*കേന്ദ്ര ജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു*
Keralanewsmedia
*കേന്ദ്ര ജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു*
*ന്യൂഡൽഹി:* കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിൽ (ഡിഎ) മൂന്ന് ശതമാനം വർധന. മുൻകാല പ്രാബല്യത്തോടെ ജൂലായ് ഒന്നുമുതൽ നിലവിൽ വരും. ഈ വർഷത്തെ രണ്ടാമത്തെ വർധനയാണ്. മാർച്ചിൽ രണ്ട് ശതമാനം വർധന പ്രഖ്യാപിച്ചിരുന്നു. അന്ന് ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൂന്ന് ശതമാനം വർധന നൽകി. നാല് മാസത്തെ ഇടവേളയിലായിരുന്നു ഇത്. ഏഴാം ശമ്പള കമ്മീഷന്റെ അവസാന ഘട്ടമാണ് ഇത്.
തൊഴിലാളികൾക്കായുള്ള ഉപഭോക്തൃ വില സൂചിക (സിപിഐ) യിലെ മാറ്റങ്ങൾക്കനുസരിച്ചാണ് സാധാരണ വർധന നൽകുന്നത്. ജീവിതച്ചെലവ് സൂചികകൾക്ക് അനുസൃതമായി ശമ്പളത്തിന്റെയും പെൻഷന്റെയും ഒരു ഭാഗം ക്രമീകരിച്ചുകൊണ്ട്, പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ആഘാതം കുറയ്ക്കുന്നതിനാണ് ഡിഎ ഉദ്ദേശിക്കുന്നത്.
ശമ്പളത്തിലും അലവൻസുകളിലുമുള്ള തുടർ പരിഷ്കരണങ്ങക്ക് പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മിഷൻ നിർദ്ദേശമുണ്ട്. ഏകദേശം 13 മുതൽ 34 ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നു. ഇത് 2026 ജനുവരി ഒന്നു മുതൽ നടപ്പിലാക്കുന്നതോടെ നിലവിലെ 55 ശതമാനം ഡിഎ പൂജ്യമാക്കി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനുള്ള നീക്കവും ഉള്ളതായാണ് വാർത്ത. ഏഴാം ശമ്പള കമ്മീഷൻ ഏകദേശം 200 അലവൻസുകൾ പുനഃപരിശോധിക്കുകയും 52 എണ്ണം നിർത്തലാക്കുകയും മറ്റുള്ളവ ലയിപ്പിക്കുകയും ചെയ്തു.













