ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി:ശിവഗിരിയിൽ പ്രഭാഷണ പരമ്പര

റിപ്പോട്ട് :സജീവ് ഗോപാലൻ

ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി:ശിവഗിരിയിൽ പ്രഭാഷണ പരമ്പര

ശിവഗിരി : ഞാന്‍ മതം മാത്രമേ മാറിയിട്ടുള്ളൂ. ഗുരുവിനെ മാറിയിട്ടില്ല എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുദേവന്‍റെ ശിഷ്യപ്രമുഖനായിരുന്നു ജോണ്‍ ധര്‍മ്മതീര്‍ത്ഥ സ്വാമി എന്ന് പത്രപ്രവര്‍ത്തകനും ശ്രീനാരായണ സാംസ്കാരിക സമിതിയുടെ സ്ഥാപക പ്രസിഡന്‍റുമായ നെടുംകുന്നം ഗോപാലകൃഷ്ണന്‍ അഭിപ്രായ പ്പെട്ടു. അന്ത്യനാളുകളില്‍ തിരുവനന്തപുരത്ത് ഗൗരീശപട്ടത്തുള്ള 'ഗൗരീശ' എന്ന വീട്ടിലായിരിന്നു സ്വാമിയുടെ താമസം. നന്തന്‍കോട് സ്വദേശിയായ സാമുവല്‍ ആയിരുന്നു അവസാന നാളില്‍ പരിചരിച്ചത്. മരണവിവരം അറിഞ്ഞ് സമീപവാസികള്‍ ഉള്‍പ്പെടെ പലരും ഗൗരീശയില്‍ എത്തിയപ്പോള്‍ കാണാനായത് ഭിത്തിയില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ചിത്രം മാത്രം. ഇത്രയേറെ സ്വന്തം ഹൃദയത്തില്‍ ഗുരുദേവനെ പ്രതിഷ്ഠിച്ച മറ്റധികം ശിഷ്യന്മാര്‍ ഗുരുദേവനു ഉണ്ടായിട്ടില്ല എന്നും നെടുംകുന്നം ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശിവഗിരി മഠത്തില്‍ ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന പ്രഭാഷണ പരമ്പരയില്‍ ജോണ്‍ ധര്‍മതീര്‍ത്ഥര്‍ സ്വാമിയെ സ്മരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് യഥാക്രമം ശിവലിംഗദാസ് സ്വാമി, സ്വാമി സൂര്യനാരായണ ദീക്ഷിതര്‍, മാമ്പലം വിദ്യാനന്ദ സ്വാമി, മലയാള സ്വാമി, ജസ്റ്റിസ് സദാശിവ അയ്യര്‍, നടരാജ ഗുരു , കെ.ആര്‍. നാരായണന്‍, പറവൂര്‍ കേശവന്‍ ആശാന്‍, ആഗമാനന്ദ സ്വാമി, കുമാരനാശാന്‍, പത്രാധിപന്‍ കെ. സുകുമാരന്‍, കുമാരസ്വാമി സന്യാസി, ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ സ്വാമി, കോട്ടുകോയിക്കല്‍ വേലായുധന്‍, ശങ്കരാനന്ദ സ്വാമി എന്നിവരെ സ്മരിച്ച് യഥാക്രമം അസംഗാനന്ദഗിരി സ്വാമി, ശിവനാരായണതീര്‍ത്ഥ സ്വാമി, വിശാലാനന്ദ സ്വാമി, സ്മിതാ ലേഖ, ബാബുരാജ് എറണാകുളം, കുറിച്ചി സദന്‍ , അമ്പിളി ഹാരീഷ് , മോഹനന്‍ പഞ്ഞിവിള, ജയരാജ് ഭാരതി, ആലപ്പി രമണന്‍, മണിയമ്മ ഗോപിനാഥന്‍, എ.കെ ജയരാജന്‍, അംബിക അശോക്, ബാബുരാജ് വട്ടോടില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അശോകന്‍ ശാന്തി, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, മേഘ രവീന്ദ്രന്‍, രതീഷ് കുമാര്‍, പുത്തൂര്‍ ശോഭനന്‍, കെ.ടി. സുകുമാരന്‍, ചന്ദ്രന്‍ പുളിങ്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയാണ് ആചാര്യസ്ഥാനം അലങ്കരിച്ചത്.