സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (18/10/2025) മുതൽ 22/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
Keralanewsmedia
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (18/10/2025) മുതൽ 22/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.
മഴയോടൊപ്പം ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. കഴിവതും ഇടിമിന്നലുള്ള സമയങ്ങളിൽ കെട്ടിടങ്ങൾക്കുള്ളിൽ തുടരാൻ ശ്രമിക്കുക. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
കൂടാതെ, മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണകെട്ട് തുറന്നതിനാൽ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
CM facebook ........
18-10-2025
07:00 PM













