പ്രമുഖ യൂറോളജിസ്റ്റ് ഡോ ജി വേണുഗോപാൽ അന്തരിച്ചു
Keralanewsmedia
പ്രമുഖ യൂറോളജിസ്റ്റ് ഡോ ജി വേണുഗോപാൽ അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യമായി മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ച വൃക്ക മാറ്റി വച്ച പ്രമുഖ യൂറോളജിസ്റ്റ് കൊച്ചുള്ളൂർ ഉത്രാടത്തിൽ ഡോ ജി വേണുഗോപാൽ (67) അന്തരിച്ചു. ചങ്ങനാശേരി മോർകുളങ്ങര സ്വദേശിയാണ്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പട്ടം മുറിഞ്ഞ പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ രാവിലെ ഏഴരയോടെ മരിച്ചു. സംസ്കാരം നടത്തി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2012 സെപ്തംബറിൽ മരണാനന്തര അവയവദാനത്തിലൂടെ ചിറയിൻകീഴ് സ്വദേശിയായ 12 വയസുള്ള ഒരു കുട്ടിയ്ക്കാണ് കൊല്ലം സ്വദേശിയായ 62 കാരിയുടെ വൃക്ക മാറ്റി വച്ചത്. തുടർന്ന് അദ്ദേഹം നൂറിലധികം ശസ്ത്രക്രിയകൾ നടത്തി. കേരളത്തിൽ ആദ്യമായി വൃക്ക രോഗങ്ങൾക്ക് കീഹോൾ സർജറി നടത്തിയതും ഡോ വേണുഗോപാലാണ്. യൂറോളജി വിഭാഗം മേധാവിയായിരിക്കെ 2020 - ൽ സർവീസിൽ നിന്നു വിരമിച്ചു.
വൈദ്യശാസ്ത്ര മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയ ഡോ വേണുഗോപാൽ സാധാരണക്കാരും നിർധനരുമായ നിരവധി രോഗികൾക്ക് ആശ്വാസമായിരുന്നു. സങ്കീർണമായ ഒട്ടനവധി ശസ്ത്രകിയകളിലുടെ അദ്ദേഹം നിരവധി രോഗികളുടെ ജീവൻ രക്ഷിച്ചു.
ഭാര്യ: ഡോ ബി അരുണ (റിട്ട. ഗൈനക്കോളജിസ്റ്റ്, ആരോഗ്യ വകുപ്പ് ). മകൻ: അരവിന്ദ് വരുൺ (ഐ ക്യു വി ഐ എ ബംഗളുരു)
ചിത്രം: ഡോ ജി വേണുഗോപാൽ













