*വിപണനസാധ്യത വർദ്ധിപ്പിക്കാൻ മാർക്കറ്റുകളുടെ ആധുനികവത്കരണം: മന്ത്രി കെ എൻ ബാലഗോപാൽ* 

Keralanewsmedia

*വിപണനസാധ്യത വർദ്ധിപ്പിക്കാൻ മാർക്കറ്റുകളുടെ ആധുനികവത്കരണം: മന്ത്രി കെ എൻ ബാലഗോപാൽ* 

*വിപണനസാധ്യത വർദ്ധിപ്പിക്കാൻ മാർക്കറ്റുകളുടെ ആധുനികവത്കരണം: മന്ത്രി കെ എൻ ബാലഗോപാൽ* 

മാർക്കറ്റുകൾ ആധുനികവത്കരിക്കുന്നതിലൂടെ വിപണനസാധ്യതയും വരുമാനവും വർദ്ധിപ്പിക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കലയപുരം മീൻമാർക്കറ്റിന്റെ നിർമ്മാണ ഉദ്ഘാടനവും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ഒന്നര കോടി രൂപയാണ് ചെലവാക്കുക. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമാണചുമതല. വെറ്റില, മത്സ്യം, കാർഷികഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രധാന കേന്ദ്രമായ കലയപുരത്തിന്റെ പഴയകാല പ്രൗഢി തിരിച്ച് പിടിക്കാനാണ് സാഹചര്യമൊരുക്കുന്നത്. വിപുലമായ പാർക്കിംഗ് സൗകര്യം ഉൾപ്പെടെയാണ് മാർക്കറ്റ്. മൈലത്തും സമാന്തരമായ വികസനം കൊണ്ടുവരും. വള്ളക്കടവ് റോഡ് നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കലയപുരത്ത് ഒരു കാത്തിരിപ്പ്കേന്ദ്രം കൂടി നിർമിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. വെളിയത്ത് പഴയ വില്ലേജ് ഓഫീസുള്ള പ്രദേശം സൗന്ദര്യവൽക്കരിച്ച് പൊതുഇടമാക്കി മാറ്റുന്ന പദ്ധതി ആലോചനയിലും. ഇത് ടൂറിസം വികസനത്തിനും വഴിയൊരുക്കും. കേരളത്തിലെ ആദ്യ വർക്ക് നിയര്‍ ഹോം പദ്ധതിക്ക് കൊട്ടാരക്കരയിൽ അടുത്ത ആഴ്ച തുടക്കമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് കുമാർ, കുളക്കട വൈസ് പ്രസിഡന്റ് പി.ബി ബീന, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അജി, കുളക്കട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കോട്ടയ്ക്കൽ രാജപ്പൻ, ടി മഞ്ജു, ജയകുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി രജി, കവിത ഗോപകുമാർ, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.