*ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം; ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ്*
Keralanewsmedia
*ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം; ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ്*
*തിരുവനന്തപുരം:* സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ 14 മരണം. ഉയരുന്ന മരണനിരക്കും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ വർഷം ഇതുവരെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തെക്കൻ ജില്ലകളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വടക്കൻ ജില്ലകളിൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊല്ലം പട്ടാഴി സ്വദേശിയായ 48കാരി ഇന്നലെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സെപ്തംബർ 23ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. 11 ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമായിരുന്നു ഇത്.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ പത്ത് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ 57 കാരനായ നിർമാണത്തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.













