**ജനകീയ പ്രഖ്യാപനങ്ങൾ; കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ്*
Keralanewsmedia
**ജനകീയ പ്രഖ്യാപനങ്ങൾ; കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ്*
*തിരുവനന്തപുരം:* 1997ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ കേവല ദാരിദ്ര്യനിർമാർജനത്തിനായി കേരള സർക്കാർ രൂപം നൽകിയ 'കുടുംബത്തിൻറെ ഐശ്വര്യം' എന്ന് അർത്ഥം വരുന്ന കുടുംബശ്രീ പദ്ധതി ഇന്ന് കേരള സംസ്ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു കമ്മ്യൂണിറ്റി ശൃംഖലയായി വളർന്നിരിക്കുകയാണ്. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്.
അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിൻറെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ. പ്രാദേശിക തലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാർഡിലേയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് എ.ഡി.എസ് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി)കൾക്കുള്ള പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
ഇത് മൂന്നും പുതിയ പദ്ധതികളാണ്. നവകേരളസദസ്സ,് സംസ്ഥാനത്ത് ആകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികൾ, അതിൻറെ ഭാഗമായിയുള്ള ചർച്ചകൾ ഇങ്ങനെ വലിയ ഒരു പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികൾക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കണമെന്നും സർക്കാർ കാണുന്നു.
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലക്കാണ് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. സാമൂഹ്യ സുരക്ഷ പെൻഷനുകൾ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്-അവശ കലാകാര പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1,600 രൂപയാണ്. ഈ തുക മുടക്കം കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസകരമായ ദൗത്യമാണ്, അത് മുടങ്ങാതെ നിറവേറ്റാൻ അതീവശ്രദ്ധയും ജാഗ്രതയുമാണ് സർക്കാർ പുലർത്തിയത്. ഒരു ഗഡുപോലും അനിശ്ചിതമായി കുടിശിക ആകാതിരിക്കാൻ ശ്രദ്ധിച്ചു. ഏത് പ്രതിസന്ധിവന്നാലും പെൻഷൻ തുക നൽകുമെന്ന് ദൃഢനിശ്ചയം എടുത്തു. ഇപ്പോൾ സർക്കാർ നിലവിലെ പ്രതിമാസ പെൻഷൻ 400 രൂപ കൂടി ഉയർത്തി പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.













