മുഖ്യമന്ത്രിയുടെ ഗൂഢാലോചന സിദ്ധാന്തം ശബരിമലയിലെ കള്ളന്മാരെ സംരക്ഷിക്കാൻ* :ഷിബു ബേബിജോൺ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പ്രസിദ്ധീകരണത്തിന്,
10 . 10. 2025
*മുഖ്യമന്ത്രിയുടെ ഗൂഢാലോചന സിദ്ധാന്തം ശബരിമലയിലെ കള്ളന്മാരെ സംരക്ഷിക്കാൻ* :ഷിബു ബേബിജോൺ
-
റിപ്പോട്ട് : സുമേഷ് കൃഷ്ണൻ തിരുവനന്തപുരം:
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയം ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുന്നത് സ്വർണ്ണം മോഷ്ടിച്ച കള്ളന്മാരെ സംരക്ഷിക്കാനാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് ഈ മോഷണത്തിന് പിന്നിൽ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2025-ൽ നടന്ന അയ്യപ്പ സംഗമത്തെ തകർക്കാൻ ആരൊക്കെയോ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സ്വർണ്ണപ്പാളി വിവാദം എന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. 2019 ലെ വിവാദ സ്വർണ്ണം പൂശലിൽ സ്വമേധയാ കേസെടുത്തത് ഹൈക്കോടതിയാണെന്ന് പിണറായി വിജയന് അറിയാത്തതല്ല. ദ്വാരപാലക ശിൽപ്പങ്ങൾ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ ക്ഷേത്രത്തിന് പുറത്തേക്ക് കൊടുത്തുവിട്ടത് എന്തിനെന്ന് ചോദിച്ചതും, സ്വർണ്ണത്തിൻ്റെ അളവ് കുറഞ്ഞത് എങ്ങനെയെന്ന് ചോദിച്ചതും, ശബരിമലയിൽ നടക്കുന്നത് മോഷണമായി കണക്കാക്കേണ്ട സാഹചര്യമാണെന്ന് പറഞ്ഞതും ഹൈക്കോടതിയായിരുന്നു. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചതും ഇതേ ഹൈക്കോടതിയാണ്. വസ്തുതകൾ ഇതായിരിക്കയാണ് അജ്ഞാതമായ ഒരു ഗൂഢാലോചന സംഘത്തെ സൃഷ്ടിച്ച് മുഖ്യമന്ത്രി ശബരിമലയിലെ കൊള്ളക്കാരെ പ്രതിരോധിക്കാൻ ഇറങ്ങിയിരിക്കുന്നത്.
1999-ൽ പിടിപ്പിച്ച സ്വർണ്ണപാളി രേഖകളിൽ ചെമ്പ് പാളിയാക്കി കൊടുത്തയച്ചത് 2019-ൽ പിണറായി വിജയന്റെ കീഴിലുള്ള ദേവസ്വം അധികൃതരാണ്.
2025-ൽ പിണറായി വിജയൻ അയ്യപ്പസംഗമം നടത്തുമെന്ന് മനസ്സിലാക്കി അതിനെതിരെ 2019-ൽ തന്നെ ഗൂഢാലോചന നടത്തിയെന്നാണോ മുഖ്യമന്ത്രി പറയുന്നത്? ഇത്രയും ദീർഘവീക്ഷണമുള്ള ആ ഗൂഢാലോചനക്കാരെ ഒന്ന് പരിചയപ്പെടാനുള്ള അവസരം ഒരുക്കിത്തരണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്.
ദേവസ്വം അധികൃതർക്കും ഉദ്യോഗസ്ഥർക്കും സിപിഎം നേതാക്കന്മാർക്കും കൃത്യമായി പങ്കുള്ള ഒരു കൊള്ളയെ ഗൂഢാലോചന സിദ്ധാന്തം വെച്ച് ന്യായീകരിക്കുന്നത് തികച്ചും അപഹാസ്യമാണ്.
എന്തായാലും ഈ പത്രസമ്മേളനത്തോടെ ശബരിമലയിൽ സ്വർണ്ണപ്പാളി മോഷ്ടിച്ച കള്ളന്മാർക്ക് ഒപ്പമാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് നിയമസഭ നടക്കുമ്പോൾ തന്നെ ധൃതിപ്പെട്ട് ഡൽഹിയിലെത്തി അമിത്ഷായുടെ വസതിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിബിഐ സ്വർണ്ണപ്പാളി കേസ് ഏറ്റെടുക്കരുത് എന്ന് ആവശ്യപ്പെടാൻ ആയിരുന്നോ എന്നുകൂടി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കണമായിരുന്നു എന്നും ഷിബു ബേബിജോൺ പറഞ്ഞു.













