വയനാടിനുള്ള കേന്ദ്രത്തിൻ്റെ ധനസഹായം അപര്യാപ്തം, കിട്ടേണ്ടത് അർഹമായ തുക: മന്ത്രി കെ എൻ ബാലഗോപാല്‍
സജീവ് ഗോപാലൻ
വയനാടിനുള്ള കേന്ദ്രത്തിൻ്റെ ധനസഹായം അപര്യാപ്തം, കിട്ടേണ്ടത് അർഹമായ തുക: മന്ത്രി കെ എൻ ബാലഗോപാല്‍
വയനാടിനുള്ള കേന്ദ്രത്തിൻ്റെ ധനസഹായം പര്യാപ്തമല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കൂടുതൽ പണമാണ് ലഭിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ കൊടുക്കുന്നതിനൊന്നും എതിർപ്പില്ല. താമസിച്ചാണ് പണം നല്‍കുന്നത്. അർഹമായ തുക കിട്ടാതിരിക്കുന്നത് വലിയ പ്രശ്നം തന്നെയാണ്. കേരളത്തിൽ നിന്നുള്ള എം പിമാർ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം കൊടുക്കാൻ പറ്റിയില്ലെങ്കിലും കിട്ടേണ്ടത് കൊടുക്കുക തന്നെ ചെയ്യണമെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
ജിഎസ്‌ടി തട്ടിക്കുന്ന ആയിരത്തിലധികം സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തില്‍ മന്ത്രി പ്രതികരണം നടത്തി. ശക്തമായ നടപടികൾ സ്വീകരിച്ച സംസ്ഥാനം കേരളമാണെന്ന് അദ്ദേഹം പറഞ്ഞു. കേസുകളെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പ് രാജ്യത്താകെ നടക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നന്നായി ഇടപെടുന്നുണ്ട്. ഇനി മുന്നോട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.അതേസമയം, ലോട്ടറി സമ്മാനത്തുക കുറച്ചതില്‍ മന്ത്രി പ്രതികരിച്ചു. പൂജാ ലോട്ടറിയുടെ സമ്മാനത്തുകയിൽ വലിയ വ്യത്യാസം വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട തുകയും വലിയ രീതിയിൽ കുറച്ചിട്ടുണ്ട്. 28 ശതമാനത്തിൽ നിന്ന് 40 ആയി ഉയരുമ്പോൾ വലിയ വ്യത്യാസമാണ് ഉണ്ടാകുന്നത്. ടിക്കറ്റിൻ്റെ വില വർദ്ധിപ്പിക്കാതെയാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ധൈര്യമായി ബമ്പർ എടുത്തോളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭിന്നശേഷി സംവരണ വിഷയം
ഭിന്നശേഷി സംവരണ വിഷയത്തിൽ കൃത്യമായ നിലപാട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതാണെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍. ഭിന്നശേഷിക്കാരോടും മാനേജ്മെൻ്റിനോടും തുല്യമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിൽ എയ്ഡഡ് മാനേജ്മെൻ്റ് വലിയ പങ്കുവഹിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിൻ്റെ ജനപ്രതിനിധികൾ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.അത് മാനേജ്മെൻ്റുകൾ ഉൾപ്പെടെ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മാനേജ്മെൻ്റും സർക്കാരും തമ്മിൽ നല്ല ബന്ധത്തിലാണുള്ളത്. തമ്മിൽ ഒരു പോരിലേക്ക് പോകില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.













