*ബിനോയിയോ അമിത് ഷായോ എന്ന ചോദ്യം ഉണ്ടായാൽ പിണറായി തിരഞ്ഞെടുക്കുക അമിത് ഷായെ*: ഷിബു ബേബിജോൺ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ബിനോയിയോ അമിത് ഷായോ എന്ന ചോദ്യം ഉണ്ടായാൽ പിണറായി തിരഞ്ഞെടുക്കുക അമിത് ഷായെ*: ഷിബു ബേബിജോൺ
ഭരണപക്ഷത്ത് നിന്നുള്ള ശക്തമായ എതിർപ്പുകളെ പോലും അവഗണിച്ചുകൊണ്ട് പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചത് പ്രതിഷേധാർഹമാണ്. ഇടതുമുന്നണിയിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ ഉയർത്തിയ എതിർപ്പുകളെ പോലും മറികടന്നുകൊണ്ട് ഏകപക്ഷീയമായ തീരുമാനമാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
ബിനോയ് വിശ്വം പറയുന്നത് കേൾക്കണമോ അമിത് ഷാ പറയുന്നത് കേൾക്കണമോ എന്നൊരു സാഹചര്യം ഉണ്ടായാൽ അമിത് ഷാ പറയുന്നത് മാത്രം കേൾക്കുന്നയാളാണ് പിണറായി വിജയൻ എന്ന് ഇതിലൂടെ കേരള ജനതയ്ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് സിപിഐ കടന്നുപോകുന്നത്. ആർജ്ജവത്തോടെ തീരുമാനങ്ങൾ എടുക്കേണ്ട ഈ സാഹചര്യത്തിൽ മുട്ടിലിഴയുകയാണ് സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിനോയ് വിശ്വത്തിന്റെ നിലപാടില്ലായ്മ സിപിഐയുടെ ചരമഗീതം രചിക്കുകയാണ്. സിപിഐയോട് കൂടി ചർച്ച നടത്തി മാത്രമേ ഈ വിഷയത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്ന് സിപിഎം ജന. സെക്രട്ടറി എംഎ ബേബി പ്രസ്താവന നടത്തി 24 മണിക്കൂർ കഴിയുന്നതിനുമുമ്പ് പിഎം ശ്രീയിൽ ഒപ്പുവച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിന് 'എന്ത് സിപിഐ' എന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയത്. ഇതിൽ നിന്നൊക്കെ സിപിഐക്ക് എന്തു പ്രാധാന്യമാണ് സിപിഎം നൽകുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയെപ്പറ്റി മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് ഇന്ന് സിപിഎം. ഈ പദ്ധതി ബിജെപിയുടെ വർഗീയ അജണ്ടയാണെന്ന് ശക്തമായി പറഞ്ഞ പാർട്ടിയാണ് സിപിഎം. ഇന്ന് ആ അജണ്ടയ്ക്ക് മുന്നിൽ പിണറായി വിജയൻ സർക്കാർ കീഴടങ്ങിയിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസിന്റെ വർഗീയ അജണ്ടകൾ കുത്തിനിറച്ചതാണെന്ന് സിപിഎം തന്നെ ഏറെക്കാലമായി ആരോപിക്കുന്നതാണ്.
രണ്ടര ലക്ഷം കോടി വാർഷിക ബജറ്റ് ഉള്ള ഒരു സംസ്ഥാനത്തിന് പിഎം ശ്രീയുടെ 200 കോടി വേണ്ടെന്നു വയ്ക്കാൻ എന്താണ് ബുദ്ധിമുട്ട്? തമിഴ്നാടിനെപ്പോലെ കേരളവും കോടതിയിൽ പോയിരുന്നെങ്കിൽ കുടിശ്ശിക പണവും വാങ്ങിച്ചെടുക്കാൻ കഴിയുമായിരുന്നു. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾക്ക് വീതമാണ് പിഎം ശ്രീ പദ്ധതിയിൽ നിന്നും ഫണ്ട് ലഭിക്കുക. ഒരു സ്കൂളിന് ലഭിക്കുന്ന ഒരു കോടി രൂപയിൽ 60 ലക്ഷം കേന്ദ്രസർക്കാരും 40 ലക്ഷം സംസ്ഥാന സർക്കാരുമാണ് ചെലവാക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ ഫണ്ട് കൂടി വിനിയോഗിച്ചുള്ള ഈ പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്നാണ് നിബന്ധന. മോദിയുടെ ചിത്രം മനസ്സിൽ വരച്ചിട്ടവർക്ക് ഇനിയത് പുറത്തു പ്രദർശിപ്പിക്കുന്നതിലും ഒരു ജാള്യതയും ഇല്ല എന്നാണ് മനസ്സിലാക്കാനാകുന്നത്. 2023 മുതൽ 2027 വരെ മാത്രമുള്ള ഈ പദ്ധതിയിൽ ഇനി രണ്ടുവർഷം കൂടി മാത്രം അവശേഷിച്ചിരിക്കെയാണ് കേരളം ഒപ്പു വച്ചിരിക്കുന്നത്. അതുകൊണ്ട് എന്തു ഗുണം ആണ് കേരളത്തിന് ലഭിക്കുന്നത്? എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളോട് ചർച്ച നടത്തി പിഎം ശ്രീ നടപ്പിലാക്കില്ല എന്ന് ഉറപ്പു കൊടുത്ത സർക്കാർ വിദ്യാർത്ഥി സംഘടനകളെ അറിയിക്കുക പോലും ചെയ്യാതെ ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റി മറുകണ്ടം ചാടിയത് ദുരൂഹമാണ്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി അമിത് ഷായുമായി ഔദ്യോഗിക വസതിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ച എന്തിനുവേണ്ടിയായിരുന്നുവെന്ന് ഇതുവരെ മുഖ്യമന്ത്രി പുറത്തു പറഞ്ഞിട്ടില്ല. അതിനു തൊട്ടുപിന്നാലെ, ഇത്രയും കാലം എതിർത്തിരുന്ന പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാൻ തീരുമാനമെടുത്തത് ആ കൂടിക്കാഴ്ചയിലെ ധാരണയുടെ പുറത്താണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെ വരാതിരിക്കേണ്ടത് ബിജെപിയുടെയും ഏതു ചെകുത്താന്റെ കാലുപിടിച്ചും അധികാരത്തിൽ തുടരേണ്ടത് സിപിഎമ്മിന്റെയും ആവശ്യങ്ങളാണ്. അതിനായി അവർ കൈകോർത്തിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. ആ ധാരണയുടെ ഭാഗമാണ് പിഎം ശ്രീ പദ്ധതിയും.













