ശിവഗിരി
കേരളം
ശിവഗിരി : സമൂഹത്തിന് നവോത്ഥാന ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ കഥാപ്രസംഗ കലയ്ക്ക് നിര്‍ണായകമായ സ്വാധീനം ചെലുത്തുവാനായി എന്ന് ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അഭിപ്രായപ്പെട്ടു. ശിവഗിരി മഠത്തില്‍ കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. കഥാപ്രസംഗ കലയുടെ തുടക്കത്തിന് ശ്രീനാരായണ ഗുരുദേവന്‍റെ അനുഗ്രഹം ആവോളം ലഭ്യമായിരുന്നു. ഗുരുദേവദര്‍ശനം കഥാപ്രസംഗത്തിലൂടെ നാട്ടിലാകെ എത്തിക്കുന്നതില്‍ ആദ്യകാല കാഥികരോക്കെയും ഏറെ ശ്രദ്ധിക്കുമായിരുന്നു. ഗുരുദേവനെയോ ഗുരുദേവദര്‍ശനത്തെയോ ഉള്‍ക്കൊണ്ടു കൊണ്ടുള്ള കഥാപ്രസംഗങ്ങള്‍ ആയിരുന്നു ഒരുകാലത്ത് എല്ലാ കാഥികരില്‍നിന്നും നാട് ശ്രവിച്ചിരുന്നതെന്നും അസംഗാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു. ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി സജീനാഥ് പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്‍ അനുസ്മരണം നടത്തി. ഷോണി ജി ചെറുവിള , എഴുകോണ്‍ സന്തോഷ്, രാജീവ് നരിക്കല്‍, അജയകുമാര്‍ എസ് കരുനാഗപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്ലാക്കാട് ശ്രീകുമാറിന്‍റെ കഥാപ്രസംഗവും ഉണ്ടായിരുന്നു.













