്രീത, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 2154/2026)

*വായനദിന- മാസാചരണം ക്വിസ് മത്സരം സംഘടിപ്പിക്കും*

വായനമാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 11 ന് രാവിലെ 10 ന് സര്‍ക്കാര്‍ ഠൗണ്‍ യു പി എസില്‍ ‘വായിച്ചു വളരുക' പൊതുവിജ്ഞാന ജില്ലാതല ക്വിസ് മത്സരം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയവിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി രാവിലെ 9.30 ന് ഠൗണ്‍ യു പി എസില്‍ എത്തണം. മത്സരത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജൂലൈ 18-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സരത്തില്‍പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 9496106575.  

(പി.ആര്‍.കെ നമ്പര്‍ 2155/2026)

*കോഴ്‌സ് പ്രവേശനം*

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജി എസ്.ടി യൂസിംഗ് ടാലി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: ബിരുദം. ഫോണ്‍: 9496232583, 9495999672.

(പി.ആര്‍.കെ നമ്പര്‍ 2156/2026)

*എന്‍.ആര്‍.ഐ സീറ്റ് ഒഴിവ്*

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എന്‍.ആര്‍.ഐ സീറ്റ് ഒഴിവുണ്ട്. എന്‍.ആര്‍.ഐ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒമ്പതിന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0476 265935, 9846934601, 9446081624, 8547005036. 

(പി.ആര്‍.കെ നമ്പര്‍ 2157/2026)

 

  *തൊഴില്‍ മേള ജൂലൈ 10-ന്*  

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 10ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18-35 വയസ്. ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍കാര്‍ഡ്‌സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവ നല്‍കും, പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 8304852968, 8281359930.

(പി.ആര്‍.കെ നമ്പര്‍ 2158/2026)

 *തെറപ്പിസ്റ്റ് നിയമനം*

  മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ സ്‌പോട്ട് @ മുഖത്തല പദ്ധതിയിലേക്ക് തെറപ്പിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: സ്പീച്ച് തെറപിസ്റ്റ്, ബിഹേവിയര്‍ തെറപ്പിസ്റ്റ് ആന്‍ഡ് ഒക്ക്യൂപേഷണല്‍ തെറപ്പിസ്റ്റ്- സ്പീച്ച് തെറാപ്പിസ്റ്റ്-ബിഎഎസ്എല്‍പി/തതുല്യം. ബിഹേവിയര്‍ തെറപ്പിസ്റ്റ് ആന്‍ഡ് ഒക്ക്യൂപേഷണല്‍ തെറപ്പിസ്റ്റ്- ഒക്ക്യൂപേഷണല്‍ തെറപ്പിയില്‍ ബിരുദം/തതുല്യം. ശിശുവികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുഖത്തല വിലാസത്തില്‍ ജൂലൈ 20നകം അപേക്ഷ ലഭിക്കണം. ഫോണ്‍-8281999106.

(പി.ആര്‍.കെ നമ്പര്‍ 2159/2026)

*ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍*  

   അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 13ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ജൂലൈ 10വരെ അപേക്ഷസമര്‍പ്പിച്ചും സ്‌പോട്ട്അഡ്മിഷനില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.polyadmission.org/let രജിസ്‌ട്രേഷന്‍ സമയം: രാവിലെ 9.30മുതല്‍ 10.30വരെ. ഫോണ്‍: 9446661515, 9656597062.

(പി.ആര്‍.കെ നമ്പര്‍ 2160/2026)

 *കല്ലുംതാഴം റെയില്‍വേ മേല്‍പ്പാലം: ഭൂമി ഏറ്റെടുക്കല്‍ നടപടി*

കല്ലുംതാഴം റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. വിജ്ഞാപനം തയ്യാറാക്കുന്നതിന് എല്‍.എ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാരെ ജില്ലാകലക്ടര്‍ ചുമതലപ്പെടുത്തി. കിളികൊല്ലൂര്‍ വില്ലേജിലെ ബ്ലോക്ക് 15ല്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികപ്രത്യാഘാത വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു. ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവസത്തിനുമുള്ള നിയമാനസൃത നടപടികള്‍ കൈകൊള്ളുമെന്നും അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 2161/2026)

*ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി*

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ .ടി .ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം വിവരങ്ങള്‍ക്ക്: https://itiadmissions.kerala.gov.in ഫോണ്‍: 04792457496.

(പി.ആര്‍.കെ നമ്പര്‍ 2162/2026)

*ഗതാഗതനിയന്ത്രണം*

ഡ്രൈവര്‍മുക്ക് എ.വി.എച്ച്.എസ് അരമത്ത്മഠം-മണപ്പള്ളി, ഡ്രൈവര്‍മുക്ക്-കല്ലുകടവ് റോഡുകളില്‍ അറ്റകുറ്റപണിക്കായി ജൂലൈ എട്ട് മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. 

(പി.ആര്‍.കെ നമ്പര്‍ 2163/2026)

 

*മോണ്ടിസോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്*  

കൊച്ചി ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ള വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

(പി.ആര്‍.കെ നമ്പര്‍ 2164/2026)

*അഭിമുഖം*

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസവേതനഅടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 14 രാവിലെ 11ന് നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദം. യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുളള അക്കാഡമിക് പ്രവൃത്തിപരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് നിര്‍ബന്ധം.  

(പി.ആര്‍.കെ നമ്പര്‍ 2165/2026)

*കേരള ചിക്കന്‍ ഫാമുകള്‍ കുടുംബശ്രീ വനിതകള്‍ക്ക് അപേക്ഷിക്കാം*

 കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കുടുംബശ്രീ കേരള ചിക്കന്‍' പദ്ധതി ജില്ലയില്‍ പുതിയ ബ്രോയ്‌ലര്‍ കോഴി ഫാമുകള്‍ തുടങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങള്‍/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. വ്യക്തിഗത സംരംഭമായോ, 4 പേര്‍ അടങ്ങുന്ന ഗ്രൂപ്പ് സംരംഭമായോ ഫാമുകള്‍ ആരംഭിക്കാം. ഫാം നടത്തിപ്പ് ഗുണഭോക്താക്കള്‍ നേരിട്ട് തന്നെ ചെയ്യണം സ്വന്തമായി ഫാമില്ലാത്തവര്‍ക്ക് വാടകയ്ക്ക് എടുത്തും പദ്ധതിയുടെ ഭാഗമാകാം. ഒരു കോഴിയ്ക്ക് 1.2 ചതുരശ്ര അടി സ്ഥലം അടിസ്ഥാനത്തില്‍ 1000 മുതല്‍ പരമാവധി 10,000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഫാമുകളെയാണ് തിരഞ്ഞെടുക്കുന്നത്. ഷെഡ്ഡുകള്‍ ഒരു കോമ്പൗണ്ടിനുള്ളില്‍ തന്നെ ആയിരിക്കണം. ഫാമിലേക്ക് തീറ്റയും കോഴികളെയുമായി വരുന്ന വലിയ വാഹനങ്ങള്‍ക്ക് സുഗമമായി വന്നുപോകാന്‍ കുറഞ്ഞത് 9 അടി വീതിയുള്ള മെറ്റല്‍/കോണ്‍ക്രീറ്റ്/ടാര്‍ ചെയ്ത വഴി വേണം. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കമ്പനി നേരിട്ട് ഫാമുകളില്‍ എത്തിച്ചു നല്‍കും. വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് വിപണനം നടത്തും. www.keralachicken.org.in ല്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, അയല്‍ക്കൂട്ടം/എ.ഡി.എസ് ശുപാര്‍ശകളോട് കൂടി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് സഹിതം അതത് സി.ഡി.എസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് സി.ഡി.എസ് ഓഫീസുമായോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. 

(പി.ആര്‍.കെ നമ്പര്‍ 2166/2026)

*ക്വട്ടേഷന്‍*  

 സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ലാപ്രോസ്‌ക്കോപ്പിക്ക് സര്‍ജറിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 13 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.

(പി.ആര്‍.കെ നമ്പര്‍ 2167/2026)

*ചുരുക്ക പട്ടിക*

 വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (തമിഴ്) (കാറ്റഗറി നം. 290/2025) തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധപ്പെടുത്തി.

 (പി.ആര്‍.കെ നമ്പര്‍ 2168/2026)